ജൂലൈ 31, 2011

ലോഡ്സിലെ സെഞ്ച്വറി എന്ന മഹാ സംഭവം!


ക്രിക്കെട്ടിന്റെ തറവാട്! ക്രിക്കെട്ടിന്റെ മക്ക! ഇതെല്ലാം ലോര്‍ഡ്സ് ക്രിക്കറ്റ്‌ മൈതാനത്തിന്റെ വിശേഷണങ്ങളില്‍ ചിലത് മാത്രമാണ്... അവിടെ നേടുന്ന ഓരോ റണ്‍സും ഓരോ വിക്കെറ്റും കളിക്കാര്‍ക്ക് വളരെ വിലയുള്ള സംഗതികള്‍ ആണ്.

ലോര്‍ഡ്സിലെ ഓണേഴ്സ് ബോര്‍ഡില്‍ പേര് വരാനായി കളിക്കാര്‍ കൊതിക്കാറുണ്ട്. ഇതെല്ലാം ആ മൈതാനത്തിന്റെ ചരിത്രപരമായ സവിശേഷതകള്‍ കാരണം ഉണ്ടായ പ്രാധാന്യം മാത്രമാണ്. അതല്ലാതെ അത് ഒരു ബാറ്റ്സ്മാന് മെരുങ്ങാത്ത മൈതാനമോ പിച്ചോ അല്ല. മൈതാനത്തിനു ഒരു വശത്തേക് ചരിവ് പോലും ഉണ്ടെന്നതാണ് വസ്തുത.

സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന ക്രിക്കെട്ടെര്‍ നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും, ലോര്‍ഡ്സില്‍ ഒരു സെഞ്ച്വറിയോ ഒരു വലിയ ഇന്നിങ്ങ്സോ അദ്ദേഹം നേടിയിട്ടില്ല എന്നത് വിമര്‍ശകര്‍ക്ക് ഒരു വലിയ പിടിവള്ളി ആണ്.

ഇതൊരു ദേശീയ ടീമിനും ലോര്‍ഡ്സില്‍ സാധാരണ ഗതിയില്‍ ഒരു ടെസ്റ്റ്‌ മത്സരം അല്ലെങ്കില്‍ ഒരു ഏകദിന മത്സരം കളിക്കണമെങ്കില്‍ എതിര്‍ ടീം ഇംഗ്ലണ്ട് ആയിരിക്കും. അല്ലാതെ സംഭവിക്കണമെങ്കില്‍ അത് ലോകകപ്പ് ഫൈനലോ മറ്റോ ആവണം. കൂടാതെ ഇംഗ്ലണ്ടിന്റെ ബൌളിംഗ് നിര അത്ര കേമം എന്ന് പറയാന്‍ മാത്രം ഉണ്ടായിരുന്നില്ല, ഈ കഴിഞ്ഞ രണ്ടു ദശാബ്ദ കാലം എങ്കിലും.

സച്ചിന്‍ തെണ്ടുല്‍കര്‍ 22 വര്‍ഷത്തെ കരിയറില്‍ 3 ഏകദിനങ്ങളും 5 ടെസ്റ്റുകളും മാത്രമാണ് ലോര്‍ഡ്സില്‍ കളിച്ചിട്ടുള്ളത്. ഇത്രയും കളികളില്‍ ഒരു സെഞ്ച്വറി ഇല്ല എന്നത് അദ്ദേഹത്തെ വെറുക്കുന്ന ഒരാള്‍ക്ക് പറയാന്‍ ഉള്ള ഒരു വിഷയം ആവും എന്നത് സ്വാഭാവികം മാത്രം.

പക്ഷെ... ലോര്‍ഡ്സില്‍ കളിക്കാന്‍ പ്രത്യേക കഴിവ് വേണം, സച്ചിന് ആ പിച്ച് മെരുങ്ങില്ല എന്നിങ്ങനെയുള്ള വാദങ്ങള്‍ പലയിടത്തും കാണുന്നു. അതിനെ കുറിച്ച് ചില കാര്യങ്ങള്‍...

