സെപ്റ്റംബർ 28, 2010

സച്ചിന്‍ - ആത്മവിശ്വാസത്തിന്റെ പര്യായം


ഓസീസ് സ്പിന്നെര്‍ ബ്രാഡ് ഹോഗും സച്ചിനും തമ്മില്‍ ഉണ്ടായ ഒരു ചെറിയ 'വെല്ലുവിളിയുടെ' കഥ. സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന മനുഷ്യന്റെ ആത്മവിശ്വാസം എത്രയോ എത്രയോ വലുതാണ്‌ എന്ന് വെളിവാകുന്ന ഒരു സംഭവം!

2007 ഒക്ടോബര്‍ അഞ്ചാം തീയതി ഹൈദ്രാബാദില്‍ നടന്ന ഇന്ത്യ ഓസീസ് ഏകദിന മത്സരം. 43 റണ്‍ എടുത്തു ബാറ്റ് ചെയ്യുന്ന സച്ചിനെ ബ്രാഡ് ഹോഗ് എന്ന സ്പിന്നെര്‍ ക്ലീന്‍ ബൌള്‍ഡ് ആക്കുന്നു.

SR Tendulkar - b B Hogg.
24.6 disaster for India! Tendulkar gives himself plenty of room outside off to cut, the ball lands on a full length and jags back in and clips the off stump 108/4

തന്റെ ആരാധന പാത്രമായ സച്ചിന്റെ വിക്കെറ്റ്ഹോഗ്ഗ് ശരിക്ക്ആഘോഷിച്ചു! അന്ന് വൈകിട്ട് അതിന്റെ ഒരു ഫോടോയുമായി സച്ചിന്റെ അടുത്തേക്ക് തന്നെ ചെന്നു, എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ആ ഫോട്ടോയില്‍ സച്ചിന്റെ ഒരു ഒപ്പിനു വേണ്ടി....




















സച്ചിന്‍ അതില്‍ ഒപ്പിട്ടു എന്നിട്ട് താഴെ ഇങ്ങനെ കുറിച്ചിട്ടു...

"This will never happen again, Hoggy"

(ബ്രാഡ് ഹോഗ്ഗ് കളി മതിയാക്കാന്‍ ആലോചിച്ചു കൊണ്ട് നടത്തിയ പ്രസ്‌ മീടിലോ മറ്റോ ആണ് ഇത് വെളിപ്പെടുത്തിയത്. 6 മാസം കൂടി കളിക്കാനും 2008 മാര്‍ച്ച്‌ മാസത്തോടെ കൂടി വിരമിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും, കീവീസ് പരമ്പരയും , ഓസ്ട്രളിയയില്‍ നടക്കുന്ന സീ ബീ സീരീസും 5 ടെസ്റ്റുകളും കളിച്ചു കളി മതിയാക്കാന്‍ ആയിരുന്നു തീരുമാനം.)

ഞാന്‍ ഈ സംഭവങ്ങള്‍ എല്ലാം അറിയുന്നത് മനോരമ പത്രത്തിലെ ഒരു ആര്‍ട്ടിക്കിള്‍ കണ്ടിട്ടാണ്.

സത്യം പറയാം... സച്ചിന്റെ ഈ കമന്റ്‌ കണ്ടപ്പോള്‍ ഞാന്‍ ആദ്യം മനസ്സില്‍ വിചാരിച്ചത് ഇതാണ്.

" ഇങ്ങേര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? ഇത് മൂന്നാമത്തെ ഏകദിനം ആണ്. ഈ സീരീസില്‍ തന്നെ ഉണ്ട് ഇനി നാലെണ്ണം. അത് കഴിഞ്ഞ് സീ ബീ സീരീസിലെ അഞ്ചു ലീഗ് മാച്ചുകള്‍ , ജയിച്ചാല്‍ എതിരാളി ഓസീസ് ആണെങ്കില്‍ മൂന്നു ഫൈനല്‍ കളികള്‍ . അഞ്ചു ടെസ്റ്റിലും കൂടി 10 ഇന്നിങ്ങ്സ് വേറെ... ഇനിയിപ്പോ ഹോഗ്ഗ് എങ്ങാനും വിക്കെറ്റ് എടുത്താല്‍ തീര്‍ന്നു! അഥവാ എടുത്തില്ല എങ്കിലും... ഹോഗ്ഗിനു വിക്കെറ്റ് കൊടുക്കാതിരിക്കാന്‍ വേണ്ടി ശ്രദ്ധയോടെ കളിച്ച് കളിയുടെ വേഗത കുറച്ചു എന്ന് വിമര്‍ശകരെ കൊണ്ട് പറയിപ്പിക്കും. കഷ്ടം! "

