രണ്ടു മൊബൈല്‍ ഫോണ്‍ അലാറം, ഒരു ടൈം പീസ്, 20-70 കോളുകള്‍ ഇതൊക്കെ ഒരുമിച്ചു പ്രയത്നിച്ചാലും എന്നെ രാവിലെ ഉണര്‍ത്താന്‍ പറ്റിയെന്നു വരില്ല! അതുകൊണ്ട്, വെളുപ്പിന് എണീക്കുക ഒരു സ്ഥലം വരെ പോവുക ഇതൊക്കെ എനിക്ക് മനോഹരങ്ങളായ നടക്കാത്ത സ്വപ്‌നങ്ങള്‍ ആണ്. (നാട്ടില്‍ ആണെങ്കില്‍ അങ്ങനെ ഒരു പ്രശ്നം ഇല്ല! അച്ഛന്‍ ഡാ!! എന്ന് ഒരൊറ്റ വിളി വിളിച്ചു കഴിയുന്നതിനു മുന്‍പേ ചാടി അവിടെ എത്തിയിരിക്കും!) അപ്പൊ പിന്നെ അതിരാവിലെ എങ്ങോട്ടെങ്ങിലും യാത്ര ഉണ്ടെങ്കില്‍ അന്നേ ദിവസം ഉറങ്ങാതെ സിസ്റ്റതിന്റെ മുന്നില്‍ അങ്ങ് തള്ളി നീക്കും! അതാണ് പതിവു.
ചെറായി മീറ്റ് എന്ന് കേട്ടപ്പോഴേ പോവാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ശനിയാഴ്ച വൈകിട്ടായപ്പോ ഒടുക്കത്തെ ഒരു പനി! കഴിഞ്ഞ ഞായറാഴ്ച തൃശൂര്‍ വരെ പോയിട്ട് വന്നപ്പോ കൂടെ കൊണ്ടുവന്ന ജലദോഷം ആണ് ഇപ്പൊ പണി തന്നത്. വരുന്നിടത്ത് വച്ചു കാണാം! രാത്രി രണ്ടും കല്‍പ്പിച്ചു ഫാന്‍ ഓണ്‍ ആക്കാതെ നെറ്റും നോക്കി അങ്ങിരുന്നു! 3-4 മണി ആയപ്പോ പനി ഒക്കെ കുറഞ്ഞപോലെ ഒരു തോന്നല്‍. പിന്നെ ഒന്നും നോക്കിയില്ല. കുളിച്ചു ബൈക്കും എടുത്തു നേരെ തമ്പാന്നൂര്‍ സ്റ്റേഷനില്‍ എത്തി. ത്രിശൂര്‍ പോയ അതെ വണ്ടിയില്‍ കയറി ഇരുന്നു, രപ്തിസാഗര്‍ സൂപെര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്! സമയം 5:15. തീരെ വയ്യെങ്കില്‍, ചേര്‍ത്തലയില്‍ ഇറങ്ങാം എന്ന് കരുതി! പക്ഷേ, ഏറണാകുളം എത്തിയപ്പോഴാണ് ഉണര്‍ന്നത്!
10.15 നു ആലുവയില്‍ ഇറങ്ങി പറവൂര്‍ വണ്ടിയില്‍ കയറി. അവിടെ എത്തിയപ്പോള്‍ സമയം 10.45 ആയി. വണ്ടിഒന്നും നോക്കി നില്‍ക്കാന്‍ തോന്നിയില്ല! ഒരു ഓട്ടോ പിടിച്ചു നേരെ ചെറായിലേയ്ക്ക് വിട്ടു! ഒരു 20-30 കി മി സ്പീഡില്‍ ആണ് ആന്റോ ചേട്ടന്‍ ഓട്ടോ പറത്തിയത്! ഒരു 28-30 വയസ്സുണ്ടാവും മൂപ്പര്‍ക്ക്. വഴിനീളെ വാഹനാപകടങ്ങളെ പറ്റിയും, വേഗതയെ പറ്റിയും ഒക്കെ എനിക്ക് ക്ലാസ്സ് എടുത്തു ! പിന്നെ ബ്ലോഗിങ്ങ് നെപറ്റി, മലയാളം ബ്ലോഗുകളെപ്പറ്റി ഒക്കെ കുറെ ചോദ്യങ്ങള്‍... ചെറായി ജങ്ക്ഷന്‍ എത്തിയപ്പോ വിഷയം മാറി ചെറായി ആയി! ഒരു 20 വര്‍ഷത്തെ ചെറായിയുടെ ചരിത്രം, ഭുമിശാസ്ത്രം, സുനാമി, റോഡ്, ബാര്‍, കടല്‍ഭിത്തി, ഫണ്ട്, ബീച്ച്, അഴിമതി, മന്ത്രി, അച്ചുമാമ്മന്‍ , ജെ സീ ബീ, റിസോര്‍ട്ട്, പാലം, ചെറായിയുടെ ഭാവി... ഏകദേശം അര - മുക്കാല്‍ മണിക്കൂര്‍ കൊണ്ടു അമരാവതിയില്‍ എത്തി!
