നവംബർ 29, 2012

എന്തുകൊണ്ട് സച്ചിന്‍ വിരമിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല!


വേറെ ഏതൊരു കളിക്കാരനെകാളും  അധികം തവണ സ്വന്തം ടീമിനെ ഒറ്റയ്ക്ക് വിജയതീരത്ത് എത്തിച്ചിട്ടുള്ള   ആളാണ്‌  സച്ചിന്‍. അദ്ദേഹം നേടിയ റണ്ണുകള്‍ കൂടിയും ഗുണിച്ചും കുറച്ചും ഹരിച്ചും വാദങ്ങള്‍ നിരത്തി അങ്ങോര്‍ വിരമിക്കണം എന്ന് പറയുന്നവരോട്...  റണ്ണുകള്‍ റെക്കോര്‍ഡുകള്‍ ഇതൊന്നും അല്ല ഭൂരിപക്ഷം ആളുകളും സച്ചിനെ ഇഷ്ടപ്പെടാന്‍ കാരണം. ആ മഹാ ഭൂരിപക്ഷം തന്നെയാണ് സച്ചിന്‍ വിരമിക്കരുത് എന്ന് ഇപ്പോഴും  പറയുന്നതും. 
സച്ചിന് 25 വയസ്സ് തികഞ്ഞ വര്ഷം, 1998 ല്‍ തിരുവനതപുരം ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്ത ഒരു സച്ചിന്‍ സ്പെഷ്യല്‍ പരിപാടിയില്‍  അന്ന് കേരള ക്രിക്കറ്റ്‌ ടീമിലെ ഒരു കളികാരന്‍ പറഞ്ഞ വാക്കുകള്‍ മാത്രം മതി സച്ചിന്റെ മഹത്വം മനസ്സിലാക്കാന്‍..

"നമ്മള്‍ ചിലപ്പോള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിട്ട്  ഫിഫ്ടി അല്ലെങ്കില്‍ സെഞ്ച്വറി അടിച്ച്ചിട്ടാവും പവലിയനില്‍ തിരിച്ചെത്തുക... ചിലപോ നാലോ അഞ്ചോ  റണ്‍സ് ആയിരിക്കും എടുക്കുക... തീര്‍ച്ചയായും സെഞ്ച്വറി അല്ലെങ്കില്‍ ഫിഫ്ടി കഴിഞ്ഞു വരുമ്പോള്‍ ഉള്ള വരവേല്പ് നല്ല സന്തോഷം നല്‍കും. പക്ഷേ, ഈ അഞ്ചോ ആറോ  റണ്‍ അടിച്ചിട്ട് കയറി ചെല്ലുമ്പോള്‍  ടീമിലെ ഒരാള്‍ വന്ന് ... "ഡാ നീ ആ സിംഗിള്‍ / ആ 4 റണ്‍സ് അടിച്ച ആ ഷോട്ട് ഉണ്ടല്ലോ... അത് ശരിക്കും സച്ചിന്‍ കളിക്കുന്ന പോലെ ആയിരുന്നു" എന്ന്  പറഞ്ഞാല്‍ അതുണ്ടാകുന്ന ആ ഒരു സന്തോഷം ഉണ്ടല്ലോ... അത് ഒരു ട്രിപ്പില്‍ സെഞ്ച്വറിക്കും നല്‍കാന്‍ സാധിക്കില്ല!"
സച്ചിന്റെ മഹാ സെഞ്ച്വറികള്‍ കാണാന്‍ അല്ല, അദ്ദേഹത്തിന്റെ ചാരുതയാര്‍ന്ന ഷോട്ടുകള്‍ കാണാന്‍ വേണ്ടിയാണ്. ഫോറും സിക്സും അല്ല, ഒരു ഡിഫെന്‍സിവ്  ഷോട്ടിനും  ഉണ്ട് വേറെ ഒരാളും കളിച്ചാല്‍ കിട്ടാത്ത ഭംഗി. അതെല്ലാം കഴിയുന്ന അത്ര നാള്‍ കാണാന്‍ സാധിക്കണം എന്ന് മാത്രമേ ഉള്ളു ഞങ്ങള്‍ക്ക് ആഗ്രഹം.

സച്ചിന്റെ  കളിയുടെ ഭംഗി കാരണം മാത്രം അദ്ദേഹത്തിന്റെ കളികള്‍ ഇഷ്ടപ്പെട്ടിരുന്ന ആള്‍ ആണ് ഈ ഞാനും. ഒരു ഷാര്‍ജാ കപ്പ്‌, കുറെ അധികം സെഞ്ച്വറികള്‍ ഇതൊക്കെ മാത്രമേ സച്ചിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്ളു എന്ന്  കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നീട് പല ആവശ്യങ്ങള്‍ക്കായി സച്ചിന്റെ കളികളുടെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ്. ടീമിനെ സച്ചിന്‍ ഒറ്റയ്ക്ക് ജയിപ്പിച്ച കളികളുടെ എണ്ണം എത്ര വലുതാണ്‌ എന്ന് മനസ്സിലായത്. എന്റെ sachinandcritics.com എന്ന വെബ്സൈറ്റ് ആരംഭിക്കാന്‍ എനിക്ക് പ്രചോദനം ആയതും ഇതൊക്കെ ആണ്.

വിരമിക്കണം എന്നുള്ള മുറവിളി 2007 ല്‍ ആയിരുന്നു ഇതിനെക്കാള്‍ ശക്തി ആയി നേരത്തെ കണ്ടത്. അത് കഴിഞ്ഞു സ്വപ്നതുല്യമായ ഇന്നിങ്ങ്സുകള്‍ കളിച്ചു സച്ചിന്‍... മുപ്പത്തി ഏഴാം 
വയസ്സില്‍ ഓസ്ട്രേലിയക്കെതിരെ 350 ചെസ് ചെയ്തു 175 അടിക്കാന്‍ സാധിച്ചെങ്കില്‍ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയ്ക്ക് എതിരെ 141 പന്തില്‍ 200 അടിക്കാന്‍ സച്ചിന് പറ്റിയെങ്കില്‍ ഇനിയും കളിക്കാന്‍ അദ്ദേഹത്തിന് അറിയാം. 

"if hitting the ball with a wooden bat is called cricket, then certainly, it will live after sachin retires..." സച്ചിന്‍  തെണ്ടുല്‍കറുടെ പേരില്‍ ഉള്ള "Cricket dies the day Sachin retires" എന്ന ഫെയ്സ്ബുക് പേജില്‍ അങ്കിത് എന്ന  ചെറുപ്പക്കാരന്‍ ഇട്ട കമന്റ്‌ ആണ്  ഇത്. ക്രിക്കെറ്റ് എന്നാല്‍ തടികൊണ്ട് ലെതെര്‍ അടിച്ചു മൈതാനത്തിനു വെളിയില്‍  കളയുന്ന കളിമാത്രമാണ്  അങ്കിതിനെ  പോലെയുള്ളവര്‍ക്ക്.

കേരള ക്രിക്കറ്റ്‌ ടീം ക്യാപ്ടന്‍  സോണി ചെറുവത്തൂരിന്റെ വാക്കുകള്‍ കടമെടുത്താല്‍ -
"സച്ചിന്‍ തെണ്ടുല്‍കര്‍ വിരമിക്കുന്നില്ല എന്നുള്ളതാണ് എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വം. ഇക്കാലത്ത് റിട്ടയര്‍ ചെയ്യുന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം. രസ്സാക്, ഗെയ്ല്‍ തുടങ്ങിയവരെ പോലെ റിട്ടയര്‍ ചെയ്തു കഴിഞ്ഞാല്‍ ട്വന്റി ട്വന്റി കളിച്ചു ഒരുപാട് പണവും പ്രശസ്തിയും ഉണ്ടാക്കാം. സച്ചിന്‍ വിരമിച്ചു കഴിഞ്ഞാല്‍ ലോകമെമ്പാടുമുള്ള ട്വന്റി ട്വന്റി ലീഗിലെ ടീമുകള്‍ അദ്ദേഹത്തിന് വേണ്ടി പരക്കം  പായും. സച്ചിന്‍ എന്നുള്ള പേര് മാത്രം മതി അദ്ദേഹത്തിന് പണം വാരാന്‍. എന്നാല്‍ അദ്ദേഹം അത് ചെയ്യാതെ  ഇപ്പോഴും ടീമിന് വേണ്ടി കളിക്കാന്‍ ആണ് ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാനുള്ള പാഷന്‍ അദ്ദേഹത്തിന്  ഉണ്ട് ഇപ്പോഴും. അതാണ്‌ അദ്ദേഹം ഇപ്പോഴും ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ വിരമിക്കാന്‍ പറയാന്‍ ആര്‍ക്കും അര്‍ഹതയില്ല. "


Out of 24 Years of Cricket Life... 18 Years of average of not less than 40, 5 years of 70+ Average, 2 Years of 90+ Average, Between Year 2007-2011 Average has never been less than 45, 16 Centuries and 23 50's hit during 2007-2011... We stand by You master...! :)


മാർച്ച് 16, 2012

വിമര്‍ശകര്‍ പറയുന്ന സച്ചിന് മാത്രം പ്രയോജനപ്പെടുന്ന സെഞ്ച്വറികള്‍


സച്ചിന്‍ തെണ്ടുല്‍കര്‍ അന്‍പതാം സെഞ്ച്വറി നേടിയതിനു പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന ഒരു പോളും, അതിലെ വിമര്‍ശകരുടെ അഭിപ്രായങ്ങളും ആണ് ഈ പോസ്ടിന് ആധാരം. അതേ അഭിപ്രായം ഉള്ള ഒട്ടനവധി പേരുണ്ടാവും എന്ന കാര്യം ഉറപ്പാണ്‌...