എന്നെപ്പോലെ സച്ചിനെ ഇഷ്ടപ്പെടുന്ന ഒരുപാട് സുഹൃത്തുക്കളോട് ഞാന്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു.

പക്ഷെ ഇവിടെയാണ്‌ സച്ചിന്‍ എന്ന മനുഷ്യന്‍ എന്നെ വീണ്ടും വിസ്മയിപ്പിച്ചത്...!

ആ പരമ്പരയിലെ 4 മത്സരങ്ങള്‍, സീ ബീ സീരീസിലെ രണ്ടു ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ 5 കളികള്‍, അങ്ങനെ 9 ഏകദിനങ്ങളും. 3 ടെസ്ടുകളിലെ 6 ഇന്നിങ്ങ്സും ഹോഗ് വിരമിക്കുനതിനു മുന്‍പ് ഇന്ത്യയും ഹോഗ് ഉള്‍പ്പെട്ട ഓസീസും ഏറ്റുമുട്ടി.

എന്നാല്‍ ഒരിക്കല്‍ പോലും സച്ചിനെ പുറത്താക്കാന്‍ ഹോഗിന് കഴിഞ്ഞില്ല.

അതിനു ശേഷം സച്ചിനും ഹോഗും മുഖാമുഖം വന്നപ്പോഴുള്ള സ്കോറുകള്‍ ആണ് താഴെ പറയുന്നത്. എന്റെ വെബ്സൈറ്റ് ആയ sachinandcritics.com നു വേണ്ടി തയ്യാറാക്കിയതാണിവ...

ഇന്ത്യന്‍ ഏകദിന പരമ്പര
ആ പരമ്പരയില്‍ ശേഷിച്ച 4 കളികളില്‍ 3 എണ്ണം ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി. ഹോഗിന്റെ 32 പന്തുകള്‍ നേരിട്ട സച്ചിന്‍ 28 റണ്ണുകള്‍ നേടി.

സീ ബീ സീരീസ്

ഹോഗിന്റെ 19 പന്തുകള്‍ നേരിട്ട സച്ചിന്‍ 20 റണ്ണുകള്‍ നേടി.

ടെസ്റ്റ്‌ സീരീസിലെ 3 ടെസ്റ്റ്‌ മത്സരങ്ങള്‍...

ഹോഗിന്റെ 156 പന്തുകള്‍ നേരിട്ട സച്ചിന്‍ 133 റണ്ണുകള്‍ നേടി. ഇവ ടെസ്റ്റ്‌ മത്സരങ്ങള്‍ ആയിരുന്നു എന്നത് പ്രത്യേകം ഓര്‍മിക്കുക.

ഈ കളികളില്‍ ഹോഗ്ഗിനു വിക്കെറ്റ് നല്‍കാതിരിക്കാന്‍ ബദ്ധപ്പെടുന്ന സച്ചിനെയല്ല കാണാന്‍ കഴിഞ്ഞത്. മറിച്ച് അദ്ദേഹത്തെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന പ്രതീതിയായിരുന്നു.

സച്ചിന്‍ ഇതിനു ശേഷം 5 സിക്സുകള്‍ ഹോഗിനെതിരെ മാത്രം നേടി എന്നുള്ളതും എടുത്തു പറയേണ്ടതാണ്.

ദി ടെലെഗ്രഫ്, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നീ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഹോഗ്ഗിന്റെ വാക്കുകള്‍...

“I got him out in one of the games, and there was a photo of it I asked him to sign for me. He did it and wrote me a message. Underneath his signature, he wrote, ‘this will never happen again, Hoggy,’

It's a bit of a prized possession. It's an honour to be on the field with the calibre of player like Sachin Tendulkar.
To bowl at him is a great experience. It's not overawing, just a great experience. If I'm out there, I'm out there to compete against him and make life as hard as possible for him."