ഓട്ടോയില്‍ നിന്നു ഇറങ്ങിയപ്പോഴേ ആലുവയില്‍ ബസില്‍ വച്ചു കണ്ട ഒരു ചേട്ടന്‍ അവിടെ നില്ക്കുന്നു! സത്യം പറയാല്ലോ... ബസ്സ് ഇല്‍ വച്ചു കണ്ടപ്പോഴേ പുള്ളി മീറ്റ് നു വന്നതാണെന്ന് എനിക്ക് തോന്നിയിരുന്നു! ബസ്സ്ഇല്‍ വച്ച കണ്ട പരിചയത്തില്‍ ചേട്ടന്‍ ഒരു നമസ്കാരം പറഞ്ഞു! അപ്പൊ ചെറിയ ഒരു സമാധാനം ആയി. (പിന്നെയാണ് മനസ്സിലായത് അത്കായംകുളം സൂപ്പര്‍ ഫാസ്റ്റ് അരുണ്‍ ചേട്ടന്‍ ആയിരുന്നു എന്ന്...) പിന്നെ നേരെ രജിസ്ട്രേഷന്‍ കൌണ്ടറിലേക്ക് ചെന്നു! അവിടെയിരുന്ന ബിന്ദു ചേച്ചി "ഇവനും ബ്ലോഗ്ഗര്‍ ആണോ ?" എന്ന മട്ടില്‍ ഒരു നോട്ടം! രണ്ടും കല്‍പ്പിച്ചു ചെന്നു രജിസ്റ്റര്‍ ചെയ്തു! അപ്പോഴാണ് ഓരോരുത്തരായി മൈക്കിലൂടെ പരിചയപ്പെടുത്തുന്ന ശബ്ദം! എന്റെ ചങ്ക് കത്താന്‍ തുടങ്ങി!! കുറച്ചു ധൈര്യം സംഭരിക്കാനായി നേരെ മുന്നില്‍ ചെന്നു നിന്നു. മണി ചേട്ടന്‍ വന്നു പരിചയപ്പെട്ടു. കുറച്ചു ആശ്വാസം ആയി. പക്ഷേ മൈക്ക് കണ്ടപ്പോ പിന്നെയും എല്ലാം ചോര്‍ന്നു! എന്തൊക്കെയോ പറയാന്‍ ഓര്‍ത്തു വച്ചു. അങ്ങനെ എന്റെ ഊഴം എത്തി... മൈക്ക് എടുത്തു ക്യാമറയുടെ മുന്നില്‍ വന്നു പരിചയപ്പെടുത്താന്‍ തുടങ്ങി... 2-3 വാചകങ്ങള്‍ പറഞ്ഞു വെറുതെ ഒന്നു എല്ലാരേയും നോക്കി. എന്റമ്മോ!! എല്ലാരും എന്നെ നോക്കി ഇരിക്കുന്നു! പിന്നെ എല്ലാം ഒരു പുകമയം... അവിടെ വച്ചു നിര്‍ത്തി!
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ തുടങ്ങി. പിന്നെ ഒരു രസം ആയി! ഹരീഷേട്ടന്‍ ഇടയ്ക്ക് വന്നു എല്ലാരോടും സംസാരിക്കൂ, മിണ്ടാതെ നില്‍ക്കാതെ എന്നൊക്കെ പറഞ്ഞപ്പോ നല്ല ധൈര്യം ആയി. ഇടക്കിടെ ഓരോരുത്തരെ പരിചയപ്പെട്ടു. ധനേഷ്, വിനയന്‍ , ജയന്‍ ചേട്ടന്‍ , ഹന്‍ല്ലലത്ത് അങ്ങനെ ഒരുപാടുപേര്‍...