ടെസ്റ്റ്‌, ഏകദിന മത്സരങ്ങളില്‍ ഏറ്റവും അധികം സെഞ്ച്വറികള്‍ നേടിയ കളിക്കാരന്‍ ആണ് സച്ചിന്‍ തെണ്ടുല്‍കര്‍. എന്നാല്‍ ഈ സെഞ്ച്വറികളില്‍ എത്രയെണ്ണം ടീമിന് പ്രയോജനകരമായി തീര്‍ന്നു...?

ഇത് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു പ്രധാന ചോദ്യമാണ്... ചോദ്യം മാത്രമല്ല; ഒരു ഉത്തരവും അവര്‍ തന്നെ പറയാറുണ്ട്‌...

"ഒരെണ്ണം പോലുമില്ല. എന്ന് മാത്രമല്ല, സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ടീം തോല്‍ക്കും!"


ഇനി ഞാന്‍ നടത്തിയ ഒരു വിശകലനം...
----------------------------------------------------------

ഏകദിനങ്ങളില്‍ സച്ചിന്‍ നേടിയത് ആകെ 49 സെഞ്ച്വറികള്‍... അതില്‍ 33 എണ്ണം മാച്ച് വിന്നിംഗ് ആയിരുന്നു...

അതായത്, സച്ചിന്‍ നേടിയ 33 സെഞ്ച്വറികള്‍ ഇന്ത്യ ജയിക്കാന്‍ കാരണമായി...!

ഏകദിനങ്ങളില്‍ സച്ചിന് ശേഷം ഏറ്റവും അധികം സെഞ്ച്വറികള്‍ നേടിയത് റിക്കി പോണ്ടിങ്ങും സനത് ജയസുര്യയും ആണ്. പോണ്ടിങ്ങും ജയസുര്യയും യഥാക്രമം 30, 28 വീതം. അതായത് സച്ചിന്റെ മാച്ച് വിന്നിംഗ് സെഞ്ച്വറികളെകാള്‍ കുറവ് ആണ് തൊട്ടു പിന്നിലുള്ളവര്‍ ആകെ നേടിയ സെഞ്ച്വറികള്‍!

ടെസ്റ്റ്‌ മത്സരങ്ങളുടെ കാര്യമെടുത്താല്‍... സച്ചിന്‍ നേടിയത് ആകെ 51 സെഞ്ച്വറികള്‍. അതില്‍ 20 ഇന്ത്യ ജയിച്ച സന്ദര്‍ഭങ്ങളില്‍ ആയിരുന്നു...

ഇനി ഇതില്‍ പ്രസക്തമായ ഒരു കാര്യം, ഈ സെഞ്ച്വറികള്‍ അടിച്ച സന്ദര്‍ഭങ്ങള്‍ എങ്ങനെയുള്ളവ ആയിരുന്നു എന്നതാണ്...

ടെസ്റ്റ്‌ -
37 എണ്ണം ഫസ്റ്റ് ഇന്നിങ്ങ്സ്.
13 എണ്ണം സെക്കന്റ്‌ ഇന്നിങ്ങ്സ്.

ഏകദിനം-
32 എണ്ണം ഫസ്റ്റ് ഇന്നിങ്ങ്സ്.
17 എണ്ണം സെക്കന്റ്‌ ഇന്നിങ്ങ്സ്.


സച്ചിന്‍ സെഞ്ച്വറി നേടിയ 11 ടെസ്റ്റ്‌ മത്സരങ്ങളിലും, 14 ഏകദിന മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി... ഇതെങ്ങനെ സച്ചിന്റെ കുറ്റമാവും?

ശ്രീലങ്കന്‍ ക്യാപ്റ്റനും ടെസ്റ്റ്‌ റാങ്കില്‍ സച്ചിന്റെ തൊട്ടടുത്ത സ്ഥാനത് നില്‍ക്കുന്ന ആളുമായ സംഗക്കാരയുടെ വാക്കുകള്‍ കടമെടുത്താല്‍,

"India have not lost so many matches becoz of Tendulkar; they have lost because of poor team performances."

ഇന്നലെ നേടിയ അന്‍പതാം സെഞ്ച്വറിയും ഇതിനു ഒരു അപവാദമല്ല. എങ്കിലും, മറ്റു പലപ്പോഴും കിടിയതിനേക്കാള്‍ സപ്പോര്‍ട്ട് സച്ചിന് ഇന്നലത്തെ ഇന്നിങ്ങ്സ്നു ടീം അംഗങ്ങളില്‍ നിന്ന് കിട്ടി!

ഇന്നലെ ധോണി കളിച്ചത് പോലെ ഒരു ഇന്നിങ്ങ്സ്, ഇഷാന്ത് ശര്‍മ ലക്ഷ്മണിന്റെ കൂടെ കളിച്ച ഒരു ഇന്നിങ്ങ്സ്, ലാറ വാല്‍ഷിന്റെ കൂടെ കളിച്ച ഒരു ഇന്നിങ്ങ്സ് ഉണ്ടായിരുന്നു എങ്കില്‍ സച്ചിന്റെ പല സെഞ്ച്വറി കളും പാഴായി പോവില്ലായിരുന്നു..

1999 ചെന്നൈ ടെസ്റ്റും, 175 നേടിയ ഹൈടെരബാദ് ഏകദിനവും പലരും മറന്നു കഴിഞ്ഞു.

ലക്ഷ്മണും ദ്രാവിഡും നല്ല match saving ഇന്നിങ്ങ്സ്കള്‍ കളിച്ചിട്ടുണ്ട്... എന്നാല്‍ അത്രതന്നെ, അതിനേകാള്‍ അധികം ഇന്നിങ്ങ്സ്കള്‍ സച്ചിന്‍ കളിച്ചിട്ടുണ്ട്... പലപ്പോഴും സച്ചിന്റെ പരാജയം ആണ് മാധ്യമങ്ങള്‍ എടുത്തു കാട്ടുന്നു എന്ന് മാത്രം.

ഏറ്റവും നല്ല ഉദാഹരണം ഇന്നലത്തെ ഇന്ത്യന്‍ ഇന്നിങ്ങ്സ് ആണ്... അവിടെ so called രക്ഷകന്മാരുടെ പരാജയം എന്ത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല? അവര്‍ ഈ വിധം പരാജയപ്പെട്ട ഒട്ടനവധി ഇന്നിങ്ങ്സുകള്‍ ഉണ്ട്... ക്രികിന്ഫോ വെബ്സൈറ്റ് സ്ടാട്സ് എടുത്തു നോക്കിയാല്‍ കാണാന്‍ സാധിക്കും.

വിമര്‍ശകരുടെ മറ്റൊരു വാദം സച്ചിന്റെ തൊണ്ണൂറുകളിലെ സമ്മര്‍ദ്ദം ആണ്... അതിനെ പറ്റി ഞാന്‍ ഈ ബ്ലോഗില്‍ തന്നെ ഒരു കമന്റ്‌ പണ്ട് ഇട്ടിരുന്നു...

സച്ചിന്‍ തൊണ്ണൂറുകളില്‍ ഏറ്റവും കൂടുതല്‍ തവണ ഔട്ട് ആയിട്ടുണ്ടെങ്കില്‍ അത് തൊണ്ണൂറില്‍ ഏറ്റവും അധികം തവണ എത്തിയത് കൊണ്ടാണ്! അല്ലേ?

തൊണ്ണൂറുകളില്‍ കുറച്ചു തവണ ഔട്ട് ആയ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്ക്കു സെഞ്ച്വറി എന്തായാലും സച്ചിനേക്കാള്‍ കൂടുതല്‍ ഉണ്ടാവും...! അല്ലേ...? ശരിയല്ലേ...?