ഇപ്പോള്‍ നാല്‍പ്പതാം വയസ്സിലേക്ക് കടക്കുന്ന ഹോഗിന് ഇനി ഐ പീ എല്ലില്‍ പോലും സച്ചിനെതിരെ കളിക്കാന്‍ കഴിയില്ല എന്നത് ഒരു സത്യമാണ്.

ഇനിയൊരിക്കല്‍ പോലും അത് സംഭവിക്കില്ല ഹോഗ്ഗീ... സച്ചിന്‍ 'എഴുതി ഒപ്പിട്ടു തന്നു!' അത് തന്നെ കാര്യം...!






സെപ്റ്റംബർ 22, 2010

ഞങ്ങള്‍ ഊര്‍ജ്ജം സംരക്ഷിച്ചേ അടങ്ങൂ...!


ഇന്ന് ലോക ഊര്‍ജ്ജ സംരക്ഷണ ദിനം ആണോ...?? എനിക്കറിയില്ല...

ഊര്‍ജ്ജം എങ്ങനെ സംരക്ഷിക്കാം എന്ന് അനന്തപുരി നിവാസികളെ ഒരുകൂട്ടം ആളുകള്‍ പഠിപ്പിക്കുന്നത് കണ്ടു... അതുകൊണ്ട് ചോദിച്ചു പോയതാണ്.

ഓഫീസില്‍ നിന്ന് വരുന്ന വഴി ആണ്... വെള്ളയമ്പലം ആല്‍ത്തറ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഒരു ജാഥ! ഊര്‍ജ്ജ സംരക്ഷണം ആണ് വിഷയം. ഒരു 40 പേരുണ്ടാവും, 3 നിരകളില്‍ ആയി സൈക്കിള്‍ ചവിട്ടി വരുന്നു... പ്ലക്കാര്‍ഡും കൊടിയും എന്ന് വേണ്ട എന്തൊക്കെയോ സൈക്കിളില്‍ കെട്ടി വച്ചിട്ടുണ്ട്...

അതിനെന്താണ് അല്ലേ?

തീര്‍ന്നില്ല...

ഏറ്റവും മുന്നില്‍ ആയി ഒരു ജീപ്പ്! ഒരു 5 കിലോമീറ്റര്‍ സ്പീഡില്‍ മൈക്ക് വച്ച് അന്നൌന്‍സ് ചെയ്തു കൊണ്ട് പോവുന്നു... അതിനു ജനരെട്ടര്‍ ഇല്ലാതെ പറ്റില്ലല്ലോ...

സൈക്കിള്‍ ആ വണ്‍വേ റോഡില്‍ മൂന്നു നിരയായി പോവുന്നത് കൊണ്ട് ഒരു ചെറിയ സ്കൂട്ടി പോലും കടന്നു പോവില്ല... പിറകില്‍ ഒരു 10 -30 കാറുകള്‍... ബൈക്കുകള്‍... എല്ലാം ഫസ്റ്റ് ഗിയറില്‍... ബ്രേക്ക്‌ ഇട്ടു ബ്രേക്ക്‌ ഇട്ടു ബ്ലോക്കില്പെട്ടു നിരന്നു നീങ്ങുന്നു... ജാഥ തുടങ്ങിയിട്ട് അധിക നേരം ആയിട്ടില്ല. എവിടെ വരെ ഉണ്ടാവും എന്നും അറിയില്ല.

ഞാന്‍ വെള്ളയമ്പലം സ്ക്വയറില്‍ എത്തിയപ്പോള്‍ മനസ്സിലായി അവര്‍ തുടങ്ങിയത് അവിടെ നിന്നാണ് എന്ന്... ഞാന്‍ കഷ്ടിച്ച് ആ ബ്ലോക്കില്‍ നിന്ന് ഊരിപ്പോന്നു...

ഈ ജാഥ എവിടെ വരെ ഉണ്ടായിരുന്നു ആവോ?

എന്തായാലും ഊര്‍ജ്ജം സംരക്ഷിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തു ഇറങ്ങിയതാണെന്ന് ഉറപ്പ്...!