സജ്ജീവേട്ടന്‍ വരയ്ക്കുന്നത് കണ്ടിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല! കാരിക്കേച്ചര്‍ വരയ്ക്കുന്നതിനു എന്റെ ഊഴം എത്തി. പോങ്ങുമ്മൂടന്‍ ചേട്ടന്റെ പടം സജ്ജീവേട്ടന്‍ വരയ്ക്കുന്നു! അതിന് തൊട്ടു പിന്നില്‍ ക്യൂവില്‍ ഞാന്‍ , എന്റെ പിറകില്‍ നിരക്ഷരന്‍ ചേട്ടന്‍ !
നിരക്ഷരന്‍ ചേട്ടന്‍ , പോങ്ങുമ്മൂടന്‍ ചേട്ടന്‍ , ഹരീഷേട്ടന്‍ എന്നിവരെ പരിചയപ്പെടുക, സജ്ജീവ് ചേട്ടന്‍ വരക്കുന്നത് ഒന്നു കാണുക. ഇതായിരുന്നു മീറ്റ് നു വരുന്ന കാര്യം ആലോചിക്കുമ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന പ്രധാന പദ്ധതികള്‍.
ഹരീഷേട്ടനെ പരിചയപ്പെട്ടു... സജീവേട്ടന്‍ എന്റെ പടം വരച്ചു... നിരക്ഷരന്‍ ചേട്ടനുമായി സംസാരിച്ചു... പരിചയപ്പെടാന്‍ പറ്റിയില്ല! സാരമില്ല ഇനിയും ആവാമല്ലോ... :)
നിരക്ഷരന്‍ ചേട്ടന്റെ ബ്ലോഗ് കണ്ടാണ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്. ഡിസൈന്‍ മുതല്‍ ഫോണ്ട് വരെ എല്ലാം അതേപടി അനുകരിച്ചുകൊണ്ട്! മനോരമ ഓണ്‍ലൈന്‍ ബ്ലോഗ്ഗിലും നിരക്ഷരന്‍ ചേട്ടന്റെ പോസ്റ്റുകളുടെ സ്ഥിരം വായനക്കാരന്‍ ആണ് ഞാന്‍ - ഇതൊക്കെ മൈക്കില്‍പരിചയപ്പെടുത്തലിന്റെ കൂടെ പറയാന്‍ വച്ചിരുന്നതാണ്... :(
പിന്നെ ഊണ്! ഹരീഷേട്ടന്റെ കൂടെ ഇരുന്നു വിശദമായി ഉണ്ടു... അവസാനമായപ്പോ ലതിചെച്ചിയും ഉണ്ടായിരുന്നു കമ്പനിക്ക്. ഭാരം കുറക്കാന്‍ ഞാന്‍ ജിമ്മില്‍ പോയിതുടങ്ങിയിരുന്നു! കഴിഞ്ഞ 22 ദിവസമായി ഒരു ചായപോലും കുടിക്കാതെ, ഒരു തുള്ളി മധുരം ഉള്ളില്‍ പോവാതെ, ഒരു പിടി ചോറ് പോലും ഉണ്ണാതെ, ഒരു തരി എണ്ണയോ, എണ്ണയില്‍ ഉണ്ടാക്കിയ സാധനങ്ങളോ ഉള്ളില്‍ പോവാതെ ഞാന്‍ കൊണ്ടുനടന്ന ഡയറ്റ് ആണ് അന്നത്തെ ഫുഡ് കണ്ടു അന്തംവിട്ടു മറന്നത്! ചോറും, ചെമ്മീന്‍ വടയും, കരിമീന്‍ വറുത്തതും, ഫ്രൂട്ട് സലാടും നന്നായി തട്ടി. എങ്കിലും എന്റെ പ്രീയപ്പെട്ട പപ്പടം ഞാന്‍ കഴിച്ചില്ല! ഞാനാരാ മോന്‍ ! ഇന്നലെ ദാ വീണ്ടും തുടങ്ങി എന്റെ ഡയറ്റ്!
