ഡിസംബർ 17, 2011

സച്ചിന്‍ - ദ്രാവിഡ്‌; മാതൃഭൂമിയിലെ പിച്ചും പേയും.


മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍ പുതുതായി ആരംഭിച്ച പംക്തിയാണ് ഇ ബി ടി എബ്രഹാം കൈകാര്യം ചെയ്യുന്ന 'പിച്ചും പ്ലേയും'! ആദ്യ ലേഖനത്തില്‍ നിന്നു തന്നെ മനസ്സിലായത് ഇത് പിച്ചും പേയും എഴുതി വയ്ക്കാനുള്ള ഒരിടം ആണ് എന്നതാണ്! അവസാനത്തെ ക്ലാസ്സിക് ക്രിക്ക്കെട്ടെര്‍ എന്ന പേരില്‍ രാഹുല്‍ ദ്രാവിഡിനെ പൂജിച്ച് എഴുതിയ ആദ്യ ലേഖനം മാധ്യമ പ്രവര്‍ത്തനത്തിന് സംഭവിച്ചിട്ടുള്ള മൂല്യച്യുതിയ്ക്ക് ഉത്തമ ഉദാഹരണം ആണ്.

രാഹുല്‍ ദ്രാവിഡ്‌ മഹാനായ ഒരു ബാറ്സ്മാന്‍ ആണ്. അതിലുപരി മഹത്തായ ഒരു വ്യക്ത്വിതത്തിനു ഉടമയായ മനുഷ്യനാണ്. ക്രിക്കെറ്റ് ലോകം കണ്ടിട്ടുള്ള മഹാന്മാരായ കളികാരില്‍ ഒരാള്‍ ആണ് അദ്ദേഹം. ക്രിക്കെറ്റ് ജീവവായു ആയ ഇന്ത്യയില്‍ നടക്കുന്ന ഏതു കാര്യത്തില്‍ കയറി ഇടപെട്ടാലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വില കിട്ടും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതെ, മാധ്യമങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാതെ, കരീര്‍ മുന്നോട്ടു കൊണ്ടുപോവുന്ന ഒരാള്‍ ആണ്. ഇതെല്ലം കൊണ്ടാണ് രാഹുല്‍ ദ്രാവിഡ്‌ എന്ന മനുഷ്യനെ രാഹുല്‍ ദ്രാവിഡ്‌ എന്ന കളിക്കാരന്‍ എന്നതിലുപരി ഞാന്‍ ബഹുമാനിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഇക്കാര്യത്തില്‍ എന്റെ ഇഷ്ട കളികാരന്‍ സച്ചിനെകാള്‍ മുകളില്‍ ഞാന്‍ കാണുന്നത് ദ്രാവിഡിനെ ആണ്.