ഏതൊരു മനുഷ്യനും തൊണ്ണൂറുകള്‍ എത്തുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികം ആണ്... നാലാം ഇന്നിങ്ങ്സില്‍ സെഞ്ച്വറി പോരാ, സെക്കന്റ്‌ ഇന്നിങ്ങ്സില്‍ വേണ്ടത്ര സെഞ്ച്വറി ഇല്ല എന്ന് എല്ലാ മാധ്യമങ്ങളും ഒരു പോലെ വിശകലനം നടത്തുമ്പോള്‍ അത് കേള്‍ക്കുന്ന സച്ചിനും തോന്നാം സെഞ്ച്വറി ഇല്ലെങ്കില്‍ ആരും തന്റെ ശ്രമങ്ങള്‍ക്ക് വേണ്ടത്ര വില നല്‍കില്ല എന്ന്... അപ്പോള്‍ സ്വാഭാവികമായും സെഞ്ച്വറികള്‍ക്ക് വേണ്ടി ശ്രമിക്കും.

കഴിഞ്ഞ വര്ഷം കട്ടക്കില്‍ നടന്ന ഏകദിനത്തിലും സച്ചിന് സെഞ്ച്വറി നഷ്ടമായത് 4 റണ്‍സ് നു ആയിരുന്നു. ശ്രീലങ്കയുടെ 242 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ മുന്നോട്ടു നയിച്ച്‌ ജയത്തില്‍ എത്തിച്ചത് സച്ചിന്‍ ആയിരുന്നു. അന്ന്, ദിനേശ് കാര്‍ത്തിക് അവസാനം വന്നു ആളിക്കതിയതോടെ ആണ് സച്ചിന് 96* ഇല്‍ കളി അവസാനിപ്പിക്കേണ്ടി വന്നത്... സെക്കന്റ്‌ ഇന്നിങ്ങ്സില്‍ കളി ജയിപ്പിക്കാന്‍ നേടിയ സെഞ്ച്വറി ആയി അത് കണക്കാക്കില്ല... അല്ലേ?

വീരേന്ദര്‍ സെഹ്വാഗ് സെഞ്ച്വറി സിക്ക്സ് അടിച്ചാണ് എടുക്കുന്നത് എന്ന് പറയപ്പെടുന്നു... അത് അദ്ദേഹത്തിന് സമ്മര്‍ദം ഇല്ലാത്തതു കൊണ്ടോ... സെഞ്ച്വറി ആവശ്യമില്ലാത്തത് കൊണ്ടോ ആണെന്ന് കരുതുന്നതാണ് വിഡ്ഢിത്തം! ആ സമ്മര്‍ദ്ദത്തില്‍ നിന്ന് എളുപ്പം പുറത്തു കടക്കാന്‍ ഉള്ള വഴി മാത്രമാണ് അത്.
സെവാഗ്ന്റെ സ്വാഭാവികമായ ശൈലി ആണ് അത്... അതില്‍ നിന്നും വ്യതിചലിച്ചു കളിച്ചാല്‍ ആണ് അദ്ദേഹം പുറത്താവാന്‍ കൂടുതല്‍ സാധ്യത എന്ന് അദ്ദേഹത്തിന് അറിയാം.

അതിനു ഏറ്റവും വലിയ ഉദാഹരണവും ഇന്നലത്തെ കളി ആണ്... ഇന്ത്യയുടെ മുന്നില്‍ ആകെ ഉണ്ടായിരുന വഴി പരാജയം ഒഴിവാക്കുക എന്നതായിരുന്നു... എന്നിട്ടും എന്തുകൊണ്ട് സെവാഗിനു ക്ഷമാപൂര്‍വ്വം ഒരു ഇന്നിങ്ങ്സ് കളിക്കാന്‍ സാധിച്ചില്ല? സാഹചര്യം അനുസരിച്ച് ശൈലി മാറ്റാനുള്ള കഴിവോ... ഒന്നും രണ്ടും എടുത്തു സ്കോര്‍ ബോര്‍ഡ് സ്ഥിരമായി ചലിപ്പിക്കാനോ ഉള്ള കഴിവ് സെവാഗിനു കുറവാണ്. ടീം ജയിക്കണമെന്ന് യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ വെറുതേ ആളിക്കതിയിട്ടു എന്ത് കാര്യം?

5 തവണ സിക്സ് അടിച്ചു സെഞ്ച്വറി നേടിയിട്ടുള്ള ലോകത്തിലെ ഒരേയൊരു ബാറ്സ്മാന്‍ സച്ചിന്‍ റെണ്ടുല്കര്‍ മാത്രമാണ്. എന്ന വസ്തുത എത്രപേര്‍ക്ക് അറിയാം?

പിന്നൊന്ന് സച്ചിന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത് കാരണം ആണ് കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നിവ സച്ചിന് വന്നത് എന്നതാണ്... റണ്‍സ് വിട്ടേക്കൂ... ഈ ഇരുപത്തൊന്നാം വര്‍ഷവും ടെസ്റ്റ്‌ റാങ്കിലും, കളിക്കുന്ന സമയത്ത് ഏകദിന റാങ്കിലും മുന്നില്‍ നില്‍ക്കുന്നത് സച്ചിന്‍ ആണ്... ഏറ്റവും വലിയ കാര്യം അദ്ദേഹത്തിന്‍റെ ബാറ്റിംഗ് average ആണ്... ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ടും ഇത്രയും ഉയര്‍ന്ന ശരാശരി സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു...

ഇതേ വിഷയത്തില്‍ ഞാന്‍ മുന്‍പ് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു... ഇത്രയും കളിച്ചാല്‍ദ്രാവിഡും എടുക്കും റണ്‍സ്

സച്ചിന്‍ ആന്‍ഡ്‌ ക്രിടിക്സ് എന്ന സൈറ്റില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്... സന്ദര്‍ശിക്കുക...

ഒരു വാല്‍ക്കഷ്ണം:

മറ്റു രണ്ടു പ്രധാന വിമര്‍ശനങ്ങള്‍-

1. സച്ചിന്‍ സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ് കളിക്കുന്നത്!

2. ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സച്ചിന്‍ സമ്മര്‍ദ്ദത്തില്‍ പെട്ട് പരാജയപ്പെടുന്നു!

സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടി കളിക്കുന്ന ആള്‍ക്ക് എന്തിനാണ് ഹേ ടീമിന്റെ അവസ്ഥയെ കുറിച്ച് ആലോചിച്ചു വേവലാതി?


ഫെബ്രുവരി 25, 2012

സച്ചിന്‍ വിരമിക്കാന്‍ മുറവിളി കൂട്ടുന്ന ശുംഭന്‍മാരോട്


സച്ചിന്‍ ഒന്ന് കളി മതിയാക്കി കിട്ടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം രക്ഷപെട്ടു. യുവ താരങ്ങള്‍ വന്ന് പിന്നെയൊരു കളിയങ്ങു തുടങ്ങും... അത് കണ്ടിട്ട് വേണം ചിലര്‍ക്കൊകെ കണ്ണടയ്ക്കാന്‍... 

കപില്‍ ദേവ്-  യുവ താരങ്ങളോട് പണ്ടേ വല്ലാത്ത മമതയുള്ള ആള്‍ ആണ്. അദ്ദേഹത്തിന്റെ അവസാന 2  വര്‍ഷങ്ങളിലെ പ്രകടനം ആണ് താഴെ കൊടുത്തിടുള്ളത്.
2  വര്ഷം - 49  കളികള്‍
 
ബാറ്റിംഗ്
39  ഇന്നിങ്ങ്സ്.
ഒറ്റയക്കത്തിനു പുറത്തായത് 12  തവണ!
ഉയര്‍ന്ന സ്കോര്‍- 42
ശരാശരി -16

ബൌളിംഗ്
49  ഇന്നിങ്ങ്സ്
ഒരു വിക്കെറ്റ് പോലും കിട്ടാതെ 23  ഇന്നിങ്ങ്സ് !

ഈ വമ്പന്‍  പ്രകടനങ്ങള്‍ നടത്തിയിട്ടും ടീമില്‍ കടിച്ചു തൂങ്ങി കിടന്നു. ജവഗല്‍ ശ്രീനാഥിനെ പോലെയുള്ള യുവ താരങ്ങളുടെ  വഴി മുടക്കിക്കൊണ്ട്.  ടെസ്റ്റില്‍ ഹാട്ലിയുടെ റെക്കോര്‍ഡ്‌ തകര്‍ത്തു 432  വിക്കെറ്റ് എന്നാ നേട്ടം എത്താന്‍ ആണ് ടീമില്‍ കടിച്ചു തൂങ്ങിയത്.

എന്നിട്ട് മഹാന്‍ ഇപ്പോള്‍ ഇതാ യുവരക്തത്തിന് വേണ്ടി വാദിച്ചു കൊണ്ട് വന്നിരിക്കുന്നു.

ഇനി സച്ചിന്‍റെ 2007  ലോകകപ്പ് മുതല്‍ ഉള്ള പ്രകടനങ്ങള്‍ നോക്കാം. 

2007  - 7  തവണ 90  ഇല്‍ അധികം റണ്ണുകള്‍ സച്ചിന്‍ ഒരു ഇന്നിങ്ങ്സില്‍ അടിചിടുണ്ട്.