പിന്നെ ഗ്രൂപ്പ് ഫോട്ടോ... ഏറ്റവും പുറകില്‍ പറ്റാവുന്നിടത്തോളം എത്തിവലിഞ്ഞു നിന്നു! ഇന്നലെ ഫോട്ടോ നോക്കിയപ്പോ എല്ലാവരും ക്യാമറയില്‍ നോക്കി നില്ക്കുന്നു! ഞാന്‍ കിഴക്കോട്ടു നോക്കി നില്ക്കുന്നു! ശവം! അതും നശിപ്പിച്ചു.
പിന്നെ നീണ്ട 22 നാളുകള്‍ക്കു ശേഷമുള്ള ഒരു ചായയും കുടിച്ചു അവിടെ നിന്നു യാത്ര പറഞ്ഞു. ചെറായി വരെ ലതിചെച്ചിയുടെ കാറില്‍. കൂടെ ബിലാത്തിപട്ടണം ചേട്ടനും ഉണ്ടായിരുന്നു. പിന്നെ പറവൂര്‍ കൊച്ചി വഴി അനന്തപുരിയിലേക്ക്.
ഇവിടെ എത്തി 2 ദിവസം കഴിഞ്ഞിട്ടും ചെറായിയും മീറ്റും മറക്കാന്‍ പറ്റുന്നില്ല! പോവണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഒരു വലിയ നഷ്ടം ആയേനെ അത്.
ഇതാണ് ഈ ബ്ലോഗ് മീറ്റ് എന്ന് പറയുന്ന സാധനം എങ്കില്‍... എല്ലാ ബ്ലോഗ് മീറ്റിനും ഞാനും ഉണ്ടാവും! തീര്‍ച്ച!!
ജൂലൈ 28, 2009
ചെറായി ബ്ലോഗ്ഗര്‍ മീറ്റും ഞാനും
ജൂൺ 29, 2009
ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു
കേരളത്തിലെ മിക്കവാറും എല്ലാ TV പ്രേക്ഷകര്‍ക്കും ഓര്‍മയുണ്ടാവും ജോണ്‍ ഉലഹന്നാന്‍ എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍നെ. ഉപഗ്രഹചാനലുകള്‍ ഇല്ലാതിരുന്ന കാലത്തു ദൂരദര്‍ശന്‍ വാര്‍ത്തകള്‍ റിപ്പോര്ട്ട് ചെയ്തിരുന്ന സുമുഖനായ ഊശാംതാടിക്കാരന്‍ .
തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണങ്ങളില്‍ പ്രധാന സംഭവങ്ങള്‍ റിപ്പോര്ട്ട് ചെയ്തിരുന്നതും, പ്രമുഖ അഭിമുഖങ്ങള്‍ നടത്തിയിരുന്നതും അദ്ദേഹമായിരുന്നു. ചടുലമായ സംഭാഷണ രീതിയും പ്രസന്നമായ മുഖവും അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സ്ടെട്സ്മാന്‍ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അല്‍പസമയം മുന്‍പ് ഏതോ ഒരു ചാനലില്‍ ഫ്ലാഷ് ന്യൂസ് ആയി ആണ് ഞാന്‍ മരണ വാര്‍ത്ത കണ്ടത്.
സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി! കാരണം, വളരെയധികം നാളുകള്‍ക്കു ശേഷം ഇന്നു ഞാന്‍ അദ്ദേഹത്തെ കുറിച്ചു ആലോചിച്ചിരുന്നു! അതിന് കാരണം ആയതു ആ ഊശാംതാടിയും! തിരുവനന്തപുരത്ത് നിന്നു ഇന്നു വൈകിട്ടാണ് ഞാന്‍ നാട്ടിലേക്ക് പോന്നത്! വഴിയില്‍ വച്ചു ഓരോ കാര്യങ്ങള്‍ ആലോചിച്ചു. അതിനിടക്ക് എപ്പോഴോ ഊശാംതാടി ഇവിടെഇന്ത്യ ഇല്‍ എങ്ങനെ ഒരു സ്റ്റൈല്‍ ആയി എന്നൊക്കെ ആലോചിച്ചു. സച്ചിനിലൂടെയും, ബാളി സാഗുവിലൂടെയും ആണ് ഈ സ്റ്റൈല്‍ ഇവിടെ ഹിറ്റ് ആയതെങ്കിലും അതിനുമുന്‍പെ കുറച്ചു പേര്‍ ഊശാംതാടി വയ്ക്കുന്നവരായി ഇവിടെ ഉണ്ടായിരുന്നു. ആദ്യം മനസ്സില്‍ വന്നത് ജോണ്‍ ഉലഹന്നാനും! അങ്ങനെ അദ്ദേഹത്തെ കുറിച്ചായി ആലോചന. അദ്ദേഹത്തിന്റെ പഴയ പരിപാടികളും മറ്റും മനസ്സിലേക്ക് കടന്നു വന്നു! ഇപ്പോള്‍ദൂരദര്‍ശനില്‍ ഏതെങ്കിലും ഉന്നത പദവിയിലായിരിക്കാം എന്നൊക്കെ ഊഹിച്ചു!
വീട്ടിലെത്തി ന്യൂസ് ചാനലുകള്‍ കണ്ടുകൊണ്ടിരിക്കെ ചില റിപോര്‍ട്ടിംഗ്കള്‍ കാണവേ അദ്ദേഹത്തെ വീണ്ടും ഓര്‍മിച്ചു! പത്തോ പതിനഞ്ചോ മിനിട്ടുകള്‍ക്കകം തന്നെ ഏതോ ഒരു ചാന്നെലില്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഞാന്‍ കണ്ടു! തികച്ചും യാദൃശ്ചികമായി...
2009 ജൂണ്‍ നഷ്ടങ്ങളുടെ മാസം ആണ്! മൈക്കില്‍ ജാക്സന്‍ , ലോഹിതദാസ് എന്നീ പ്രതിഭകളെയും നമുക്ക് അകാലത്തില്‍ നഷ്ടപ്പെട്ട മാസം...
ഈ മൂന്നു പ്രതിഭകള്‍ക്കും എന്റെ ആദരാഞ്ജലികള്‍...
അദ്ദേഹത്തിന്റെ ഒരു ചിത്രം ഞാന്‍ ഇടുന്നു. [ജൂണ്‍ 30, 2:16 PM]
ജൂൺ 27, 2009
കോടിയേരിയുടെ വീട് റെയ്ഡ് ചെയ്യണം!
സിനിമയ്ക്ക് പോയി തിരിച്ചു വന്നിട്ട് നെറ്റ് ഒക്കെ ഒന്നു തപ്പിയെക്കാം എന്ന് കരുതി... മനോരമ ഓണ്‍ലൈന്‍ തുറന്നതും ഞെട്ടിപ്പോയി!
"കോടിയേരിയുടെ വീട് റെയ്ഡ് ചെയ്യണം - കോടതി"
കോടിയേരി ഞെട്ടിയോ എന്നറിയില്ല! നാളെ പത്രം വന്നിട്ട് ഞെട്ടിയാലും മതിയല്ലോ?...
TV കാണാന്‍ വകുപ്പൊന്നും ഇല്ല. അതുകൊണ്ട് ഈ വാര്‍ത്ത എവിടെയൊക്കെ എത്തിയെന്നും, ഏതൊക്കെ ചാനെലില്‍ വന്നെന്നും ഒന്നും എനിക്കറിയില്ല! വേറെ സൈടിലൊന്നും കണ്ടതും ഇല്ല!
തീയതിയും സമയവും മനോരമയില്‍ തന്നെ വരുമോ?
ഈ റെയ്ഡ് എന്ന് പറഞ്ഞാ എന്താ സംഭവം? എനിക്ക് മനസ്സിലാവുന്നില്ലാ...
താഴെ ക്ലിക്കിയാല്‍ വലിയ ചിത്രം കാണാം...
ജൂൺ 21, 2009
ലോക കപ്പ് - ധോനി നമ്മുടെ മാനം കാത്തു!