പക്ഷെ രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്മണ്‍ എന്നീ രണ്ടു കളിക്കാരെ പറ്റി നല്ലത് എന്തെങ്കിലും പറയണം എങ്കില്‍ സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന മനുഷ്യനെ പറ്റി മോശമായി എന്തെങ്കിലും പറഞ്ഞേ പറ്റൂ എന്ന അവസ്ഥയ്ക് മാറ്റം വരണം. കഴിഞ്ഞ പത്തു വര്‍ഷമായി കേള്‍ക്കുന്ന വിലാപം ആണ് ദ്രാവിഡിന് പരിഗണന കിട്ടുന്നില്ല, ലക്ഷ്മണിനു പരിഗണന കിട്ടുന്നില്ല എന്നത്. ഒരു കാര്യം ചോദിച്ചോട്ടെ? സച്ചിന് അമിത പ്രാധാന്യം കൊടുക്കുന്നു എന്ന് പറയുന്ന ഇതേ മാധ്യമങ്ങള്‍ തന്നെയല്ലേ, ദ്രാവിഡോ ലക്ഷ്മണോ ഒരു കളി നന്നായി കളിച്ചാല്‍ ഉറപ്പായും അടുത്ത ദിവസം ഈ വിലാപം എഴുതി വിടുന്നത്? സത്യത്തില്‍ ഈ വിലാപം ആണ് കേട്ട് മടുത്തത്...!
ഇനി ആ ലേഖനത്തിലേക്ക് വരാം. സര്‍വ്വശ്രീ എബ്രഹാം എഴുതി പിടിപ്പിച്ചിരിക്കുന്ന രീതിയാണ് രസകരം. ഉള്ളത് പറയണമല്ലോ മാതൃഭൂമി പോലെ നാലുപേര്‍ പേര്‍ വായിക്കുന്ന മാസിക ആയതു കൊണ്ടാവണം, തന്റെ ആരാധ്യ പുരുഷനെ പൂജിക്കാന്‍ ഇല്ലാത്ത കണക്കുകള്‍ ഒന്നും പടച്ചു വിട്ടിടില്ല. എന്നാല്‍. ദ്രാവിഡിന് ദോഷകരമായ കണക്കുകള്‍ പലതും മറച്ചു വയ്ക്കുന്നു. സച്ചിന് എതിരെ എഴുതുമ്പോള്‍ കണക്കുകള്‍ക്ക് പകരം വായനക്കാരോട് ഒരു ചോദ്യമാണ്... ഉദാഹരണം: "നിര്‍ണായക അവസരങ്ങളില്‍ സച്ചിന്‍ എത്ര തവണ സെഞ്ച്വറി അടിച്ചിട്ടുണ്ട്...?" ആ ചോദ്യത്തിന് ഉത്തരം എന്റെ കയ്യില്‍ ഉണ്ട്.  എത്ര അവസരങ്ങള്‍ വേണമെങ്കിലും ഞാന്‍ പറഞ്ഞു തരാം. പക്ഷെ അത് വായിക്കുന്ന ഒരു ശരാശരി വായനക്കാരന്‍ കരുതുന്നത് എന്താവും? കുറെ എഴുതി പിടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഉള്‍വിളി ഉണ്ടായത് പോലെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് ഈ മാന്യദേഹം... "രാഹുല്‍ ദ്രാവിഡിന്റെ മഹത്വം വിവരിക്കാന്‍ സച്ചിന്‍ തെണ്ടുല്കരെ ഇകഴ്ത്തികാണിക്കുന്നതായി കരുതരുത്" ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം മനസ്സിലായി കാണുമല്ലോ!

സച്ചിന് കൊടുക്കുന്ന പ്രാധാന്യത്തിലെയ്ക് വരുന്നതിനു മുന്‍പ്‌ എബ്രഹാം സാറിന്റെ ചില ചോദ്യങ്ങള്‍ക്ക് ഞാന്‍  ഉത്തരം  തരാം. അത് കഴിഞ്ഞ് കുറെ ചോദ്യങ്ങള്‍ എനിക്കും ഉണ്ട് ചോദിക്കാന്‍...
____________________________________________________________________________

ചോ: സച്ചിന്‍ ദ്രാവിടിനെക്കാള്‍ 24 ടെസ്റ്റുകള്‍ അധികം കളിച്ചിട്ടുണ്ട്. 53 ബാറ്റിംഗ് ശരാശരിയുള്ള ദ്രാവിഡ്‌ സച്ചിന് തൊട്ടടുത് അല്ലെങ്കില്‍ അതിനു മുകളില്‍ എത്തുകയില്ലായിരുന്നോ? എന്നതാണ് ആദ്യ ചോദ്യം.

ഉ: 24 ടെസ്റ്റുകള്‍ ആയിരിക്കാം, എന്നാല്‍ സച്ചിന്‍ ദ്രവിടിനെക്കാള്‍ വെറും 25 ഇന്നിങ്ങ്സുകളെ അധികം കളിച്ചിട്ടുള്ളൂ. അതായത് 24 ടെസ്റ്റുകള്‍ എന്ന് വച്ചാല്‍ വായിക്കുന്ന സാധാരണക്കാരന്‍ ആലോചിചെടുക്കുക 48 ഇന്നിങ്ങ്സുകള്‍ ആവും. ഒരുകാര്യം കൂടെ ഓര്‍ക്കുക; ബാറ്റിംഗ് നിരയില്‍ ദ്രാവിഡ്‌ മൂന്നാം സ്ഥാനത്തും സച്ചിന്‍ നാലാം സ്ഥാനത്തും ആണ് സ്ഥിരമായി കളിക്കുന്നത്. ഈ 25 ഇന്നിങ്ങ്സുകളില്‍ സച്ചിന് 2190 റണ്‍സുകളും 16 ശതകങ്ങളും അധികം ഉണ്ട് എന്നത് എബ്രഹാം സാറിനു ഒരു കാര്യമേ അല്ല.
____________________________________________________________________________