2008  - ഈ വര്ഷം ആയിരുന്നു  കഴിഞ്ഞ തവണത്തെ സീ ബീ സീരീസ്. ആ ഒരു സീരീസ് ഒഴികെ സച്ചിന്‍ ആകെ കളിച്ചത് 2  മത്സരങ്ങള്‍ ആണ്. സീ ബീ സീരീസില്‍ ആവട്ടെ  ശ്രീലങ്കയുമായുള്ള നിര്‍ണ്ണായക കളിയില്‍ ജയിപ്പിച് ഫൈനലില്‍ സ്ഥാനം നേടിയതും. ആദ്യ രണ്ടു ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചതും സച്ചിന്‍ ആയിരുന്നു. 64 , 117 , 91 എന്നീ സ്കോറുകള്‍.

2009  - ദുര്‍ബ്ബലരായ വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള കളികള്‍ ഒഴികെ 20  കളികള്‍ കളിച്ചു. ശക്തരായ ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലാണ്ട് എന്നിവരുമായി. ഇതില്‍ 3 സെഞ്ച്വറികള്‍. കോംപാക് കപ്പ്‌ ഫൈനലിലെ 138. ഓസ്ട്രേലിയക് എതിരെ 350  പിന്തുടരുമ്പോള്‍ എടുത്ത 175 .  കീവീസിനെതിരെ 163  എടുത്തു 46  ഓവര്‍ ആയപ്പോള്‍ റിട്ടയര്‍ ചെയ്ത കളി. 3  അര്‍ദ്ധ സെഞ്ച്വറികള്‍. അതില്‍ ദിനേശ് കാര്‍ത്തികിന്റെ ആവേശം മൂലം മുടങ്ങിയ ഒരു 96 * ഉള്‍പ്പെടുന്നു.

2010  ഇല്‍ സച്ചിന്‍ ആകെ കളിച്ചത് 2  കളികള്‍ മാത്രമാണ്. അതില്‍ ഒന്നിലാണ് ഏകദിനത്തിലെ ആദ്യ 200   അടിച്ചത്. ശക്തരായ സൌത്ത് ആഫ്രിക്കയ്ക്ക് എതിരെ.

2011 ഇല്‍  ലോകകപ്പ് ഒഴികെ കളിച്ചത് ആകെ 2  കളികള്‍. ലോക കപ്പില്‍ ആവട്ടെ ഇന്ത്യയുടെ ടോപ്‌ സ്കോരെര്‍. ലോക കപ്പിലെ രണ്ടാമത്തെ ടോപ്‌ സ്കോരെര്‍. 482  റണ്‍സ്.  18  റണ്‍സ് കൂടെ നേടിയിരുന്നെങ്കില്‍ സച്ചിന്‍ ടോപ്‌ സ്കോരെര്‍ ആവുന്ന മൂന്നാം ലോകകപ്പ് ആവുമായിരുന്നു അത്.

ഈ 2007  മുതല്‍  ഉള്ള കാലയളവില്‍ ശ്കതരായ ടീമുകളുമായി  മാത്രമേ സച്ചിന്‍ കളിച്ചിട്ടുള്ളൂ. ദുര്‍ബ്ബലരായ ടീമുകളുമായി ആ കളികള്‍ കളിച്ചിരുന്നെങ്കില്‍ ഈ 100  സെഞ്ച്വറികള്‍ എന്ന നേട്ടം പണ്ടേ കൈപ്പിടിയില്‍ ഒതുക്കാമായിരുന്നു.

ഇതിനിടയില്‍ ബംഗ്ലാദേശ്, സ്കോട്ട്ലാന്‍ഡ്‌ , സിംബാവെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമായൊക്കെ ഇന്ത്യയ്ക്ക്   മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഇതിലൊക്കെ കളിച്ചാല്‍ വിമര്‍ശകര്‍ പറയുന്ന റെക്കോര്‍ഡ്‌ നു  വേണ്ടിയുള്ള കളികള്‍ എത്രയെത്ര  പുറത്തെടുക്കാമായിരുന്നു...

സച്ചിന്‍ ഇങ്ങനെ ഒഴിവാക്കുന്ന കളികളില്‍ അവസരം കിട്ടുന്നത് ഈ പറഞ്ഞ യുവ താരങ്ങള്‍ക്ക് തന്നെയല്ലേ? ഒരു വര്ഷം 2 -3  കളികള്‍... അല്ലെങ്കില്‍ ഒരു സീരീസ് കളിക്കുന്ന ആള്‍ ആണോ ടീമിന് ഭാരം? ഈ കളിക്കുന്ന കളികളില്‍ മോശം പ്രകടനം ആയിരുന്നോ?

സച്ചിന്‍ അവസാനമായ് കളിച്ച 10  കളികളിലെ 5 ഉയര്‍ന്ന സ്കോറുകള്‍ ഇതാണ്-
111, 85, 53, 48, 22 . 'വളരെ' മോശം... അല്ലേ?

ഇനി പ്രായവും ഫീല്ടിങ്ങും ആണ് പറയുന്നത് എങ്കില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിലെ മികച്ച ഒരു ഫീല്ടെര്‍ ആണ് സച്ചിന്‍. One  of  the  safe hands.
ഇത് ഇന്ത്യന്‍ ടീമിലെ യുവരക്തം അല്ല.  ഈ ചാടിയത് 39  വയസ്സുകാന്‍ സച്ചിന്‍ ആണ്.

സച്ചിന്‍ എന്ന് വിരമിക്കണം എന്ന് സച്ചിന് അറിയാം. അത് കണക്കു കൂടി തന്നെയാണ് അദ്ദേഹം മുന്നോട് പോവുന്നത് എന്ന് ഉറപ്പാണ്. 2011  ലോകകപ്പ് സച്ചിന്‍ കളിക്കും എന്ന് വിശ്വസിച്ചിരുന്ന ആരാധകര്‍ പോലും കുറവാണ്. ആ ഒരു തോന്നലില്‍ നിന്ന് ഉണ്ടായതാണ് 2007  ഇല്‍ ഓര്‍ക്കുട്ടില്‍ ഉണ്ടായ ഈ കംമുനിടികള്‍

ഇതേ സച്ചിന്‍ തന്നെയായിരുന്നു 2011 ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് അടിച്ച ഇന്ത്യന്‍ താരം... ലോകകപ്പിലെ റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനത് വന്ന ആളും...


ഈ ലിങ്കില്‍ കൂടെ പോയി വായിക്കുക. കുറെ വസ്തുതകള്‍ കാണാം.


കേരള താരം സോണി ചെറുവത്തൂരിന്റെ വാക്കുകള്‍ കടമെടുത്താല്‍ -
"സച്ചിന്‍ തെണ്ടുല്‍കര്‍ വിരമിക്കുന്നില്ല എന്നുള്ളതാണ് എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വം. ഇക്കാലത്ത് റിട്ടയര്‍ ചെയ്യുന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം. രസ്സാക്, ഗെയ്ല്‍ തുടങ്ങിയവരെ പോലെ റിട്ടയര്‍ ചെയ്തു കഴിഞ്ഞാല്‍ ട്വന്റി ട്വന്റി കളിച്ചു ഒരുപാട് പണവും പ്രശസ്തിയും ഉണ്ടാക്കാം. സച്ചിന്‍ വിരമിച്ചു കഴിഞ്ഞാല്‍ ലോകമെമ്പാടുമുള്ള ട്വന്റി ട്വന്റി ലീഗിലെ ടീമുകള്‍ അദ്ദേഹത്തിന് വേണ്ടി പരക്കം  പായും. സച്ചിന്‍ എന്നുള്ള പേര് മാത്രം മതി അദ്ദേഹത്തിന് പണം വാരാന്‍. എന്നാല്‍ അദ്ദേഹം അത് ചെയ്യാതെ  ഇപ്പോഴും ടീമിന് വേണ്ടി കളിക്കാന്‍ ആണ് ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാനുള്ള പാഷന്‍ അദ്ദേഹത്തിന്  ഉണ്ട് ഇപ്പോഴും. അതാണ്‌ അദ്ദേഹം ഇപ്പോഴും ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ വിരമിക്കാന്‍ പറയാന്‍ ആര്‍ക്കും അര്‍ഹതയില്ല. "


വാല്‍ക്കഷ്ണം:
ഷാരൂഖ് ഖാനോട് ഇന്റര്‍വ്യൂ വില്‍ ചോദിച്ച ചോദ്യം-
"താങ്കള്‍ക്ക് സച്ചിനോട് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കിട്ടുന്നു. എന്തും ചോദിക്കാം... എന്നാല്‍ ഒരൊറ്റ ചോദ്യം മാത്രം...  എന്താണ് താങ്കള്‍  ചോദിക്കാന്‍ ആഗ്രഹിക്കുന്നത്?"
ഷാരൂഖ്:  "കൊല്കത്താ നൈറ്റ് റയിഡഴസിന്  വേണ്ടി  കളിക്കാന്‍ വേണ്ടി ഞാന്‍ എത്ര  പണം മുടക്കേണ്ടി വരും?"