ചരിത്രത്തില്‍ ഇതുവരെ ഒരൊറ്റ ലോക കപ്പ് മാച്ചില്‍ പോലും പാകിസ്താന്‍ ഇന്ത്യ യെ തോല്‍പിച്ചിട്ടില്ല! ഇത്തവണ അവന്മാര്‍ക്ക് ഒരു ചാന്‍സ് ഒതുവന്നതാണ്. ധോനിയുടെ സന്ദര്‍ഭോചിതമായ ബാറ്റിങ് ഉം കാപ്ടിന്‍സി ഉം കാരണം ആ ദുരന്തം ഒഴിവായി! സെമിയില്‍ എങ്ങാനും കയറിയിരുന്നെങ്കില്‍. ഹൊ!
ഇത്തവണ ധോനി മാനം കാത്തു എന്ന് പറയുന്നതില്‍ തെറ്റൊന്നും ഇല്ല. കാരണം ആര് ജയിപ്പിചാലും ക്രെഡിറ്റ് മൊത്തം ധോനിക്കാണല്ലോ... അപ്പൊ പിന്നെ തോറ്റാലും ക്രെഡിറ്റ് വേറെ ആര്‍ക്കും കൊടുക്കേണ്ട കാര്യമില്ല! യേത്?... (കഴിഞ്ഞ തവണ കപ്പു വാങ്ങിച്ചു കൊടുത്ത ആണ്‍ പിള്ളേര് ഒന്നും ഫോമിലും അല്ല!)
1992 മുതല്‍ ഉള്ള ചരിത്രം -
1992 ലോകകപ്പ് ജയിച്ചത് പാകിസ്താന്‍ ആണ്. പക്ഷെ, പാകിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരുപോലെ ശോഭിച്ച സച്ചിന്റെ മികവില്‍ ഇന്ത്യ പാകിസ്ഥാനെ തോല്പിച്ചു.
രണ്ടുതവണ മെരുക്കിയത് (1996, 1999 )നമ്മുടെ മഹാനായ ബൌളിംഗ് കോച്ച് ശ്രീമാന്‍ വെങ്കി പ്രസാദിന്റെ മിടുക്കുകാരണം ആണ്... (ലോകകപ്പില്‍ പാകിസ്ഥാനെതിരെ മാത്രം... അപ്പോള്‍ മാത്രം ഫോമില്‍ ആവുന്ന നമ്മുടെ സ്വന്തം കോച്ച്!)
2003 ഇല്‍ ആവട്ടെ സച്ചിന്‍ ഉണ്ടായിരുന്നത് കൊണ്ടു കൂടുതല്‍ അധ്വാനം ഒന്നും വേണ്ടി വന്നില്ല! 75 ബോള്‍ 98 റണ്‍സ്!
2007 ഫസ്റ്റ് റൌണ്ട് കഴിഞ്ഞപ്പോഴേ ഇങ്ങോട്ട് വണ്ടികേറി!
പിന്നെയങ്ങോട്ട് ധോനി യുഗം ആണല്ലോ... ധോനിയെകുറിച്ചു അല്പം...
2007 T20 ലോകകപ്പ് -
ആദ്യത്തെ കളി ഏകദേശം തോറ്റു! അവസാന പന്തില്‍ വേണ്ടത് ഒരൊറ്റ റണ്‍! അപ്പൊ ദാ വരുന്നു ശ്രീശാന്തിന്റെ ഒരു റണ്‍ ഔട്ട് ! മാച്ച് ടൈ! ബൌള്‍ ഔട്ട് ഇല്‍ ഇന്ത്യ ജയിച്ചു!
പിന്നെ ഗംഭീര്‍, യുവരാജ്, ആര്‍ പി സിംഗ്, ഇവരൊക്കെ ചേര്ന്നു ഫൈനല്‍ എത്തിച്ചു!(സെമി ഇല്‍ ശ്രീ ടെ സ്പെല്‍ ഇല്ലെങ്കി കാണായിരുന്നു! :))
പിന്നെ ഫൈനല്‍! പതിനേഴാമത്തെ ഓവര്‍ മുതല്‍ മിസ്ബാ ഔട്ട് ആകുന്ന വരെ പാകിസ്താന്‍ ഏകദേശം കപ്പ് സ്വപ്നം കണ്ടു! ദാ വരുന്നു പിന്നെയും ശ്രീശാന്ത്!അങ്ങനെ കപ്പും കൊണ്ടു ഇങ്ങെത്തി!
