സെപ്റ്റംബർ 20, 2009

അവാര്‍ഡ്‌ കിട്ടാത്ത ചിത്രകാരന്‍


ഇന്നലെ സ്ടാച്യു വഴി പോയപ്പോ ഒരാള്‍ക്കൂട്ടം കണ്ട് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ കണ്ടതാണ് ഇത്.
മഹാരാജ ടെക്സ്റൈല്‍സ് കഴിഞ്ഞപ്പോള്‍ ഒരു ഗംഭീരന്‍ ചിത്രപ്രദര്‍ശനം!
വരയ്ക്കുന്നത്
അത്ര പ്രശസ്തന്‍ അല്ല! ആളെ കണ്ടാല്‍ വലിയ അവാര്‍ഡ്‌ ഒന്നും കിട്ടിയ ലക്ഷണവും ഇല്ല.

രണ്ടുകൊല്ലം മുന്‍പ് തമ്പാന്നൂര്‍ ബസ്സ് സ്റ്റാന്റ് നു മുന്നിലായി മുരുഗന്‍ എന്ന ഒരാള്‍ ഇതുപോലെ റോഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം വരച്ചപ്പോള്‍ ഞാന്‍ ഇതു പോലെ ചിത്രങ്ങള്‍ എടുത്തിരുന്നു... അത് ഇന്നും കയ്യിലുണ്ട്...
എന്റെ
കയ്യില്‍ ക്യാമറ ഇല്ല. ആകെയുള്ളത് സോണി എറിക്സണ്‍ k510i ഫോണിലെ 1.3 മെഗാ പിക്സല്‍ ക്യാമറ ആണ്... ക്വാളിറ്റി ഉള്ള ചിത്രങ്ങള്‍ അല്ല. അതുകൊണ്ട് എന്റെ ഫോട്ടോ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നില്ല. ക്ളിക്ക് ചെയ്‌താല്‍ ഓരോ ചിത്രവും വലുതായി കാണാം...


ചിത്ര പ്രദര്‍ശനത്തിനായി ലൌഡ് സ്പീക്കറും റോബിന്‍ ഹുഡും വഴിമാറിയപ്പോള്‍ ...


ചോക്ക് , കരിക്കട്ട ഇതാണ് കളര്‍ ... ബ്രഷ് ഇല്ല അതിന് പകരം പുല്ല്‌...


വലിച്ചു കെട്ടിയ ബാന്നറില്‍ എഴുതിയിരിക്കുന്നത്... "പോക്കറ്റടി സൂക്ഷിക്കുക!"


ഇതിനിടയില്‍ ടിവികാരെത്തി! ഇന്ത്യാ വിഷന്‍ ക്യാമറമാന്‍



ക്ഷമിക്കണം... ആള്‍ക്കൂട്ടത്തിന്റെ പടം ഒന്നും ഞാന്‍ എടുത്തില്ല!

എല്ലാവരും മനസ്സു നിറഞ്ഞാണ് അവിടെ നിന്നു പോയതെന്ന് ഉറപ്പ്... അവിടെ നിന്ന ഓരോരുത്തരും എത്രമാത്രം ഇത് ആസ്വദിച്ചു എന്നതിനുള്ള തെളിവാണ് മൂപ്പരുടെ കയ്യില്‍ കുമിഞ്ഞു കൂടിയ പത്തു രൂപാ നോട്ടുകള്‍ ... ഓരോ ഭാഗം പൂര്‍ത്തിയാവുമ്പോള്‍ ഉയര്ന്ന കയ്യടികള്‍ .... പടം എടുക്കാനായി ഉയര്‍ന്ന മൊബൈലുകള്‍ ...


അവിടെ നിന്ന ഒരു കാരണവരുടെ കമന്റ്‌: "ചിലവന്മാരൊക്കെ വെള്ള പേപ്പര്‍ എടുത്തു മൂന്നു വര വരച്ചു മോഡേണ്‍ ആര്‍ട്ട് എന്ന് പറയുമ്പോ അവന്മാര്‍ക്ക് ഒള്ള അവാര്‍ഡ്‌ മൊത്തം എടുത്തു കൊടുക്കും. ഇവനാണ് അവാര്‍ഡ്‌ കൊടുക്കണ്ടത്... "






സെപ്റ്റംബർ 12, 2009

സച്ചിന്‍ കൈ കൊടുത്തോ ഗില്ലീ...?