ഡിസംബർ 17, 2011

സച്ചിന്‍ - ദ്രാവിഡ്‌; മാതൃഭൂമിയിലെ പിച്ചും പേയും.


മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍ പുതുതായി ആരംഭിച്ച പംക്തിയാണ് ഇ ബി ടി എബ്രഹാം കൈകാര്യം ചെയ്യുന്ന 'പിച്ചും പ്ലേയും'! ആദ്യ ലേഖനത്തില്‍ നിന്നു തന്നെ മനസ്സിലായത് ഇത് പിച്ചും പേയും എഴുതി വയ്ക്കാനുള്ള ഒരിടം ആണ് എന്നതാണ്! അവസാനത്തെ ക്ലാസ്സിക് ക്രിക്ക്കെട്ടെര്‍ എന്ന പേരില്‍ രാഹുല്‍ ദ്രാവിഡിനെ പൂജിച്ച് എഴുതിയ ആദ്യ ലേഖനം മാധ്യമ പ്രവര്‍ത്തനത്തിന് സംഭവിച്ചിട്ടുള്ള മൂല്യച്യുതിയ്ക്ക് ഉത്തമ ഉദാഹരണം ആണ്.

രാഹുല്‍ ദ്രാവിഡ്‌ മഹാനായ ഒരു ബാറ്സ്മാന്‍ ആണ്. അതിലുപരി മഹത്തായ ഒരു വ്യക്ത്വിതത്തിനു ഉടമയായ മനുഷ്യനാണ്. ക്രിക്കെറ്റ് ലോകം കണ്ടിട്ടുള്ള മഹാന്മാരായ കളികാരില്‍ ഒരാള്‍ ആണ് അദ്ദേഹം. ക്രിക്കെറ്റ് ജീവവായു ആയ ഇന്ത്യയില്‍ നടക്കുന്ന ഏതു കാര്യത്തില്‍ കയറി ഇടപെട്ടാലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വില കിട്ടും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതെ, മാധ്യമങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാതെ, കരീര്‍ മുന്നോട്ടു കൊണ്ടുപോവുന്ന ഒരാള്‍ ആണ്. ഇതെല്ലം കൊണ്ടാണ് രാഹുല്‍ ദ്രാവിഡ്‌ എന്ന മനുഷ്യനെ രാഹുല്‍ ദ്രാവിഡ്‌ എന്ന കളിക്കാരന്‍ എന്നതിലുപരി ഞാന്‍ ബഹുമാനിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഇക്കാര്യത്തില്‍ എന്റെ ഇഷ്ട കളികാരന്‍ സച്ചിനെകാള്‍ മുകളില്‍ ഞാന്‍ കാണുന്നത് ദ്രാവിഡിനെ ആണ്.

പക്ഷെ രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്മണ്‍ എന്നീ രണ്ടു കളിക്കാരെ പറ്റി നല്ലത് എന്തെങ്കിലും പറയണം എങ്കില്‍ സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന മനുഷ്യനെ പറ്റി മോശമായി എന്തെങ്കിലും പറഞ്ഞേ പറ്റൂ എന്ന അവസ്ഥയ്ക് മാറ്റം വരണം. കഴിഞ്ഞ പത്തു വര്‍ഷമായി കേള്‍ക്കുന്ന വിലാപം ആണ് ദ്രാവിഡിന് പരിഗണന കിട്ടുന്നില്ല, ലക്ഷ്മണിനു പരിഗണന കിട്ടുന്നില്ല എന്നത്. ഒരു കാര്യം ചോദിച്ചോട്ടെ? സച്ചിന് അമിത പ്രാധാന്യം കൊടുക്കുന്നു എന്ന് പറയുന്ന ഇതേ മാധ്യമങ്ങള്‍ തന്നെയല്ലേ, ദ്രാവിഡോ ലക്ഷ്മണോ ഒരു കളി നന്നായി കളിച്ചാല്‍ ഉറപ്പായും അടുത്ത ദിവസം ഈ വിലാപം എഴുതി വിടുന്നത്? സത്യത്തില്‍ ഈ വിലാപം ആണ് കേട്ട് മടുത്തത്...!
ഇനി ആ ലേഖനത്തിലേക്ക് വരാം. സര്‍വ്വശ്രീ എബ്രഹാം എഴുതി പിടിപ്പിച്ചിരിക്കുന്ന രീതിയാണ് രസകരം. ഉള്ളത് പറയണമല്ലോ മാതൃഭൂമി പോലെ നാലുപേര്‍ പേര്‍ വായിക്കുന്ന മാസിക ആയതു കൊണ്ടാവണം, തന്റെ ആരാധ്യ പുരുഷനെ പൂജിക്കാന്‍ ഇല്ലാത്ത കണക്കുകള്‍ ഒന്നും പടച്ചു വിട്ടിടില്ല. എന്നാല്‍. ദ്രാവിഡിന് ദോഷകരമായ കണക്കുകള്‍ പലതും മറച്ചു വയ്ക്കുന്നു. സച്ചിന് എതിരെ എഴുതുമ്പോള്‍ കണക്കുകള്‍ക്ക് പകരം വായനക്കാരോട് ഒരു ചോദ്യമാണ്... ഉദാഹരണം: "നിര്‍ണായക അവസരങ്ങളില്‍ സച്ചിന്‍ എത്ര തവണ സെഞ്ച്വറി അടിച്ചിട്ടുണ്ട്...?" ആ ചോദ്യത്തിന് ഉത്തരം എന്റെ കയ്യില്‍ ഉണ്ട്.  എത്ര അവസരങ്ങള്‍ വേണമെങ്കിലും ഞാന്‍ പറഞ്ഞു തരാം. പക്ഷെ അത് വായിക്കുന്ന ഒരു ശരാശരി വായനക്കാരന്‍ കരുതുന്നത് എന്താവും? കുറെ എഴുതി പിടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഉള്‍വിളി ഉണ്ടായത് പോലെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് ഈ മാന്യദേഹം... "രാഹുല്‍ ദ്രാവിഡിന്റെ മഹത്വം വിവരിക്കാന്‍ സച്ചിന്‍ തെണ്ടുല്കരെ ഇകഴ്ത്തികാണിക്കുന്നതായി കരുതരുത്" ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം മനസ്സിലായി കാണുമല്ലോ!

സച്ചിന് കൊടുക്കുന്ന പ്രാധാന്യത്തിലെയ്ക് വരുന്നതിനു മുന്‍പ്‌ എബ്രഹാം സാറിന്റെ ചില ചോദ്യങ്ങള്‍ക്ക് ഞാന്‍  ഉത്തരം  തരാം. അത് കഴിഞ്ഞ് കുറെ ചോദ്യങ്ങള്‍ എനിക്കും ഉണ്ട് ചോദിക്കാന്‍...
____________________________________________________________________________

ചോ: സച്ചിന്‍ ദ്രാവിടിനെക്കാള്‍ 24 ടെസ്റ്റുകള്‍ അധികം കളിച്ചിട്ടുണ്ട്. 53 ബാറ്റിംഗ് ശരാശരിയുള്ള ദ്രാവിഡ്‌ സച്ചിന് തൊട്ടടുത് അല്ലെങ്കില്‍ അതിനു മുകളില്‍ എത്തുകയില്ലായിരുന്നോ? എന്നതാണ് ആദ്യ ചോദ്യം.

ഉ: 24 ടെസ്റ്റുകള്‍ ആയിരിക്കാം, എന്നാല്‍ സച്ചിന്‍ ദ്രവിടിനെക്കാള്‍ വെറും 25 ഇന്നിങ്ങ്സുകളെ അധികം കളിച്ചിട്ടുള്ളൂ. അതായത് 24 ടെസ്റ്റുകള്‍ എന്ന് വച്ചാല്‍ വായിക്കുന്ന സാധാരണക്കാരന്‍ ആലോചിചെടുക്കുക 48 ഇന്നിങ്ങ്സുകള്‍ ആവും. ഒരുകാര്യം കൂടെ ഓര്‍ക്കുക; ബാറ്റിംഗ് നിരയില്‍ ദ്രാവിഡ്‌ മൂന്നാം സ്ഥാനത്തും സച്ചിന്‍ നാലാം സ്ഥാനത്തും ആണ് സ്ഥിരമായി കളിക്കുന്നത്. ഈ 25 ഇന്നിങ്ങ്സുകളില്‍ സച്ചിന് 2190 റണ്‍സുകളും 16 ശതകങ്ങളും അധികം ഉണ്ട് എന്നത് എബ്രഹാം സാറിനു ഒരു കാര്യമേ അല്ല.
____________________________________________________________________________