ചോ: മൊത്തം നേടിയ 51 സെഞ്ച്വറികളില്‍ 20 എണ്ണം മാത്രമല്ലെ ഇന്ത്യ ജയിക്കാന്‍ കാരണം ആയുള്ളൂ...?
ഉ: ഒരു ടീം ഗെയിം ആണ് ക്രിക്കെറ്റ് എന്നറിയാത്ത 'പ്രതിഭ'കളെയാണോ മാതൃഭൂമി ക്രിക്കെറ്റ് ലേഖകരായി നിയമിച്ചിട്ടുള്ളത്? ഇതേ ചോദ്യം അങ്ങോട്ട്‌ ചോദിക്കട്ടെ മിസ്ടര്‍ എബ്രഹാം? ദ്രാവിഡ്‌ നേടിയ 35 സെഞ്ച്വറികളില്‍ വെറും 14 എണ്ണത്തില്‍ അല്ലേ ഇന്ത്യ ജയിച്ചുള്ളൂ? അതിനു എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്? ദ്രാവിഡിനെകാള്‍ വേഗത്തില്‍ സ്കോര്‍ ചെയ്യുന്ന ബാറ്സ്മാന്‍ ആണ് സച്ചിന്‍ എന്നതും താങ്കള്‍ക്ക് അറിയാം. അപ്പോള്‍ ആ തോല്വികള്‍ക്ക് സച്ചിന്‍ എങ്ങനെ കാരണക്കാരന്‍ ആവും?
____________________________________________________________________________

ഏറ്റവും രസകരമായ ചോദ്യം ഇതാണ്

ചോ: കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ്‌ ദ്രാവിഡ്‌ സെഞ്ച്വറി അടിച്ച ഒരു ടെസ്റ്റിലെ ഇന്ത്യ തോറ്റിട്ടുള്ളൂ. ഇത് എത്ര പേര്‍ക്ക് അവകാശപ്പെടാന്‍ ആവും?

ഉ: കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തോടെ ആ സംഖ്യ ഒന്നില്‍ നിന്ന് ഒറ്റയടിക്ക് 4 ആയി. അത് സമര്‍ത്ഥമായി മറച്ചു പിടിക്കാന്‍ എബ്രഹാം സാറിനു സാധിച്ചു! സച്ചിന്‍ സെഞ്ച്വറി അടിച്ച 11 കളികളില്‍ ഇന്ത്യ തോറ്റു. ഈ 11 കളികളില്‍ ദ്രാവിഡ്‌... അല്ലെങ്കില്‍ വേണ്ട, വേറെ ആരെങ്കിലും സച്ചിന് പിന്തുണയോടെ കൂടെ നിന്നിരുന്നെങ്കില്‍, സെഞ്ച്വറി അടിച്ചിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കുംയിരുന്നോ? ഈ തോറ്റ 11 കളികള്‍ നിര്‍ണായക അവസരം അല്ലായിരുന്നോ? ആ സമയത്ത് ഈ രക്ഷകന്‍ ദ്രാവിഡ്‌ രക്ഷിച്ചില്ലേ? ഈ ഇംഗ്ലണ്ട് സീരീസില്‍ സംഭവിച്ചത് തന്നെയാണ് ആ 11 ടെസ്റ്റുകളിലും സംഭവിച്ചത്. തോറ്റ 4 ടെസ്റ്റുകളില്‍ ദ്രാവിഡ്‌ അടിച്ച സെഞ്ച്വറികള്‍ മഹത്തായ സംഭവം ആവുന്നു... തോറ്റ 11 ടെസ്റ്റുകളില്‍ സച്ചിന്‍ അടിച്ച സെഞ്ച്വറികള്‍ക്ക് പഴം തുണിയുടെ വിലപോലും ഇല്ല. ഇതല്ലേ മിസ്ടര്‍ താങ്കള്‍ ദ്രാവിടിനെതിരെ എന്ന് പറഞ്ഞു വിലപിക്കുന്ന ഇരട്ടതാപ്പിനെക്കള്‍ വലിയ ഇരട്ടത്താപ്പ്?
____________________________________________________________________________

എനിക്ക് മാതൃഭൂമിയോട് സഹതാപം തോന്നിയ വരികള്‍ ആണ് അടുത്തത്.