ഒരു അന്താരാഷ്ട്ര മത്സരത്തില്‍ സച്ചിന് അവിടെ സെഞ്ച്വറി ഇല്ല എന്നത് ഒരു വസ്തുതയാണ്... എന്നാല്‍, ഒരു പ്രദര്‍ശന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൌളിംഗ് നിരയെ വെല്ലുന്ന ടീമിനെതിരെ സച്ചിന്‍ കളിച്ചിട്ടുണ്ട്, ലോര്‍ഡ്സില്‍.

1998 ജൂലൈ 18 ന് പ്രിന്‍സെസ്സ് ഡയാന മെമ്മോറിയല്‍ മാച്ച് എന്ന പേരില്‍ ലോര്‍ഡ്സില്‍ നടന്ന കളിയില്‍ മാന്‍ ഓഫ് ദി മാച്ച് സച്ചിന്‍ ആയിരുന്നു എന്ന് ഒരുപാട് പേര്‍ക്ക് അറിയില്ല. എം സീ സീ ഇലവനും റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് ഇലവനും തമ്മില്‍ ആയിരുന്നു മത്സരം.

അന്ന് സച്ചിന്‍ നേരിട്ട ബൌളിംഗ് നിര ഇതാണ്...

1. ഗ്ലെന്‍ മഗ്രാത്ത്
2. ജവഗല്‍ ശ്രീനാഥ്
3. അലെന്‍ ഡൊണാള്‍ട്
4. മക് മില്ലന്‍
5. അനില്‍ കുംബ്ലെ
6. അമീര്‍ സോഹൈല്‍

ഈ ബൌളിംഗ് നിരയെ പറ്റി ഞാന്‍ അധികം പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

ആദ്യം ബാറ്റ് ചെയ്ത റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് ചന്ദര്‍ പോളിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 261 എടുത്തു. ആ സ്കോര്‍ പിന്തുടര്‍ന്ന എം സീ സീ സച്ചിന്റെ 114 പന്തുകളില്‍ നേടിയ 125 റണ്‍സിന്റെ ബലത്തില്‍ റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് നെ പരാജയപ്പെടുത്തി. 15 ഫോറും 4 സിക്സും ഉണ്ടായിരുന്നു ആ ഇന്നിങ്ങ്സില്‍.

സ്കോര്‍ കാര്‍ഡ്‌

അമീര്‍ സോഹൈല്‍, മക്ഗ്രാത്ത്, ഡൊണാള്‍ട് എന്നിവരെയാണ് സച്ചിന്‍ നന്നായി കൈകാര്യം ചെയ്തത്. മക്ഗ്രാത്ത് എന്ന മഹാരഥന്റെ തലയ്ക്കു മുകളിലൂടെ രണ്ടും മൂന്നും തവണ തുടര്‍ച്ചയായി പന്ത് പറക്കുന്നത് കാണാം... വീഡിയോ താഴെകൊടുത്തിട്ടുണ്ട്...
സച്ചിന്‍ അന്താരാഷ്ട്ര മത്സരത്തില്‍, ഇംഗ്ലണ്ടിന്റെ ബൌളിംഗ് നിരയ്ക്ക് എതിരെ ഒരു സെഞ്ച്വറി നേടിയിട്ടില്ല എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ... പക്ഷെ ലോര്‍ഡ്സ് എന്ന ക്രിക്കറ്റ്‌ കൊട്ടാരം ക്രിക്കെട്ടിന്റെ രാജാവിനു മെരുങ്ങില്ല എന്ന് മാത്രം ദയവ് ചെയ്ത് പറയരുത്.

വാല്‍ക്കഷ്ണം: ലോര്‍ഡ്സില്‍ സച്ചിന്റെ അവസാന ഇന്നിങ്ങ്സിനു ശേഷം നടന്ന ഷോയില്‍ കേട്ടത്...

ജെഫ്രി ബോയ്ക്കോട്ട്: "സച്ചിന്‍ മഹാനായ ഒരു കളികാരന്‍ ആണ്. പക്ഷെ അദ്ദേഹത്തിന്റെ പേര് ലോര്‍ഡ്സിലെ ഓണേഴ്സ് ബോര്‍ഡില്‍ ഇല്ല."

ഹര്‍ഷ ഭോഗ്ലെ: "അതേ, അതപ്പോള്‍ ശരിക്കും ആരുടെ നഷ്ടമാണ്? സച്ചിന്റെയോ അതോ ഓണേഴ്സ് ബോര്‍ഡിന്‍റെയോ?"