ചോ: മൊത്തം നേടിയ 51 സെഞ്ച്വറികളില്‍ 20 എണ്ണം മാത്രമല്ലെ ഇന്ത്യ ജയിക്കാന്‍ കാരണം ആയുള്ളൂ...?
ഉ: ഒരു ടീം ഗെയിം ആണ് ക്രിക്കെറ്റ് എന്നറിയാത്ത 'പ്രതിഭ'കളെയാണോ മാതൃഭൂമി ക്രിക്കെറ്റ് ലേഖകരായി നിയമിച്ചിട്ടുള്ളത്? ഇതേ ചോദ്യം അങ്ങോട്ട്‌ ചോദിക്കട്ടെ മിസ്ടര്‍ എബ്രഹാം? ദ്രാവിഡ്‌ നേടിയ 35 സെഞ്ച്വറികളില്‍ വെറും 14 എണ്ണത്തില്‍ അല്ലേ ഇന്ത്യ ജയിച്ചുള്ളൂ? അതിനു എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്? ദ്രാവിഡിനെകാള്‍ വേഗത്തില്‍ സ്കോര്‍ ചെയ്യുന്ന ബാറ്സ്മാന്‍ ആണ് സച്ചിന്‍ എന്നതും താങ്കള്‍ക്ക് അറിയാം. അപ്പോള്‍ ആ തോല്വികള്‍ക്ക് സച്ചിന്‍ എങ്ങനെ കാരണക്കാരന്‍ ആവും?
____________________________________________________________________________

ഏറ്റവും രസകരമായ ചോദ്യം ഇതാണ്

ചോ: കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ്‌ ദ്രാവിഡ്‌ സെഞ്ച്വറി അടിച്ച ഒരു ടെസ്റ്റിലെ ഇന്ത്യ തോറ്റിട്ടുള്ളൂ. ഇത് എത്ര പേര്‍ക്ക് അവകാശപ്പെടാന്‍ ആവും?

ഉ: കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തോടെ ആ സംഖ്യ ഒന്നില്‍ നിന്ന് ഒറ്റയടിക്ക് 4 ആയി. അത് സമര്‍ത്ഥമായി മറച്ചു പിടിക്കാന്‍ എബ്രഹാം സാറിനു സാധിച്ചു! സച്ചിന്‍ സെഞ്ച്വറി അടിച്ച 11 കളികളില്‍ ഇന്ത്യ തോറ്റു. ഈ 11 കളികളില്‍ ദ്രാവിഡ്‌... അല്ലെങ്കില്‍ വേണ്ട, വേറെ ആരെങ്കിലും സച്ചിന് പിന്തുണയോടെ കൂടെ നിന്നിരുന്നെങ്കില്‍, സെഞ്ച്വറി അടിച്ചിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കുംയിരുന്നോ? ഈ തോറ്റ 11 കളികള്‍ നിര്‍ണായക അവസരം അല്ലായിരുന്നോ? ആ സമയത്ത് ഈ രക്ഷകന്‍ ദ്രാവിഡ്‌ രക്ഷിച്ചില്ലേ? ഈ ഇംഗ്ലണ്ട് സീരീസില്‍ സംഭവിച്ചത് തന്നെയാണ് ആ 11 ടെസ്റ്റുകളിലും സംഭവിച്ചത്. തോറ്റ 4 ടെസ്റ്റുകളില്‍ ദ്രാവിഡ്‌ അടിച്ച സെഞ്ച്വറികള്‍ മഹത്തായ സംഭവം ആവുന്നു... തോറ്റ 11 ടെസ്റ്റുകളില്‍ സച്ചിന്‍ അടിച്ച സെഞ്ച്വറികള്‍ക്ക് പഴം തുണിയുടെ വിലപോലും ഇല്ല. ഇതല്ലേ മിസ്ടര്‍ താങ്കള്‍ ദ്രാവിടിനെതിരെ എന്ന് പറഞ്ഞു വിലപിക്കുന്ന ഇരട്ടതാപ്പിനെക്കള്‍ വലിയ ഇരട്ടത്താപ്പ്?
____________________________________________________________________________

എനിക്ക് മാതൃഭൂമിയോട് സഹതാപം തോന്നിയ വരികള്‍ ആണ് അടുത്തത്.

ചോ: നിര്‍ണ്ണായക അവസരങ്ങളില്‍ 'മാസ്റ്റര്‍ ബ്ലാസ്ടര്‍' പതറുന്ന അനുഭവമാണുള്ളത് . 1999 മദ്രാസ് ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഇത് നേരിട്ട് കണ്ടയാളാണ് ലേഖകന്‍. അന്ന് കണ്ട നിലയില്‍ നിന്ന് ഒരു മറ്ച്ച്വിന്നെര്‍ എന്ന നിലയിലേക് വളരാന്‍ ഈ മഹാപ്രതിഭയ്ക്ക് കഴിഞ്ഞിട്ടില്ല.

ഉ: ദ്രാവിഡ്‌ തിമിരം ബാധിച്ച ഈ മഹാന്‍ ആണ് 99 മദ്രാസ് ടെസ്റ്റ്‌ മാതൃഭൂമിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്തത് എന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ക്രിക്ക്കെറ്റ് ലോകം കണ്ടിട്ടുള്ളതില്‍ വച്ച് മഹത്തായ ഇന്നിങ്ങ്സുകളില്‍ ഒന്നായാണ്, ഇന്ത്യന്‍ ടീം സച്ചിനെ ആശ്രയിച്ചാണ് ജയിക്കുന്നത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ടെസ്റ്റ്‌ ആയാണ് 99 മദ്രാസ്‌ ടെസ്റ്റ്‌ അറിയപ്പെടുന്നത്. ആ ടെസ്റ്റ്‌ ജയിക്കാന്‍ ഇന്ത്യയ്ക്ക് നാലാം ഇന്നിങ്ങ്സില്‍ 271 റണ്‍സ് വേണ്ടിയിരുന്നു. നാലാം ഇന്നിങ്ങ്സില്‍ ഇതുവരെ കളിച്ചിട്ടില്ല എന്ന് വിമര്‍ശകര്‍ 'അവകാശപ്പെടുന്ന' സച്ചിന്‍ മാത്രമാണ് പൊരുതിയത്. നടുവ് വേദന കാരണം വേദന സംഹാരികള്‍ കഴിച്ചും, ഐസ് ബാഗ്‌ കെട്ടി വച്ചും ആണ് സച്ചിന്‍ കളിച്ചത്. സച്ചിന്‍ 136 റണ്‍സ് എടുത്ത് ഔട്ട്‌ ആവുമ്പോള്‍ ഇന്ത്യക്ക് വേണ്ടത് 16 റണ്‍സ്. നാല് വിക്കെടുകള്‍ ബാകി. എന്നിട്ടോ? ഇന്ത്യ ആ ടെസ്റ്റ്‌ തോട്ടത് 12 റണ്‍സിനു. ബാകിയുള്ള 4 പേര്‍ ചേര്‍ന്ന് 16 റണ്‍സ് എടുക്കാതിരുന്നതിനു, നടുവ് വേദന സഹിച്ചു കളിച് ജയത്തിനു അരികില്‍ എത്തിച്ച സച്ചിന്‍ എന്ത് പിഴച്ചു? ആ ഇന്നിങ്സില്‍ എബ്രഹാമിന്റെ ആരാധ്യ പുരുഷനായ ദ്രാവിഡ്‌ എടുത്തത് 10 റണ്‍സ്. മറ്റൊരു സോ കോള്‍ഡ്‌ രക്ഷകന്‍ ആയ ലഷ്മന്‍ എടുത്തത് 0. അത് താങ്കള്‍ കണ്ടില്ലേ?
____________________________________________________________________________

ഇനി എനിക്ക് ചോദിക്കാനുള്ള ചില ചോദ്യങ്ങള്‍, ഒപ്പം താങ്കള്‍ സമര്‍ത്ഥിക്കാന്‍ നോക്കിയ പല കാര്യങ്ങള്‍ക്കും ഒരു മുന്‍‌കൂര്‍ ഉത്തരവും...

സച്ചിന്‍ നാലാം ഇന്നിങ്ങ്സ് കളിച്ചത് 52 തവണ ദ്രാവിഡ്‌ ആവട്ടെ 53 തവണ. നാലാം ഇന്നിങ്ങ്സില്‍ ദ്രാവിഡ്‌ അടിച്ചിട്ടുള്ളത് ഒരൊറ്റ സെഞ്ച്വറി. ആ കളി സമനില ആയി. എന്നാല്‍ സച്ചിന്‍ അടിച്ചിട്ടുള്ളത് 3 സെഞ്ച്വറികള്‍. മുന്‍പേ പറഞ്ഞ 99 ചെന്നൈ ടെസ്റ്റ്‌ സെഞ്ച്വറി ഇതില്‍ പെടും. ആ ടെസ്റ്റ്‌ ആണ് തോറ്റത്. ബാകി ഒന്നില്‍ സമനില. ഒരു കളി ഇന്ത്യ ജയിച്ചു. 
 ____________________________________________________________________________

ദ്രാവിഡ് തന്‍റെ 15 വര്‍ഷത്തെ  കരിയറില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍  ഒരിക്കല്‍ പോലും നാലാം ഇന്നിങ്ങ്സില്‍ ഒരു അര്‍ദ്ധസെഞ്ച്വറി  സ്കോര്‍ ചെയ്തിട്ടില്ല എന്നത് താങ്കള്‍ക്ക് അറിയാമോ? 38 ആണ് ഉയര്‍ന്ന സ്കോര്‍ !