ചോ: നിര്‍ണ്ണായക അവസരങ്ങളില്‍ 'മാസ്റ്റര്‍ ബ്ലാസ്ടര്‍' പതറുന്ന അനുഭവമാണുള്ളത് . 1999 മദ്രാസ് ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഇത് നേരിട്ട് കണ്ടയാളാണ് ലേഖകന്‍. അന്ന് കണ്ട നിലയില്‍ നിന്ന് ഒരു മറ്ച്ച്വിന്നെര്‍ എന്ന നിലയിലേക് വളരാന്‍ ഈ മഹാപ്രതിഭയ്ക്ക് കഴിഞ്ഞിട്ടില്ല.

ഉ: ദ്രാവിഡ്‌ തിമിരം ബാധിച്ച ഈ മഹാന്‍ ആണ് 99 മദ്രാസ് ടെസ്റ്റ്‌ മാതൃഭൂമിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്തത് എന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ക്രിക്ക്കെറ്റ് ലോകം കണ്ടിട്ടുള്ളതില്‍ വച്ച് മഹത്തായ ഇന്നിങ്ങ്സുകളില്‍ ഒന്നായാണ്, ഇന്ത്യന്‍ ടീം സച്ചിനെ ആശ്രയിച്ചാണ് ജയിക്കുന്നത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ടെസ്റ്റ്‌ ആയാണ് 99 മദ്രാസ്‌ ടെസ്റ്റ്‌ അറിയപ്പെടുന്നത്. ആ ടെസ്റ്റ്‌ ജയിക്കാന്‍ ഇന്ത്യയ്ക്ക് നാലാം ഇന്നിങ്ങ്സില്‍ 271 റണ്‍സ് വേണ്ടിയിരുന്നു. നാലാം ഇന്നിങ്ങ്സില്‍ ഇതുവരെ കളിച്ചിട്ടില്ല എന്ന് വിമര്‍ശകര്‍ 'അവകാശപ്പെടുന്ന' സച്ചിന്‍ മാത്രമാണ് പൊരുതിയത്. നടുവ് വേദന കാരണം വേദന സംഹാരികള്‍ കഴിച്ചും, ഐസ് ബാഗ്‌ കെട്ടി വച്ചും ആണ് സച്ചിന്‍ കളിച്ചത്. സച്ചിന്‍ 136 റണ്‍സ് എടുത്ത് ഔട്ട്‌ ആവുമ്പോള്‍ ഇന്ത്യക്ക് വേണ്ടത് 16 റണ്‍സ്. നാല് വിക്കെടുകള്‍ ബാകി. എന്നിട്ടോ? ഇന്ത്യ ആ ടെസ്റ്റ്‌ തോട്ടത് 12 റണ്‍സിനു. ബാകിയുള്ള 4 പേര്‍ ചേര്‍ന്ന് 16 റണ്‍സ് എടുക്കാതിരുന്നതിനു, നടുവ് വേദന സഹിച്ചു കളിച് ജയത്തിനു അരികില്‍ എത്തിച്ച സച്ചിന്‍ എന്ത് പിഴച്ചു? ആ ഇന്നിങ്സില്‍ എബ്രഹാമിന്റെ ആരാധ്യ പുരുഷനായ ദ്രാവിഡ്‌ എടുത്തത് 10 റണ്‍സ്. മറ്റൊരു സോ കോള്‍ഡ്‌ രക്ഷകന്‍ ആയ ലഷ്മന്‍ എടുത്തത് 0. അത് താങ്കള്‍ കണ്ടില്ലേ?
____________________________________________________________________________

ഇനി എനിക്ക് ചോദിക്കാനുള്ള ചില ചോദ്യങ്ങള്‍, ഒപ്പം താങ്കള്‍ സമര്‍ത്ഥിക്കാന്‍ നോക്കിയ പല കാര്യങ്ങള്‍ക്കും ഒരു മുന്‍‌കൂര്‍ ഉത്തരവും...