ഇനി വിഷയം ഊര്‍ജ്ജ സംരക്ഷണം തന്നെ ആയിരുന്നോ? ഇനി അല്ലെങ്കില്‍ എന്നെ കൊല്ലല്ലേ... എന്തായാലും സമരം ഒന്നും അല്ലല്ലോ... അത് തന്നെ ഭാഗ്യം...! അവര്‍ ഒരു നല്ല കാര്യത്തിനായി ആണ് ഇറങ്ങിയത്. ഫലമോ, നേരെ വിപരീതവും... അത് കൊണ്ട് എഴുതിപ്പോയതാണ്.






സെപ്റ്റംബർ 08, 2010

മൊബൈല്‍ ഫോണ്‍ വച്ച് എനിക്കിട്ടൊരു ബ്ലോക്ക്‌ !


അരീക്കോടന്‍ മാഷിന്റെ കള്ളം പറയാനും മൊബൈല്‍ ഫോണ്‍ ! എന്ന പോസ്റ്റ്‌ വായിച്ചപ്പോഴാണ് എനിക്കുണ്ടായ ഒരനുഭവം ഓര്‍മ്മ വന്നത്. സംഭവം നടന്നിട്ട് 7-8 മാസം ആയിട്ടുണ്ടാവണം.

എന്റെ രണ്ടു കൂട്ടുകാര്‍ കോട്ടയത്ത്‌ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. വൈകിട്ട് 4 മണിയോടുകൂടി അവര്‍ ഇവിടെ വണ്ടിയിറങ്ങി എന്നെ വിളിച്ചു. കുറച്ചു ജോലി ബാക്കി ഉണ്ടായിരുന്നതിനാല്‍ എനിക്ക് അപ്പൊ ഇറങ്ങാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ ഫസ്റ്റ് ഷോ ഒരു സിനിമ കണ്ടുകളയാം തീയെട്ടര്റില്‍ വച്ച് മീറ്റ്‌ ചെയ്യാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അത്യാവശ്യ പണികള്‍ ഒക്കെ തീര്‍ത്തിട്ട് കൃത്യം 6.30 നു തീയേറ്ററില്‍ ഉണ്ടാവും എന്ന് അവര്‍ക്ക് വാക്ക് കൊടുത്തിട്ട് ഞാന്‍ ജോലി ഒരുവിധം തീര്‍ത്തു...!

സമയം 5:00 !

കമ്പനി ആവശ്യത്തിനായി കുറച്ചു നോട്ടീസ് പ്രിന്റ്‌ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. ഒരു അര മണിക്കൂര്‍ നേരത്തെ പണിയേ ഉള്ളു... എന്നാല്‍ പിന്നെ അതങ്ങ് തീര്‍ത്തു വച്ചേക്കാം...! ഒരു പ്രിന്റിംഗ് പ്രസ്‌ അന്വേഷിച്ചു ബൈക്ക് എടുത്തു ഇറങ്ങി. 2 മിനിറ്റ് കൊണ്ട് ഒരെണ്ണം കണ്ടുപിടിച്ചു. ഭാഗ്യം തിരക്കില്ല! അഞ്ചെ മുക്കാലോട് കൂടി തീയേറ്ററില്‍ എത്താം എന്ന് മനക്കോട്ട കെട്ടി പ്രിന്റ്‌ ചെയ്യാനുള്ള മാറ്റര്‍ ഈ കഥയിലെ നായകനായ പ്രസ്‌ ഓണര്‍നെ ഏല്‍പ്പിച്ചു...!

പുള്ളിക്കാരന്‍ മാറ്റര്‍ ടൈപ്പ് ചെയ്തു ലേയൌട്ട് ഒക്കെ സെറ്റ് ചെയ്യുന്നു... മൊബൈല്‍ ഫോണില്‍ തുരു തുരാ കോള്‍ വരുന്നുണ്ട്... അവസാനം മൂപ്പര് ഒരു കോള്‍ അറ്റെണ്ട്‌ ചെയ്തു...

"ഡേയ്...! ഞ്ഞ്യാ അങ്ങോട്ട്‌ വന്നോണ്ടിരിക്കണത്. ഇവിട ഫയങ്കര ട്രാഫിക്‌ ബ്ലോക്ക്കെഡേയ്!... വ്വാ ഞായ് ട്രാഫിക്‌ ബ്ലോക്കീ നിക്കണന്ന്...!"