ഇന്നു നടന്ന ഏകദിനത്തില്‍ ശ്രീലങ്ക ഇന്ത്യ യെ തോല്‍പ്പിച്ചു... അപ്പോഴാണ്‌ പണ്ട്... എന്ന് വച്ചാല്‍ ഒരു കൊല്ലം മുന്‍പ്‌ ഒരു മഹാന്‍ പറഞ്ഞ കാര്യം ശരിയാണോ എന്ന് നോക്കാം എന്ന് കരുതിയത്‌...
സംഭവം ഇതാണ്...
ആദം
ഗില്‍ക്രിസ്റ്റ്‌ ഒരു ആത്മകഥ എഴുതി. എഴുതി കഴിഞ്ഞപ്പോള്‍ ആണ് അത് വായിക്കാന്‍ ആളെ കിട്ടാന്‍ വലിയ പാടാണെന്ന് പുള്ളിക്കാരന് തോന്നിയത്‌. പുള്ളിക്കാരന്‍ നേരെ പോയി ബുക്കിലുള്ള ഒരു വെടി നേരത്തെയങ്ങ് പൊട്ടിച്ചു!
സച്ചിന്‍ കളി തോറ്റാല്‍ കൈ കൊടുക്കാതെ ആണ് ഫീല്‍ഡില്‍ നിന്നു പോവുന്നതത്രേ... സച്ചിന് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌ ഇല്ലാ പോലും!

സത്യം പറയാല്ലോ... ഒരു സച്ചിന്‍ ഫാന്‍ എന്ന നിലയില്‍ എനിക്ക് അത് കേട്ടപ്പോ സന്തോഷം തോന്നി!
കാരണം...
കളി തോറ്റാല്‍ നിരാശയും വിഷമവും ഉള്ളത് കൊണ്ടാണ് ഒരാള്‍ അങ്ങനെ ചെയ്യുന്നത്. ആത്മാര്‍ത്ഥതയോടെ കളിക്കുന്ന ഒരാള്‍ക്ക്‌ തോറ്റു കഴിയുമ്പോള്‍ നിരാശ മനസ്സില്‍ വച്ച് ഇളിച്ചു കാണിക്കാന്‍ എപ്പോഴും പറ്റിയെന്നു വരില്ല.
(സച്ചിന്‍ റെക്കോര്‍ഡ്‌ നു വേണ്ടി ആണ് കളിക്കുന്നത് എന്നാണല്ലോ ചില ചങ്ങാതിമാര്‍ പറയുന്നത്...)

പണ്ടെങ്ങോ നടന്ന സംഭവം ഇപ്പോഴാണോ ഇവന്‍ പൊക്കിക്കൊണ്ട് വരുന്നത് എന്ന് തോന്നണ്ട... ഞാന്‍ കാര്യം പറഞ്ഞേക്കാം... വെടി പൊട്ടിച്ചിട്ട് കൊല്ലം ഒന്നു കഴിഞ്ഞു . കാര്യം ഒക്കെ ശരിയാണ്.

പക്ഷെ, ഇന്നാണ് സച്ചിന്‍ കളിച്ച കളിയില്‍ ഇന്ത്യ അതിന് ശേഷം തോല്‍ക്കുന്നത്!
2007 ഡിസംബറില്‍ നടന്ന CB സീരീസ്‌ ഫൈനല്‍ മുതല്‍ ഇങ്ങോട്ട് സച്ചിന്‍ കളിച്ച കളിയിലൊന്നും ഇന്ത്യ തോറ്റിട്ടില്ല!
ടെസ്റ്റിലും അതുപോലെ തന്നെ... ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിനു ശേഷം സച്ചിന്‍ കളിച്ച ഒരു കളിയില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല!

ഇന്നിപ്പോ തോറ്റു... തോറ്റ സമയത്ത് സച്ചിന്‍ പവലിയനില്‍ ആയതു കൊണ്ടു ( അത് കൊണ്ടാണല്ലോ തോറ്റത് ) കയ്യോ കാലോ മറ്റോ കൊടുത്തോ എന്നൊന്നും കാണാന്‍ പറ്റിയില്ല എന്റെ ഗില്ലീ...


വേറെ ചില കാര്യങ്ങള്‍ കൂടി...

കഴിഞ്ഞ കളിയില്‍സച്ചിന്‍ 46 റണ്‍സ് എടുത്ത് ഔട്ട് ആയി. അപ്പൊ എന്റെ ചില കൂട്ടുകാര്‍ പറഞ്ഞത് ഇതാണ്... "കൊറേ നാളായില്ലേ നന്നായിട്ടൊന്നു കളിച്ചിട്ട്..." എന്ന്!

