സെപ്റ്റംബർ 09, 2009

ചില ചാനല്‍ പൊടിക്കൈകള്‍


ഏഷ്യനെറ്റ്‌ നടത്തിയ ഒരു ചെറിയ വിദ്യ ഞാന്‍ ദാ പൊളിച്ചു!... സംഭവം നടന്നിട്ട് കുറച്ചധികം മാസങ്ങള്‍ ആയി. കാര്യം പ്രോഗ്രാമിന് ഭംഗി കൂട്ടാന്‍ ആണെങ്കിലും ഈ ചാനലുകാര്‍ ഇങ്ങനെയൊക്കെ ചെയ്യാവോ?... വിഡ്ഢിപ്പെട്ടി എന്ന് വച്ചാല്‍ മനുഷ്യനെ വിഡ്ഢിയാക്കാനുള്ള സാധനം ആണല്ലോ... അല്ലേ?... സംഗതി ഇതാണ്...
കഴിഞ്ഞ ഏഷ്യാനെറ്റ്‌ ഉജാല ഫിലിം അവാര്‍ഡ്‌ നൈറ്റ്‌ കാണാന്‍ (ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) ഞങ്ങള്‍ പോയിരുന്നു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ പൂര്‍ണശ്രീ എന്ന കുട്ടിയുടെ (ഭ്രമരത്തിലെ 'അണ്ണാറ കണ്ണാ വാ...' എന്ന ഗാനം ആലപിച്ച കുട്ടി ) പാട്ടായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്... അപ്പോള്‍ ഏകദേശം 6 മണി കഴിഞ്ഞ് കാണും. ആ പാട്ട് ആദ്യം മുതല്‍ കേള്‍ക്കാന്‍ പറ്റാത്തതില്‍ ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു... 'ശിങ്കാര വേലനെ ദേവാ...' എന്ന ഗാനം അതി മനോഹരമായാണ് ആ കുട്ടി പാടിയത്‌. ടിവിയിലോ യൂട്യൂബിലോ പിന്നീട് കാണാം എന്ന് കരുതി സമാധാനിച്ചു.

ഞങ്ങളെല്ലാം മോഹന്‍ലാല്‍ എത്തുന്നതും കാത്തിരിക്കുകയായിരുന്നു. എത്തിയത് ഒരുപാടു വൈകിയാണ്. ഒരു 7 - 7.30 കഴിഞ്ഞിട്ടുണ്ടാവണം. നമ്മുടെ ദീദി പാടിക്കൊണ്ടിരുന്നപ്പോള്‍ ആണ് ലാലേട്ടന്‍ എത്തിയത്‌. ആ ബഹളത്തില്‍ ദീദിയുടെ പാട്ടും ആര്‍ക്കും ശ്രദ്ധിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല!

ഏകദേശം ഒരു 2-3 മണിക്കൂര്‍ ലാലേട്ടന്‍ അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നല്കിക്കഴിഞ്ഞപ്പോ മൂപ്പര്‍ അവിടുന്ന് സ്ഥലം വിട്ടു!

ജഗതി ചേട്ടന്‍ സംസാരിക്കുമ്പോള്‍ ലാലേട്ടന്‍ സദ്ദസ്സില്‍ ഉണ്ടായിരുന്നു. പൂര്‍ണശ്രീയുടെ പാട്ടാണ് അദ്ദേഹത്തിന് ആ അവാര്‍ഡ്‌ നൈറ്റില്‍ ഏറ്റവും സന്തോഷം നല്‍കിയത്‌ എന്നും, ആ കുട്ടി സ്വന്തം മകളായി ജനിക്കാതിരുന്നതില്‍ വിഷമം ഉണ്ടെന്നും മറ്റും ജഗതിച്ചേട്ടന്‍ പറഞ്ഞിരുന്നു. അത് കേട്ടപ്പോ ആ പ്രകടനം കാണാന്‍ കഴിയാതിരുന്നതില്‍ ലാലേട്ടന് നല്ല വിഷമം തോന്നിക്കാണണം!

എന്നാല്‍...

