ജൂലൈ 28, 2009

ചെറായി ബ്ലോഗ്ഗര്‍ മീറ്റും ഞാനും


രണ്ടു മൊബൈല്‍ ഫോണ്‍ അലാറം, ഒരു ടൈം പീസ്‌, 20-70 കോളുകള്‍ ഇതൊക്കെ ഒരുമിച്ചു പ്രയത്നിച്ചാലും എന്നെ രാവിലെ ഉണര്‍ത്താന്‍ പറ്റിയെന്നു വരില്ല! അതുകൊണ്ട്, വെളുപ്പിന് എണീക്കുക ഒരു സ്ഥലം വരെ പോവുക ഇതൊക്കെ എനിക്ക് മനോഹരങ്ങളായ നടക്കാത്ത സ്വപ്‌നങ്ങള്‍ ആണ്. (നാട്ടില്‍ ആണെങ്കില്‍ അങ്ങനെ ഒരു പ്രശ്നം ഇല്ല! അച്ഛന്‍ ഡാ!! എന്ന്‌ ഒരൊറ്റ വിളി വിളിച്ചു കഴിയുന്നതിനു മുന്‍പേ ചാടി അവിടെ എത്തിയിരിക്കും!) അപ്പൊ പിന്നെ അതിരാവിലെ എങ്ങോട്ടെങ്ങിലും യാത്ര ഉണ്ടെങ്കില്‍ അന്നേ ദിവസം ഉറങ്ങാതെ സിസ്റ്റതിന്റെ മുന്നില്‍ അങ്ങ് തള്ളി നീക്കും! അതാണ്‌ പതിവു.

ചെറായി മീറ്റ് എന്ന് കേട്ടപ്പോഴേ പോവാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ശനിയാഴ്ച വൈകിട്ടായപ്പോ ഒടുക്കത്തെ ഒരു പനി! കഴിഞ്ഞ ഞായറാഴ്ച തൃശൂര്‍ വരെ പോയിട്ട് വന്നപ്പോ കൂടെ കൊണ്ടുവന്ന ജലദോഷം ആണ് ഇപ്പൊ പണി തന്നത്. വരുന്നിടത്ത് വച്ചു കാണാം! രാത്രി രണ്ടും കല്‍പ്പിച്ചു ഫാന്‍ ഓണ്‍ ആക്കാതെ നെറ്റും നോക്കി അങ്ങിരുന്നു! 3-4 മണി ആയപ്പോ പനി ഒക്കെ കുറഞ്ഞപോലെ ഒരു തോന്നല്‍. പിന്നെ ഒന്നും നോക്കിയില്ല. കുളിച്ചു ബൈക്കും എടുത്തു നേരെ തമ്പാന്നൂര്‍ സ്റ്റേഷനില്‍ എത്തി. ത്രിശൂര്‍ പോയ അതെ വണ്ടിയില്‍ കയറി ഇരുന്നു, രപ്തിസാഗര്‍ സൂപെര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്! സമയം 5:15. തീരെ വയ്യെങ്കില്‍, ചേര്‍ത്തലയില്‍ ഇറങ്ങാം എന്ന് കരുതി! പക്ഷേ, ഏറണാകുളം എത്തിയപ്പോഴാണ് ഉണര്‍ന്നത്!

10.15 നു ആലുവയില്‍ ഇറങ്ങി പറവൂര്‍ വണ്ടിയില്‍ കയറി. അവിടെ എത്തിയപ്പോള്‍ സമയം 10.45 ആയി. വണ്ടിഒന്നും നോക്കി നില്‍ക്കാന്‍ തോന്നിയില്ല! ഒരു ഓട്ടോ പിടിച്ചു നേരെ ചെറായിലേയ്ക്ക് വിട്ടു! ഒരു 20-30 കി മി സ്പീഡില്‍ ആണ് ആന്റോ ചേട്ടന്‍ ഓട്ടോ പറത്തിയത്! ഒരു 28-30 വയസ്സുണ്ടാവും മൂപ്പര്‍ക്ക്. വഴിനീളെ വാഹനാപകടങ്ങളെ പറ്റിയും, വേഗതയെ പറ്റിയും ഒക്കെ എനിക്ക് ക്ലാസ്സ് എടുത്തു ! പിന്നെ ബ്ലോഗിങ്ങ് നെപറ്റി, മലയാളം ബ്ലോഗുകളെപ്പറ്റി ഒക്കെ കുറെ ചോദ്യങ്ങള്‍... ചെറായി ജങ്ക്ഷന്‍ എത്തിയപ്പോ വിഷയം മാറി ചെറായി ആയി! ഒരു 20 വര്‍ഷത്തെ ചെറായിയുടെ ചരിത്രം, ഭുമിശാസ്ത്രം, സുനാമി, റോഡ്, ബാര്‍, കടല്‍ഭിത്തി, ഫണ്ട്‌, ബീച്ച്, അഴിമതി, മന്ത്രി, അച്ചുമാമ്മന്‍ , ജെ സീ ബീ, റിസോര്‍ട്ട്, പാലം, ചെറായിയുടെ ഭാവി... ഏകദേശം അര - മുക്കാല്‍ മണിക്കൂര്‍ കൊണ്ടു അമരാവതിയില്‍ എത്തി!