ഒരു പരമ സത്യം അറിയില്ലാത്തവര്‍ക്ക് വേണ്ടി പറയട്ടെ...

ഓര്‍മ്മയുണ്ടോ, സച്ചിന്‍ 163* റണ്‍സ് എടുത്ത് പരിക്കുമൂലം പിന്മാറിയത്...?

ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറി അടിക്കുമായിരുന്നു എന്നൊക്കെ മാധ്യമങ്ങള്‍ പറഞ്ഞത്...?

കളിക്ക് ശേഷം സച്ചിന്‍ കളിക്കുന്ന കളി ഇന്നലെ 46 റണ്‍സ് എടുത്ത കളി ആണ് ! 163 എടുത്ത കളിക്ക് തൊട്ടു മുന്നിലത്തെ കളിയിലും സച്ചിന്‍ 61 റണ്‍സ് എടുത്തിരുന്നു...

സച്ചിന്‍ ക്രിക്കറ്റ് റാങ്കില്‍ പിന്നോട്ട് പോവുന്നതും അതുകൊണ്ടാണ്... അല്ലാതെ മോശം കളി കാരണം അല്ല!

കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലെ വിവാദ തീരുമാനങ്ങള്‍ മൂലം പാഴായ തുടര്‍ച്ചയായ മൂന്നു ഇന്നിങ്ങ്സുകള്‍ (വീഡിയോ) കൂടാതെ
സച്ചിന്‍ ന്റെ അവസാന 10 ഇന്നിങ്ങ്സ് സ്കോര്‍ ഇതാണ് -


63
, 117*, 91, 11, 50, 20, 61, 163*, 46, 27


സച്ചിനെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആയി പരിഗണിക്കുന്ന ഒരാളാണ് ആദം ഗില്‍ക്രിസ്റ്റ്‌. കളിയുടെ കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ... അപ്പൊ പിന്നെ ഇതല്ലേ ഒരു വഴി...


വാല്‍ക്കഷ്ണം: ഗില്‍ക്രിസ്റ്റ്‌ 2008 ഇല്‍ വിരമിച്ചപ്പോള്‍ വിടവാങ്ങല്‍ ചടങ്ങില്‍ അദ്ദേഹം പറഞ്ഞത് ഇതാണ്...

"ഇപ്പോള്‍ എന്റെ അവസാന മത്സരത്തിനു ഇറങ്ങുമ്പോള്‍, വലുതെന്തോ പ്രതീക്ഷിച്ചിരിക്കുന്ന നിറഞ്ഞ ഗാലറി കാണുമ്പോള്‍ ഞാന്‍ അറിയുന്നു, സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന മനുഷ്യന്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ഓരോ കളിയിലും അനുഭവിക്കുന്ന സമ്മര്‍ദം എന്താണ് എന്ന്....!"






സെപ്റ്റംബർ 09, 2009

ചില ചാനല്‍ പൊടിക്കൈകള്‍


ഏഷ്യനെറ്റ്‌ നടത്തിയ ഒരു ചെറിയ വിദ്യ ഞാന്‍ ദാ പൊളിച്ചു!... സംഭവം നടന്നിട്ട് കുറച്ചധികം മാസങ്ങള്‍ ആയി. കാര്യം പ്രോഗ്രാമിന് ഭംഗി കൂട്ടാന്‍ ആണെങ്കിലും ഈ ചാനലുകാര്‍ ഇങ്ങനെയൊക്കെ ചെയ്യാവോ?... വിഡ്ഢിപ്പെട്ടി എന്ന് വച്ചാല്‍ മനുഷ്യനെ വിഡ്ഢിയാക്കാനുള്ള സാധനം ആണല്ലോ... അല്ലേ?... സംഗതി ഇതാണ്...
കഴിഞ്ഞ ഏഷ്യാനെറ്റ്‌ ഉജാല ഫിലിം അവാര്‍ഡ്‌ നൈറ്റ്‌ കാണാന്‍ (ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) ഞങ്ങള്‍ പോയിരുന്നു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ പൂര്‍ണശ്രീ എന്ന കുട്ടിയുടെ (ഭ്രമരത്തിലെ 'അണ്ണാറ കണ്ണാ വാ...' എന്ന ഗാനം ആലപിച്ച കുട്ടി ) പാട്ടായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്... അപ്പോള്‍ ഏകദേശം 6 മണി കഴിഞ്ഞ് കാണും. ആ പാട്ട് ആദ്യം മുതല്‍ കേള്‍ക്കാന്‍ പറ്റാത്തതില്‍ ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു... 'ശിങ്കാര വേലനെ ദേവാ...' എന്ന ഗാനം അതി മനോഹരമായാണ് ആ കുട്ടി പാടിയത്‌. ടിവിയിലോ യൂട്യൂബിലോ പിന്നീട് കാണാം എന്ന് കരുതി സമാധാനിച്ചു.