കര്‍ത്താവേ പ്രസ്സിനകത്ത് ട്രാഫിക്‌ ബ്ലോക്ക്‌!! പക്ഷെ, ഭാവ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല !

10 മിനിറ്റ് കൊണ്ട് പുള്ളി പണിയൊക്കെ തീര്‍ത്തു പ്രിന്റ്‌ കൊടുത്തു... ഹാവൂ ഇനി ഒരു പത്തു മിനിറ്റ് പ്രിന്റ്‌ എടുക്കാന്‍... ഇതിനിടയ്ക്ക് മൂപര്‍ വണ്ടിയും കൊണ്ട് വിളിച്ച ആളുടെ അടുത്തേയ്ക്ക് വിട്ടിരുന്നു... 10 മിനിറ്റ് കൊണ്ട് പ്രിന്റിങ്ങും പാക്കിങ്ങും എല്ലാം കഴിഞ്ഞു.

സമയം 5:30 !

പോവാന്‍ ഇറങ്ങി. ബൈകിന്റെ ചാവി കാണാനില്ല! ഇടയ്ക്ക് എപ്പോഴോ പോക്കറ്റില്‍ നിന്ന് എടുത്തുമേശപ്പുറത്തു വച്ചത് ഓര്‍മയുണ്ട്. ഞാനും പ്രസ്സിലെ ജോലിക്കാരും അവിടെമാകെ അരിച്ചു പെറുക്കി...

അപ്പോഴാണ്‌ നായകനെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് എനിക്ക് തോന്നിയത്... നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു...

ഭാഗ്യം! മൂപ്പരുടെ കയ്യില്‍ ഉണ്ട് ! മൂപരുടെ വണ്ടിയുടെ ചാവി ആണെന്ന് കരുതി എന്റെ ചാവി കൂടി എടുത്തു പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് പോയത്.

"ചേട്ടാ അത്യാവശ്യമാണ് ചേട്ടന്‍ ആ ചാവി ഒന്ന് കൊണ്ട് വന്നു തന്നിട്ട് തിരിച്ചു പോവണേ..."

എല്ലാം സമ്മതിച്ച് പുള്ളിക്കാരന്‍ ഫോണ്‍ വച്ചു. കൂട്ടുകാരെ വിളിച്ചു ടിക്കറ്റ്‌ എടുത്തോ... ഇപ്പൊ എത്തിയേക്കാം എന്ന് പറഞ്ഞു.

സമയം അര മണിക്കൂര്‍ കഴിഞ്ഞു ആളെ കാണാനില്ല. ഞാന്‍ വിളിച്ചപ്പോള്‍ ഇറങ്ങിയിട്ട് 10 മിനിറ്റ് ആയിരുന്നില്ല.

ഞാന്‍ പിന്നെയും വിളിച്ചു...

"വ്വാ ഞാന്‍ അങ്ങോട്ട്‌ തിരിച്ചു വന്നോണ്ടിരിക്കണത് ഇവിടെ ഫയങ്കര ട്രാഫിക്‌ ബ്ലോക്ക്‌! "

ഓഹോ...! എനിക്കിട്ടും പണിതു... അല്ലേ...!!!

ബ്ലോക്ക്‌ എല്ലാം അതിജീവിച്ച്, മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് ആ മഹാനായ മനുഷ്യന്‍ എത്തിയപ്പോള്‍ സമയം 7:45 !!

ആദ്യത്തെ ട്രാഫിക്‌ ബ്ലോക്ക്‌ പോലെ തന്നെ! യാതൊരു ഭാവ വ്യത്യാസവും ഇല്ല!

ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. താക്കോല്‍ തിരിച്ചു കിട്ടിയല്ലോ... ചാവി എടുത്തു മേശപ്പുറത്തു വച്ച സമയത്തെയും ശപിച്ചു കൊണ്ട് ഞാന്‍ ഒരു മെസ്സേജ് അയച്ചു...

"ഡാ, സിനിമ കഴിയുമ്പോള്‍ വിളിക്ക് ഞാന്‍ ഗാന്ധി പാര്‍കില്‍ ഉണ്ടാവും "