അന്ന് തുടങ്ങിയ ധോനി യുഗം ഇനി എന്താവും?
ധോനി യുടെ കാപ്ടിന്‍സി മോശം ആണെന്നല്ല പറഞ്ഞുവരുന്നത്! പക്ഷെ അതില്‍ ഭാഗ്യത്തിന്റെ ഒരു തരിയെങ്കിലും ഇല്ലാതില്ല!
ഉദാഹരണം-
1. ശ്രീലങ്കയും ആയി നടന്ന അവസാന പരമ്പര!
ആകെയുള്ള 5 കളികളില്‍ ആദ്യത്തെ 4 ഇലും ടോസ് ഇന്ത്യ ക്ക് ! ആദ്യത്തെ നാലിലും ആദ്യം ബാറ്റ് ചെയ്തു ഇന്ത്യ കളി ജയിച്ചു! അവസാനത്തെ കളിയില്‍ മാത്രം ടോസ് ശ്രീലങ്കയ്ക്ക്! അതില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്തു. അവര്‍ ജയിച്ചു!
2. 2007 T20 ലോകകപ്പ് - പാകിസ്ഥാനെതിരെ ഉള്ള രണ്ടു മത്സരങ്ങള്‍. നേരത്തെ പറഞ്ഞല്ലോ!
3. ഏറ്റവും മികച്ച ടീം!
സിക്സര്‍ സ്പെഷ്യലിസ്റ്റ് ആയ നമ്മുടെ ധോനി T20 യുടെ ചരിത്രത്തില്‍ ആകെ അടിച്ചത് 4 സിക്സ്! അതില്‍ രണ്ടെണ്ണം കഴിഞ്ഞ സീരീസ് ഇല്‍ ശ്രീ ലങ്കയ്ക്കെതിരെ ഫുള്‍ ടോസ് പന്തില്‍! ഏറ്റവും ഉയര്ന്ന സ്കോര്‍ 35!
അവസാനത്തെ 10 കളികളിലെ 'പ്രകടനം'!
റണ്‍ - 9* ബോളുകള്‍ - 5
റണ്‍ - 9 ബോളുകള്‍ - 27
റണ്‍ - 13 ബോളുകള്‍ - 17
റണ്‍ - 2 ബോളുകള്‍ - 6
റണ്‍ - 28* ബോളുകള്‍ - 30
റണ്‍ - 26 ബോളുകള്‍ - 21
റണ്‍ - 14 ബോളുകള്‍ - 13
റണ്‍ - 11 ബോളുകള്‍ - 23
റണ്‍ - 30* ബോളുകള്‍ - 20
റണ്‍ - 5 ബോളുകള്‍ - 12
മിക്കതിലും പന്തുകള്‍ കൂടുതല്‍, റണ്‍ കുറവ്!
"റണ്ണുകള്‍ വാരിക്കൂട്ടുന്ന ദൈവങ്ങളെക്കാള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കളികള്‍ ജയിപ്പിക്കുന്ന മനുഷ്യരെ ആണ്!"
ഒരിക്കല്‍ ഒരു പ്രമുഖ പത്രത്തില്‍ ഒരു ലേഖനത്തില്‍ വന്നതാണിത്! ധോനിയെ കുറിച്ചുള്ള പരമ്പര ആയിരുന്നു!
ആരെയൊക്കെ ആണ് ഉദ്ദേശിച്ചത് എന്ന് വ്യക്തം! സച്ചിനെ തന്നെ!
സത്യത്തില്‍ വേദന തോന്നി! കാരണം സച്ചിന്‍ ജയിപ്പിച്ചപോലെ ഇന്ത്യയെ വേറെ ആരും ജയിപ്പിച്ചിട്ടില്ല! ജയത്തിന്റെ അരികില്‍ എത്തിച്ചിട്ടില്ല! ജയിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല! സംശയമുള്ളവര്‍ക്ക് എന്റെആര്‍ട്ടിക്കിള്‍ പരിശോധിക്കാം!