ലാലേട്ടന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം, അവാര്‍ഡ്‌ നൈറ്റ്‌ ടിവിയില്‍ വന്നപ്പോള്‍ ലാലേട്ടന്‍ അതാ പൂര്‍ണശ്രീയുടെ പാട്ട് ആസ്വദിച്ചുകൊണ്ട്‌ സദ്ദസ്സില്‍ ഇരിക്കുന്നു...!!

തീര്‍ന്നില്ല, പൂര്‍ണശ്രീ ഏതോ ഒരു ഭാഗം നന്നായി പാടിയപ്പോള്‍ ആദ്യം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ലാലേട്ടന്‍ തന്നെ...!!

ഇതാ വീഡിയോ...


അത് മാത്രം അല്ല! ആദ്യ പ്രോഗ്രാം മുതല്‍ ദേശീയ ഗാനത്തിന് തൊട്ടു മുന്‍പുവരെ ലാലേട്ടന്‍ അവിടെതന്നെ ഉണ്ട്!

അവാര്‍ഡ്‌ നിശ ലൈവ് അല്ലാത്തത് എന്താണെന്ന് ഞങ്ങള്‍ക്ക് അന്ന് തോന്നിയിരുന്നു. ഏകദേശം 2 ആഴ്ച കഴിഞ്ഞാണ് അത് ടിവിയില്‍ വന്നത്. ഇപ്പോഴല്ലേ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌...

വാല്‍ക്കഷ്ണം: റിയാലിറ്റി ഷോകളുടെ ഷൂട്ടിംഗ് കാണാന്‍ സ്റ്റുഡിയോ ഇല്‍ പോയി ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് - തീരെ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മാത്രം ചിരിക്കുക... നിങ്ങളുടെ ചിരി ആരും ചിരിക്കാതിരുന്ന ഏതെങ്കിലും വളിച്ച തമാശയുടെ കൂടെ ആയിരിക്കും കാണിക്കുന്നത്...

റിയാലിറ്റി ഷോവില്‍ എപ്പോഴും ഒരേ ഫ്രീക്വന്‍സിയില്‍ കയ്യടി തുടങ്ങി അവസാനിക്കുന്നത് കേട്ടിട്ടില്ലേ... അതുപോലെ എത്രയെത്ര പൊടിക്കയ്കള്‍...






6 comments:

ജോ l JOE പറഞ്ഞു...

പിപഠിഷു,
ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്ന് മില്ല. കാരണം പരിപാടി പൊലിപ്പിക്കാന്‍ എല്ലാ ചാനലുകാരും ( മലയാളം മാത്രമല്ല , ലോകത്തെ എല്ലാ ചാനലുകളും ) ലൈവ്‌ അല്ലാത്ത പരിപാടികളില്‍ ഇങ്ങനെ ചെയ്യാറുണ്ട്. ...അവിടെയല്ലേ എഡിറ്റര്‍ക്ക് പണി.....താങ്കള്‍ പറഞ്ഞ പോലെസ്റാര്‍ സിംഗറിലും എല്ലാം ഇത്തരം പൊടിക്കൈകള്‍ നടത്തും. അപ്പോഴാണ്‌ പരിപാടിക്ക് മിഴിവേകുന്നത്. ...എന്നാലല്ലേ പരസ്യം കിട്ടൂ....അത് കൊണ്ടല്ലേ നമുക്ക് പരിപാടികള്‍ കാണാനും സാധിക്കുന്നത്...

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഹ..ഹ..ഹ
ഒരോ നമ്പരുകള്‍

സജി പറഞ്ഞു...

പിന്നീട് ടെലിക്കാസ്റ്റു ചെയ്യുമ്പോള്‍, അതൊരു തെറ്റാണന്നു പറയാനും പറ്റുമൊ? പപിഠി.... ( ഇതെന്തു പേരാപ്പാ......)

Typist | എഴുത്തുകാരി പറഞ്ഞു...

എന്തൊക്കെ മറിമായങ്ങള്‍!

Manikandan പറഞ്ഞു...

കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും .... ..... :)

Rakesh R (വേദവ്യാസൻ) പറഞ്ഞു...

ജോ പറഞ്ഞതിനോട് യോജിയ്ക്കുന്നു.