ഓട്ടോയില്‍ നിന്നു ഇറങ്ങിയപ്പോഴേ ആലുവയില്‍ ബസില്‍ വച്ചു കണ്ട ഒരു ചേട്ടന്‍ അവിടെ നില്ക്കുന്നു! സത്യം പറയാല്ലോ... ബസ്സ് ഇല്‍ വച്ചു കണ്ടപ്പോഴേ പുള്ളി മീറ്റ് നു വന്നതാണെന്ന് എനിക്ക് തോന്നിയിരുന്നു! ബസ്സ്ഇല്‍ വച്ച കണ്ട പരിചയത്തില്‍ ചേട്ടന്‍ ഒരു നമസ്കാരം പറഞ്ഞു! അപ്പൊ ചെറിയ ഒരു സമാധാനം ആയി. (പിന്നെയാണ് മനസ്സിലായത്‌ അത്കായംകുളം സൂപ്പര്‍ ഫാസ്റ്റ്‌ അരുണ്‍ ചേട്ടന്‍ ആയിരുന്നു എന്ന്...) പിന്നെ നേരെ രജിസ്ട്രേഷന്‍ കൌണ്ടറിലേക്ക് ചെന്നു! അവിടെയിരുന്ന ബിന്ദു ചേച്ചി "ഇവനും ബ്ലോഗ്ഗര്‍ ആണോ ?" എന്ന മട്ടില്‍ ഒരു നോട്ടം! രണ്ടും കല്‍പ്പിച്ചു ചെന്നു രജിസ്റ്റര്‍ ചെയ്തു! അപ്പോഴാണ്‌ ഓരോരുത്തരായി മൈക്കിലൂടെ പരിചയപ്പെടുത്തുന്ന ശബ്ദം! എന്റെ ചങ്ക് കത്താന്‍ തുടങ്ങി!! കുറച്ചു ധൈര്യം സംഭരിക്കാനായി നേരെ മുന്നില്‍ ചെന്നു നിന്നു. മണി ചേട്ടന്‍ വന്നു പരിചയപ്പെട്ടു. കുറച്ചു ആശ്വാസം ആയി. പക്ഷേ മൈക്ക് കണ്ടപ്പോ പിന്നെയും എല്ലാം ചോര്‍ന്നു! എന്തൊക്കെയോ പറയാന്‍ ഓര്‍ത്തു വച്ചു. അങ്ങനെ എന്റെ ഊഴം എത്തി... മൈക്ക് എടുത്തു ക്യാമറയുടെ മുന്നില്‍ വന്നു പരിചയപ്പെടുത്താന്‍ തുടങ്ങി... 2-3 വാചകങ്ങള്‍ പറഞ്ഞു വെറുതെ ഒന്നു എല്ലാരേയും നോക്കി. എന്റമ്മോ!! എല്ലാരും എന്നെ നോക്കി ഇരിക്കുന്നു! പിന്നെ എല്ലാം ഒരു പുകമയം... അവിടെ വച്ചു നിര്‍ത്തി!

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ തുടങ്ങി. പിന്നെ ഒരു രസം ആയി! ഹരീഷേട്ടന്‍ ഇടയ്ക്ക് വന്നു എല്ലാരോടും സംസാരിക്കൂ, മിണ്ടാതെ നില്‍ക്കാതെ എന്നൊക്കെ പറഞ്ഞപ്പോ നല്ല ധൈര്യം ആയി. ഇടക്കിടെ ഓരോരുത്തരെ പരിചയപ്പെട്ടു. ധനേഷ്, വിനയന്‍ , ജയന്‍ ചേട്ടന്‍ , ഹന്‍ല്ലലത്ത് അങ്ങനെ ഒരുപാടുപേര്‍...

സജ്ജീവേട്ടന്‍ വരയ്ക്കുന്നത് കണ്ടിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല! കാരിക്കേച്ചര്‍ വരയ്ക്കുന്നതിനു എന്റെ ഊഴം എത്തി. പോങ്ങുമ്മൂടന്‍ ചേട്ടന്റെ പടം സജ്ജീവേട്ടന്‍ വരയ്ക്കുന്നു! അതിന് തൊട്ടു പിന്നില്‍ ക്യൂവില്‍ ഞാന്‍ , എന്റെ പിറകില്‍ നിരക്ഷരന്‍ ചേട്ടന്‍ !
നിരക്ഷരന്‍ ചേട്ടന്‍ , പോങ്ങുമ്മൂടന്‍ ചേട്ടന്‍ , ഹരീഷേട്ടന്‍ എന്നിവരെ പരിചയപ്പെടുക, സജ്ജീവ് ചേട്ടന്‍ വരക്കുന്നത് ഒന്നു കാണുക. ഇതായിരുന്നു മീറ്റ് നു വരുന്ന കാര്യം ആലോചിക്കുമ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന പ്രധാന പദ്ധതികള്‍.