ഇംഗ്ലണ്ടിനെതിരെ രണ്ടു പരമ്പരകളും, ഓസ്ട്രലിയ്ക്ക് എതിരെ രണ്ടു പരമ്പരകളും ജയിപ്പിക്കാന്‍ സച്ചിനും, സൌത്ത് അഫ്രികയ്ക്ക് എതിരെയും, ഇംഗ്ലണ്ടിനെതിരെ രണ്ടു പരമ്പരകളും ജയിപ്പിക്കാന്‍ യുവരാജും, കിവീസിനെതിരെ സച്ചിനും, ഗംഭിരും, സെവാഗ് ഉം ഉള്ളപ്പോള്‍ ധോനിക്കാണോ കപ്പ് എടുക്കാന്‍ പാടു! പിന്നെ എന്താ അഞ്ചാമനായി ഇറങ്ങി ഔട്ട് ആകാതിരുന്നാല്‍ avrg ഉം കൂട്ടാം, റാങ്കും നിലനിര്‍ത്താം. മാച്ച് ഫിനിഷെര്‍ എന്ന പേരും കിട്ടും!
ഇത്രയും എഴുതിയത് ധോനിയോടുള്ള വെറുപ്പ് കാരണം അല്ല! 2007 T20 ലോകകപ്പ് തുടങ്ങുന്ന വരെ ധോനിയുടെ കളിയുടെ ആരാധകരായിരുന്നു ഞങ്ങള്‍ ഒരുപാടുപേര്‍! എന്നാല്‍ ലോകകപ്പിന് തുടങ്ങിയ ശൈലി മാറ്റം (?) (ക്രീസില്‍ നിന്നു ചാടിയിറങ്ങി ഓഫ് സൈഡ് ഇല്‍ പന്ത് തട്ടി ഇടുന്ന സ്ഥിരം പരിപാടി!) ഇനിയും തുടര്‍ന്നാല്‍ non പ്ലയിംഗ് ക്യാപ്റ്റന്‍ ആവേണ്ടി വരും!
ഇപ്പോള്‍ പൊക്കി പൊക്കി എവിടെയൊക്കെയോ കയറ്റി വച്ചിരിക്കുന്ന ഈ പത്രക്കാരും TV കാരും ഒന്നും ഉണ്ടാവില്ല പിന്നെ.
അര്‍ഹതയില്ലാത്ത ഒരുപാടു പുരസ്കാരങ്ങള്‍ ഇപ്പോള്‍ തന്നെ കിട്ടിയിട്ടുണ്ട്! ഒരെണ്ണം ഇതാ!
എന്നാല്‍,
6 ടെസ്റ്റ് മാച്ചുകളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയി ധോനി കളിച്ചിട്ടുള്ളൂ... അതില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും ധോനിയുടെ പ്രകടനം വളരെ മികച്ചതാണ്!
ജൂൺ 10, 2009
പരീക്കുട്ടിയുടെ ഉണക്കചെമ്മീന്‍
പരീക്കുട്ടി ഇതാ വീണ്ടും ജനമനസ്സുകളിലേക്ക്...
ഇത്തവണ ചെമ്മീന്‍ അല്ല, ഉണക്കചെമ്മീന്‍ ആണെന്നുമാത്രം!
സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്‍ റോസ്റ്റ്. പാക്കറ്റ് വില വെറും രണ്ടുരൂപ അമ്പതു പൈസ!
ഒരു ചെറിയ പാക്കറ്റ് 'പരീക്കുട്ടി' ഉണ്ടെങ്കില്‍ ഒരു പാത്രം ചോറ് / കഞ്ഞി ഒറ്റ ഇരിപ്പിന് അകത്താക്കാം.
"മാനസമൈനേ..." പാടി ബീച്ചില്‍ ഇരിക്കുന്ന വിരഹ കാമുകന്‍ മാര്‍ക്ക് സ്നാക്ക്സ് ആയും ഉപയോഗിക്കാം!.
<-- ഇവിടെ ക്ലിക്കിയാല്‍ കുറച്ചുകൂടി വലിയ ചിത്രം കാണാം.നിര്‍മാണം: നാച്ചുറല്‍ ഫുഡ്സ്, മലപ്പുറം.
കോപ്പിറൈറ്റ്: തകഴി, ബാബുഇസ്മയില്‍, രാമു കാര്യാട്ട്, SL പുരം.
ഫോട്ടോ കോപ്പിറൈറ്റ് : Marcus Bartley, ഹരികൃഷ്ണന്‍ .