സച്ചിന്‍ നാലാം ഇന്നിങ്ങ്സ് കളിച്ചത് 52 തവണ ദ്രാവിഡ്‌ ആവട്ടെ 53 തവണ. നാലാം ഇന്നിങ്ങ്സില്‍ ദ്രാവിഡ്‌ അടിച്ചിട്ടുള്ളത് ഒരൊറ്റ സെഞ്ച്വറി. ആ കളി സമനില ആയി. എന്നാല്‍ സച്ചിന്‍ അടിച്ചിട്ടുള്ളത് 3 സെഞ്ച്വറികള്‍. മുന്‍പേ പറഞ്ഞ 99 ചെന്നൈ ടെസ്റ്റ്‌ സെഞ്ച്വറി ഇതില്‍ പെടും. ആ ടെസ്റ്റ്‌ ആണ് തോറ്റത്. ബാകി ഒന്നില്‍ സമനില. ഒരു കളി ഇന്ത്യ ജയിച്ചു. 
 ____________________________________________________________________________

ദ്രാവിഡ് തന്‍റെ 15 വര്‍ഷത്തെ  കരിയറില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍  ഒരിക്കല്‍ പോലും നാലാം ഇന്നിങ്ങ്സില്‍ ഒരു അര്‍ദ്ധസെഞ്ച്വറി  സ്കോര്‍ ചെയ്തിട്ടില്ല എന്നത് താങ്കള്‍ക്ക് അറിയാമോ? 38 ആണ് ഉയര്‍ന്ന സ്കോര്‍ !

സച്ചിന്‍ അന്‍പതിലധികം  റണ്‍സ് അടിച്ചത് 6 തവണ... അതില്‍ 5 തവണയും ഇന്ത്യ ജയിച്ചു!  ഒരു കളി സമനിലയും.
____________________________________________________________________________

സച്ചിന്‍ മൂന്നാം ഇന്നിങ്ങ്സ് കളിച്ചത് 68 തവണ ദ്രാവിഡ്‌ ആവട്ടെ 63 തവണ. സച്ചിന് സെഞ്ച്വറി 10. ദ്രാവിഡിനു 5.
____________________________________________________________________________

നിര്‍ണ്ണായക അവസരങ്ങളില്‍ തിളങ്ങാറില്ല, എന്നതാണ് സച്ചിനെതിരെ കേട്ട് മടുത്ത പ്രധാന ആരോപണം. സച്ചിന്‍ എല്ലാ നിര്‍ണ്ണായക അവസരങ്ങളിലും തിളങ്ങുന്നുണ്ടാവില്ല. എന്നാല്‍, സച്ചിന്‍ തിളങ്ങിയ നിര്‍ണ്ണായക അവസരങ്ങള്‍ ഞാന്‍ എണ്ണമിട്ടു നിരത്താം... ഒരു ദ്രവിടിണോ ലക്ഷ്മനിണോ സങ്കല്പ്പികാന്‍ പറ്റുന്നതില്‍ അധികം തവണ ഉണ്ടാവും അത്. അടുത്തിടെ നടന്നതില്‍ ചിലത് മാത്രം ഞാന്‍ ഇവിടെ പറയാം. ബാകിയുള്ളവ, എന്റെ വെബ്സൈറ്റില്‍  SACHIN ALWAYS FAILS IN PRESSURE SITUATIONS ? എന്ന പേജില്‍ കാണാം.

ഈ കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ സംഭവിച്ചതില്‍ ചിലത്  മാത്രം ഞാന്‍ പറയാം. 

ബംഗ്ലാദേശിനെതിരെ 2010 ജനുവരി ചിട്ടഗോന്ഗ് ടെസ്റ്റില്‍ ശിശുക്കള്‍ എന്നറിയപ്പെടുന്ന ബംഗ്ലാദേശ്  നിരയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്സ് ചീട്ടുകൊട്ടാരം പോലെ തകരുന്നു. ഒറ്റയ്ക്ക് പൊരുതിയ സച്ചിന്റെ 105 ന്റെ ബലത്തില്‍ ഇന്ത്യ 243 റണ്‍സ് നേടി. പത്താമത്തെ വിക്കെറ്റ് പോവുമ്പോഴും സച്ചിന്‍ നോട്ട്ഔട്ട്‌ ആയി നില്‍ക്കുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ സച്ചിന്‍ നേടുന്ന സെഞ്ച്വറി എന്നത് ആര്‍ക്കും പ്രയോജനം ഇല്ലാത്തത എന്നാണല്ലോ വെപ്പ്. ഈ 'വെപ്പ്' സച്ചിന്‍ സെഞ്ച്വറി അടിക്കുമ്പോള്‍ മാത്രമേ ഉള്ളു എന്നതാണ് രസകരം. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?