ഹരീഷേട്ടനെ പരിചയപ്പെട്ടു... സജീവേട്ടന്‍ എന്റെ പടം വരച്ചു... നിരക്ഷരന്‍ ചേട്ടനുമായി സംസാരിച്ചു... പരിചയപ്പെടാന്‍ പറ്റിയില്ല! സാരമില്ല ഇനിയും ആവാമല്ലോ... :)

നിരക്ഷരന്‍ ചേട്ടന്റെ ബ്ലോഗ് കണ്ടാണ്‌ ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്‌. ഡിസൈന്‍ മുതല്‍ ഫോണ്ട് വരെ എല്ലാം അതേപടി അനുകരിച്ചുകൊണ്ട്! മനോരമ ഓണ്‍ലൈന്‍ ബ്ലോഗ്ഗിലും നിരക്ഷരന്‍ ചേട്ടന്റെ പോസ്റ്റുകളുടെ സ്ഥിരം വായനക്കാരന്‍ ആണ് ഞാന്‍ - ഇതൊക്കെ മൈക്കില്‍പരിചയപ്പെടുത്തലിന്റെ കൂടെ പറയാന്‍ വച്ചിരുന്നതാണ്... :(

പിന്നെ ഊണ്! ഹരീഷേട്ടന്റെ കൂടെ ഇരുന്നു വിശദമായി ഉണ്ടു... അവസാനമായപ്പോ ലതിചെച്ചിയും ഉണ്ടായിരുന്നു കമ്പനിക്ക്. ഭാരം കുറക്കാന്‍ ഞാന്‍ ജിമ്മില്‍ പോയിതുടങ്ങിയിരുന്നു! കഴിഞ്ഞ 22 ദിവസമായി ഒരു ചായപോലും കുടിക്കാതെ, ഒരു തുള്ളി മധുരം ഉള്ളില്‍ പോവാതെ, ഒരു പിടി ചോറ് പോലും ഉണ്ണാതെ, ഒരു തരി എണ്ണയോ, എണ്ണയില്‍ ഉണ്ടാക്കിയ സാധനങ്ങളോ ഉള്ളില്‍ പോവാതെ ഞാന്‍ കൊണ്ടുനടന്ന ഡയറ്റ്‌ ആണ് അന്നത്തെ ഫുഡ്‌ കണ്ടു അന്തംവിട്ടു മറന്നത്! ചോറും, ചെമ്മീന്‍ വടയും, കരിമീന്‍ വറുത്തതും, ഫ്രൂട്ട് സലാടും നന്നായി തട്ടി. എങ്കിലും എന്റെ പ്രീയപ്പെട്ട പപ്പടം ഞാന്‍ കഴിച്ചില്ല! ഞാനാരാ മോന്‍ ! ഇന്നലെ ദാ വീണ്ടും തുടങ്ങി എന്റെ ഡയറ്റ്‌!

പിന്നെ ഗ്രൂപ്പ് ഫോട്ടോ... ഏറ്റവും പുറകില്‍ പറ്റാവുന്നിടത്തോളം എത്തിവലിഞ്ഞു നിന്നു! ഇന്നലെ ഫോട്ടോ നോക്കിയപ്പോ എല്ലാവരും ക്യാമറയില്‍ നോക്കി നില്ക്കുന്നു! ഞാന്‍ കിഴക്കോട്ടു നോക്കി നില്ക്കുന്നു! ശവം! അതും നശിപ്പിച്ചു.

പിന്നെ നീണ്ട 22 നാളുകള്‍ക്കു ശേഷമുള്ള ഒരു ചായയും കുടിച്ചു അവിടെ നിന്നു യാത്ര പറഞ്ഞു. ചെറായി വരെ ലതിചെച്ചിയുടെ കാറില്‍. കൂടെ ബിലാത്തിപട്ടണം ചേട്ടനും ഉണ്ടായിരുന്നു. പിന്നെ പറവൂര്‍ കൊച്ചി വഴി അനന്തപുരിയിലേക്ക്‌.

ഇവിടെ എത്തി 2 ദിവസം കഴിഞ്ഞിട്ടും ചെറായിയും മീറ്റും മറക്കാന്‍ പറ്റുന്നില്ല! പോവണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഒരു വലിയ നഷ്ടം ആയേനെ അത്.

ഇതാണ് ബ്ലോഗ് മീറ്റ് എന്ന് പറയുന്ന സാധനം എങ്കില്‍... എല്ലാ ബ്ലോഗ് മീറ്റിനും ഞാനും ഉണ്ടാവും! തീര്‍ച്ച!!