സച്ചിന്‍ അന്‍പതിലധികം  റണ്‍സ് അടിച്ചത് 6 തവണ... അതില്‍ 5 തവണയും ഇന്ത്യ ജയിച്ചു!  ഒരു കളി സമനിലയും.
____________________________________________________________________________

സച്ചിന്‍ മൂന്നാം ഇന്നിങ്ങ്സ് കളിച്ചത് 68 തവണ ദ്രാവിഡ്‌ ആവട്ടെ 63 തവണ. സച്ചിന് സെഞ്ച്വറി 10. ദ്രാവിഡിനു 5.
____________________________________________________________________________

നിര്‍ണ്ണായക അവസരങ്ങളില്‍ തിളങ്ങാറില്ല, എന്നതാണ് സച്ചിനെതിരെ കേട്ട് മടുത്ത പ്രധാന ആരോപണം. സച്ചിന്‍ എല്ലാ നിര്‍ണ്ണായക അവസരങ്ങളിലും തിളങ്ങുന്നുണ്ടാവില്ല. എന്നാല്‍, സച്ചിന്‍ തിളങ്ങിയ നിര്‍ണ്ണായക അവസരങ്ങള്‍ ഞാന്‍ എണ്ണമിട്ടു നിരത്താം... ഒരു ദ്രവിടിണോ ലക്ഷ്മനിണോ സങ്കല്പ്പികാന്‍ പറ്റുന്നതില്‍ അധികം തവണ ഉണ്ടാവും അത്. അടുത്തിടെ നടന്നതില്‍ ചിലത് മാത്രം ഞാന്‍ ഇവിടെ പറയാം. ബാകിയുള്ളവ, എന്റെ വെബ്സൈറ്റില്‍  SACHIN ALWAYS FAILS IN PRESSURE SITUATIONS ? എന്ന പേജില്‍ കാണാം.

ഈ കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ സംഭവിച്ചതില്‍ ചിലത്  മാത്രം ഞാന്‍ പറയാം. 

ബംഗ്ലാദേശിനെതിരെ 2010 ജനുവരി ചിട്ടഗോന്ഗ് ടെസ്റ്റില്‍ ശിശുക്കള്‍ എന്നറിയപ്പെടുന്ന ബംഗ്ലാദേശ്  നിരയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്സ് ചീട്ടുകൊട്ടാരം പോലെ തകരുന്നു. ഒറ്റയ്ക്ക് പൊരുതിയ സച്ചിന്റെ 105 ന്റെ ബലത്തില്‍ ഇന്ത്യ 243 റണ്‍സ് നേടി. പത്താമത്തെ വിക്കെറ്റ് പോവുമ്പോഴും സച്ചിന്‍ നോട്ട്ഔട്ട്‌ ആയി നില്‍ക്കുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ സച്ചിന്‍ നേടുന്ന സെഞ്ച്വറി എന്നത് ആര്‍ക്കും പ്രയോജനം ഇല്ലാത്തത എന്നാണല്ലോ വെപ്പ്. ഈ 'വെപ്പ്' സച്ചിന്‍ സെഞ്ച്വറി അടിക്കുമ്പോള്‍ മാത്രമേ ഉള്ളു എന്നതാണ് രസകരം. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?


സൌത്ത് ആഫ്രിക്കയ്ക്കെതിരെ ജന 2011 കേയ്പ്‌ടൌണ്‍ ടെസ്റ്റ്‌. ആദ്യ ഇന്നിങ്ങ്സില്‍ സൌത്ത് ആഫ്രിക 362 . അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 5 റണ്‍സിനു നഷ്ടമാവുമ്പോള്‍ 28 നു 2 എന്ന അവസ്ഥയില്‍. സച്ചിന്‍ 146 എടുത്ത് ഔട്ട്‌ ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 341. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?


ഓസ്ട്രേലിയക്കെതിരെ 2010 ബംഗ്ലൂര്‍ ടെസ്റ്റ്‌. ആദ്യ ഇന്നിങ്ങ്സില്‍ ഓസ്ട്രേലിയ നേടിയത് 478 റണ്‍സ്. അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 1 റണ്‍സിനു നഷ്ടമാവുമ്പോള്‍ 38 നു 2 എന്ന അവസ്ഥയില്‍. സച്ചിന്‍ 214 എടുത്ത് ഔട്ട്‌ ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 486. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?


ഓസീസിനെതിരെ അവസാനം നടന്ന സീരീസിലെ മൊഹാലി ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്സില്‍ സച്ചിന്‍ 98 അടിച്ചു. സെക്കന്റ്‌ ഇന്നിങ്ങ്സില്‍ 38 നു ഔട്ട്‌ ആയപ്പോള്‍ അന്ന് പറഞ്ഞു സച്ചിന്‍ ടീമിന് കൊള്ളാത്ത ആള്‍. മാധ്യമങ്ങള്‍ സച്ചിന്റെ നാലാം ഇന്നിങ്ങ്സ് പ്രകടനത്തിനെ പറഞ്ഞു ഇകഴ്താന്‍ മത്സരമായിരുന്നല്ലോ... ഇംഗ്ലണ്ട് ടെസ്റ്റില്‍ ദ്രാവിഡ് ഫസ്റ്റ് ഇന്നിങ്ങ്സില്‍ 103 അടിച്ചിട്ട്, സെക്കന്റ്‌ ഇന്നിങ്ങ്സില്‍ 36 എടുത്ത് ഔട്ട്‌ ആയപ്പോള്‍ രക്ഷകന്‍! അല്ലേ?

ശ്രീലങ്കയ്ക്കെതിരെ ജൂലൈ 2010 കോളോമ്പോ ടെസ്റ്റ്‌. ആദ്യ ഇന്നിങ്ങ്സില്‍ ശ്രീലങ്ക നേടിയത് 642. അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 3 റണ്‍സിനു നഷ്ടമാവുമ്പോള്‍ 173 നു 3 എന്ന അവസ്ഥയില്‍. സച്ചിന്‍ 203 എടുത്ത് ഔട്ട്‌ ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 592. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?

ഇതല്ല, ഇനിയുമുണ്ട് ഒരുപാട്. ഇത് ഈ കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ സംഭവിച്ചതില്‍ ചിലത്  മാത്രമാണ്.
____________________________________________________________________________

ഇനി സച്ചിന് കിട്ടുന്ന 'പ്രാധാന്യം'. അത് ഞന്‍ ഉടനെ തന്നെ ഒരു പോസ്റ്റ്‌ ആയി ഇടുന്നുണ്ട്. എത്രയൊക്കെ കളിച്ചാലും നിര്‍ണ്ണായക അവസരത്തില്‍ തിളങ്ങിയാലും, ഒരൊറ്റ സീരീസില്‍ അല്പം മോശമായാല്‍, ടീമിന് കൊള്ളാത്ത ആള്‍, സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കുന്ന ആള്‍, വേണ്ട സമയത്ത് കളികാത്ത ആള്‍ എന്നുള്ള വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്ന ആള്‍ തന്നെയല്ലേ, എബ്രഹാം സാറേ ഈ സച്ചിന്‍?

സമ്പൂര്‍ണ്ണ പരാജയം എന്ന് വിമര്‍ശകര്‍ വിളിച്ചു കൂവുന്ന കഴിഞ്ഞ സീരീസിലും, 2 ഇന്നിങ്ങ്സുകളില്‍ ഇന്ത്യന്‍ ടീമിന്റെ ടോപ്‌ സ്കോരെര്‍ സച്ചിന്‍ ആയിരുന്നു എന്ന കാര്യം മറക്കരുത്. 

സച്ചിന്‍റെ അവസാന 10  ഫോര്‍ത്ത് ഇന്നിങ്ങ്സ് സ്കോറുകള്‍ : 12, 49, 103*, 54, 38, 53*, 14*, 12, 56, 76 . എന്താണ് ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം?

തന്റെ ലേഖനത്തിന്റെ അവസാന ഭാഗത്തായി പറയുന്ന കാര്യം ശ്രദ്ധേയമാണ്. 96  മുതല്‍ 2006 വരെ ലേഖകന്‍ ദ്രാവിടുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആയിരുന്നത്രെ... ദ്രാവിഡിന്റെ ജീവചരിത്രം എഴുതുവാന്‍ വേണ്ടി! ദ്രാവിഡിന്റെ കുല മഹിമയും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. അതായിരുന്നു ഉദ്ദേശം എങ്കില്‍ കുലമഹിമയെ പറ്റി ഒരു ലേഖനം ആവാമായിരുന്നു... ഇങ്ങനെ പിച്ചും പേയും എഴുതി പിടിപ്പിച് മലയാളത്തിലെ ഒരേയൊരു സ്പോര്‍ട്സ് മാസികയുടെ വിശ്വാസ്യത കളയണമായിരുന്നില്ല, മിസ്റ്റര്‍ എബ്രഹാം. 