ഞങ്ങളെല്ലാം മോഹന്‍ലാല്‍ എത്തുന്നതും കാത്തിരിക്കുകയായിരുന്നു. എത്തിയത് ഒരുപാടു വൈകിയാണ്. ഒരു 7 - 7.30 കഴിഞ്ഞിട്ടുണ്ടാവണം. നമ്മുടെ ദീദി പാടിക്കൊണ്ടിരുന്നപ്പോള്‍ ആണ് ലാലേട്ടന്‍ എത്തിയത്‌. ആ ബഹളത്തില്‍ ദീദിയുടെ പാട്ടും ആര്‍ക്കും ശ്രദ്ധിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല!

ഏകദേശം ഒരു 2-3 മണിക്കൂര്‍ ലാലേട്ടന്‍ അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നല്കിക്കഴിഞ്ഞപ്പോ മൂപ്പര്‍ അവിടുന്ന് സ്ഥലം വിട്ടു!

ജഗതി ചേട്ടന്‍ സംസാരിക്കുമ്പോള്‍ ലാലേട്ടന്‍ സദ്ദസ്സില്‍ ഉണ്ടായിരുന്നു. പൂര്‍ണശ്രീയുടെ പാട്ടാണ് അദ്ദേഹത്തിന് ആ അവാര്‍ഡ്‌ നൈറ്റില്‍ ഏറ്റവും സന്തോഷം നല്‍കിയത്‌ എന്നും, ആ കുട്ടി സ്വന്തം മകളായി ജനിക്കാതിരുന്നതില്‍ വിഷമം ഉണ്ടെന്നും മറ്റും ജഗതിച്ചേട്ടന്‍ പറഞ്ഞിരുന്നു. അത് കേട്ടപ്പോ ആ പ്രകടനം കാണാന്‍ കഴിയാതിരുന്നതില്‍ ലാലേട്ടന് നല്ല വിഷമം തോന്നിക്കാണണം!

എന്നാല്‍...

ലാലേട്ടന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം, അവാര്‍ഡ്‌ നൈറ്റ്‌ ടിവിയില്‍ വന്നപ്പോള്‍ ലാലേട്ടന്‍ അതാ പൂര്‍ണശ്രീയുടെ പാട്ട് ആസ്വദിച്ചുകൊണ്ട്‌ സദ്ദസ്സില്‍ ഇരിക്കുന്നു...!!

തീര്‍ന്നില്ല, പൂര്‍ണശ്രീ ഏതോ ഒരു ഭാഗം നന്നായി പാടിയപ്പോള്‍ ആദ്യം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ലാലേട്ടന്‍ തന്നെ...!!

ഇതാ വീഡിയോ...


അത് മാത്രം അല്ല! ആദ്യ പ്രോഗ്രാം മുതല്‍ ദേശീയ ഗാനത്തിന് തൊട്ടു മുന്‍പുവരെ ലാലേട്ടന്‍ അവിടെതന്നെ ഉണ്ട്!

അവാര്‍ഡ്‌ നിശ ലൈവ് അല്ലാത്തത് എന്താണെന്ന് ഞങ്ങള്‍ക്ക് അന്ന് തോന്നിയിരുന്നു. ഏകദേശം 2 ആഴ്ച കഴിഞ്ഞാണ് അത് ടിവിയില്‍ വന്നത്. ഇപ്പോഴല്ലേ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌...

വാല്‍ക്കഷ്ണം: റിയാലിറ്റി ഷോകളുടെ ഷൂട്ടിംഗ് കാണാന്‍ സ്റ്റുഡിയോ ഇല്‍ പോയി ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് - തീരെ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മാത്രം ചിരിക്കുക... നിങ്ങളുടെ ചിരി ആരും ചിരിക്കാതിരുന്ന ഏതെങ്കിലും വളിച്ച തമാശയുടെ കൂടെ ആയിരിക്കും കാണിക്കുന്നത്...

റിയാലിറ്റി ഷോവില്‍ എപ്പോഴും ഒരേ ഫ്രീക്വന്‍സിയില്‍ കയ്യടി തുടങ്ങി അവസാനിക്കുന്നത് കേട്ടിട്ടില്ലേ... അതുപോലെ എത്രയെത്ര പൊടിക്കയ്കള്‍...