Posted: 22 -09 -2011. Update: 17-12-2011


ജൂലൈ 31, 2011

ലോഡ്സിലെ സെഞ്ച്വറി എന്ന മഹാ സംഭവം!


ക്രിക്കെട്ടിന്റെ തറവാട്! ക്രിക്കെട്ടിന്റെ മക്ക! ഇതെല്ലാം ലോര്‍ഡ്സ് ക്രിക്കറ്റ്‌ മൈതാനത്തിന്റെ വിശേഷണങ്ങളില്‍ ചിലത് മാത്രമാണ്... അവിടെ നേടുന്ന ഓരോ റണ്‍സും ഓരോ വിക്കെറ്റും കളിക്കാര്‍ക്ക് വളരെ വിലയുള്ള സംഗതികള്‍ ആണ്.

ലോര്‍ഡ്സിലെ ഓണേഴ്സ് ബോര്‍ഡില്‍ പേര് വരാനായി കളിക്കാര്‍ കൊതിക്കാറുണ്ട്. ഇതെല്ലാം ആ മൈതാനത്തിന്റെ ചരിത്രപരമായ സവിശേഷതകള്‍ കാരണം ഉണ്ടായ പ്രാധാന്യം മാത്രമാണ്. അതല്ലാതെ അത് ഒരു ബാറ്റ്സ്മാന് മെരുങ്ങാത്ത മൈതാനമോ പിച്ചോ അല്ല. മൈതാനത്തിനു ഒരു വശത്തേക് ചരിവ് പോലും ഉണ്ടെന്നതാണ് വസ്തുത.

സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന ക്രിക്കെട്ടെര്‍ നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും, ലോര്‍ഡ്സില്‍ ഒരു സെഞ്ച്വറിയോ ഒരു വലിയ ഇന്നിങ്ങ്സോ അദ്ദേഹം നേടിയിട്ടില്ല എന്നത് വിമര്‍ശകര്‍ക്ക് ഒരു വലിയ പിടിവള്ളി ആണ്.

ഇതൊരു ദേശീയ ടീമിനും ലോര്‍ഡ്സില്‍ സാധാരണ ഗതിയില്‍ ഒരു ടെസ്റ്റ്‌ മത്സരം അല്ലെങ്കില്‍ ഒരു ഏകദിന മത്സരം കളിക്കണമെങ്കില്‍ എതിര്‍ ടീം ഇംഗ്ലണ്ട് ആയിരിക്കും. അല്ലാതെ സംഭവിക്കണമെങ്കില്‍ അത് ലോകകപ്പ് ഫൈനലോ മറ്റോ ആവണം. കൂടാതെ ഇംഗ്ലണ്ടിന്റെ ബൌളിംഗ് നിര അത്ര കേമം എന്ന് പറയാന്‍ മാത്രം ഉണ്ടായിരുന്നില്ല, ഈ കഴിഞ്ഞ രണ്ടു ദശാബ്ദ കാലം എങ്കിലും.

സച്ചിന്‍ തെണ്ടുല്‍കര്‍ 22 വര്‍ഷത്തെ കരിയറില്‍ 3 ഏകദിനങ്ങളും 5 ടെസ്റ്റുകളും മാത്രമാണ് ലോര്‍ഡ്സില്‍ കളിച്ചിട്ടുള്ളത്. ഇത്രയും കളികളില്‍ ഒരു സെഞ്ച്വറി ഇല്ല എന്നത് അദ്ദേഹത്തെ വെറുക്കുന്ന ഒരാള്‍ക്ക് പറയാന്‍ ഉള്ള ഒരു വിഷയം ആവും എന്നത് സ്വാഭാവികം മാത്രം.

പക്ഷെ... ലോര്‍ഡ്സില്‍ കളിക്കാന്‍ പ്രത്യേക കഴിവ് വേണം, സച്ചിന് ആ പിച്ച് മെരുങ്ങില്ല എന്നിങ്ങനെയുള്ള വാദങ്ങള്‍ പലയിടത്തും കാണുന്നു. അതിനെ കുറിച്ച് ചില കാര്യങ്ങള്‍...

ഒരു അന്താരാഷ്ട്ര മത്സരത്തില്‍ സച്ചിന് അവിടെ സെഞ്ച്വറി ഇല്ല എന്നത് ഒരു വസ്തുതയാണ്... എന്നാല്‍, ഒരു പ്രദര്‍ശന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൌളിംഗ് നിരയെ വെല്ലുന്ന ടീമിനെതിരെ സച്ചിന്‍ കളിച്ചിട്ടുണ്ട്, ലോര്‍ഡ്സില്‍.

1998 ജൂലൈ 18 ന് പ്രിന്‍സെസ്സ് ഡയാന മെമ്മോറിയല്‍ മാച്ച് എന്ന പേരില്‍ ലോര്‍ഡ്സില്‍ നടന്ന കളിയില്‍ മാന്‍ ഓഫ് ദി മാച്ച് സച്ചിന്‍ ആയിരുന്നു എന്ന് ഒരുപാട് പേര്‍ക്ക് അറിയില്ല. എം സീ സീ ഇലവനും റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് ഇലവനും തമ്മില്‍ ആയിരുന്നു മത്സരം.

അന്ന് സച്ചിന്‍ നേരിട്ട ബൌളിംഗ് നിര ഇതാണ്...

1. ഗ്ലെന്‍ മഗ്രാത്ത്
2. ജവഗല്‍ ശ്രീനാഥ്
3. അലെന്‍ ഡൊണാള്‍ട്
4. മക് മില്ലന്‍
5. അനില്‍ കുംബ്ലെ
6. അമീര്‍ സോഹൈല്‍

ഈ ബൌളിംഗ് നിരയെ പറ്റി ഞാന്‍ അധികം പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

ആദ്യം ബാറ്റ് ചെയ്ത റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് ചന്ദര്‍ പോളിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 261 എടുത്തു. ആ സ്കോര്‍ പിന്തുടര്‍ന്ന എം സീ സീ സച്ചിന്റെ 114 പന്തുകളില്‍ നേടിയ 125 റണ്‍സിന്റെ ബലത്തില്‍ റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് നെ പരാജയപ്പെടുത്തി. 15 ഫോറും 4 സിക്സും ഉണ്ടായിരുന്നു ആ ഇന്നിങ്ങ്സില്‍.

സ്കോര്‍ കാര്‍ഡ്‌

അമീര്‍ സോഹൈല്‍, മക്ഗ്രാത്ത്, ഡൊണാള്‍ട് എന്നിവരെയാണ് സച്ചിന്‍ നന്നായി കൈകാര്യം ചെയ്തത്. മക്ഗ്രാത്ത് എന്ന മഹാരഥന്റെ തലയ്ക്കു മുകളിലൂടെ രണ്ടും മൂന്നും തവണ തുടര്‍ച്ചയായി പന്ത് പറക്കുന്നത് കാണാം... വീഡിയോ താഴെകൊടുത്തിട്ടുണ്ട്...
സച്ചിന്‍ അന്താരാഷ്ട്ര മത്സരത്തില്‍, ഇംഗ്ലണ്ടിന്റെ ബൌളിംഗ് നിരയ്ക്ക് എതിരെ ഒരു സെഞ്ച്വറി നേടിയിട്ടില്ല എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ... പക്ഷെ ലോര്‍ഡ്സ് എന്ന ക്രിക്കറ്റ്‌ കൊട്ടാരം ക്രിക്കെട്ടിന്റെ രാജാവിനു മെരുങ്ങില്ല എന്ന് മാത്രം ദയവ് ചെയ്ത് പറയരുത്.

വാല്‍ക്കഷ്ണം: ലോര്‍ഡ്സില്‍ സച്ചിന്റെ അവസാന ഇന്നിങ്ങ്സിനു ശേഷം നടന്ന ഷോയില്‍ കേട്ടത്...

ജെഫ്രി ബോയ്ക്കോട്ട്: "സച്ചിന്‍ മഹാനായ ഒരു കളികാരന്‍ ആണ്. പക്ഷെ അദ്ദേഹത്തിന്റെ പേര് ലോര്‍ഡ്സിലെ ഓണേഴ്സ് ബോര്‍ഡില്‍ ഇല്ല."

ഹര്‍ഷ ഭോഗ്ലെ: "അതേ, അതപ്പോള്‍ ശരിക്കും ആരുടെ നഷ്ടമാണ്? സച്ചിന്റെയോ അതോ ഓണേഴ്സ് ബോര്‍ഡിന്‍റെയോ?"