സൌത്ത് ആഫ്രിക്കയ്ക്കെതിരെ ജന 2011 കേയ്പ്‌ടൌണ്‍ ടെസ്റ്റ്‌. ആദ്യ ഇന്നിങ്ങ്സില്‍ സൌത്ത് ആഫ്രിക 362 . അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 5 റണ്‍സിനു നഷ്ടമാവുമ്പോള്‍ 28 നു 2 എന്ന അവസ്ഥയില്‍. സച്ചിന്‍ 146 എടുത്ത് ഔട്ട്‌ ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 341. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?


ഓസ്ട്രേലിയക്കെതിരെ 2010 ബംഗ്ലൂര്‍ ടെസ്റ്റ്‌. ആദ്യ ഇന്നിങ്ങ്സില്‍ ഓസ്ട്രേലിയ നേടിയത് 478 റണ്‍സ്. അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 1 റണ്‍സിനു നഷ്ടമാവുമ്പോള്‍ 38 നു 2 എന്ന അവസ്ഥയില്‍. സച്ചിന്‍ 214 എടുത്ത് ഔട്ട്‌ ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 486. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?


ഓസീസിനെതിരെ അവസാനം നടന്ന സീരീസിലെ മൊഹാലി ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്സില്‍ സച്ചിന്‍ 98 അടിച്ചു. സെക്കന്റ്‌ ഇന്നിങ്ങ്സില്‍ 38 നു ഔട്ട്‌ ആയപ്പോള്‍ അന്ന് പറഞ്ഞു സച്ചിന്‍ ടീമിന് കൊള്ളാത്ത ആള്‍. മാധ്യമങ്ങള്‍ സച്ചിന്റെ നാലാം ഇന്നിങ്ങ്സ് പ്രകടനത്തിനെ പറഞ്ഞു ഇകഴ്താന്‍ മത്സരമായിരുന്നല്ലോ... ഇംഗ്ലണ്ട് ടെസ്റ്റില്‍ ദ്രാവിഡ് ഫസ്റ്റ് ഇന്നിങ്ങ്സില്‍ 103 അടിച്ചിട്ട്, സെക്കന്റ്‌ ഇന്നിങ്ങ്സില്‍ 36 എടുത്ത് ഔട്ട്‌ ആയപ്പോള്‍ രക്ഷകന്‍! അല്ലേ?

ശ്രീലങ്കയ്ക്കെതിരെ ജൂലൈ 2010 കോളോമ്പോ ടെസ്റ്റ്‌. ആദ്യ ഇന്നിങ്ങ്സില്‍ ശ്രീലങ്ക നേടിയത് 642. അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 3 റണ്‍സിനു നഷ്ടമാവുമ്പോള്‍ 173 നു 3 എന്ന അവസ്ഥയില്‍. സച്ചിന്‍ 203 എടുത്ത് ഔട്ട്‌ ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 592. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?

ഇതല്ല, ഇനിയുമുണ്ട് ഒരുപാട്. ഇത് ഈ കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ സംഭവിച്ചതില്‍ ചിലത്  മാത്രമാണ്.
____________________________________________________________________________

ഇനി സച്ചിന് കിട്ടുന്ന 'പ്രാധാന്യം'. അത് ഞന്‍ ഉടനെ തന്നെ ഒരു പോസ്റ്റ്‌ ആയി ഇടുന്നുണ്ട്. എത്രയൊക്കെ കളിച്ചാലും നിര്‍ണ്ണായക അവസരത്തില്‍ തിളങ്ങിയാലും, ഒരൊറ്റ സീരീസില്‍ അല്പം മോശമായാല്‍, ടീമിന് കൊള്ളാത്ത ആള്‍, സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കുന്ന ആള്‍, വേണ്ട സമയത്ത് കളികാത്ത ആള്‍ എന്നുള്ള വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്ന ആള്‍ തന്നെയല്ലേ, എബ്രഹാം സാറേ ഈ സച്ചിന്‍?

സമ്പൂര്‍ണ്ണ പരാജയം എന്ന് വിമര്‍ശകര്‍ വിളിച്ചു കൂവുന്ന കഴിഞ്ഞ സീരീസിലും, 2 ഇന്നിങ്ങ്സുകളില്‍ ഇന്ത്യന്‍ ടീമിന്റെ ടോപ്‌ സ്കോരെര്‍ സച്ചിന്‍ ആയിരുന്നു എന്ന കാര്യം മറക്കരുത്. 

സച്ചിന്‍റെ അവസാന 10  ഫോര്‍ത്ത് ഇന്നിങ്ങ്സ് സ്കോറുകള്‍ : 12, 49, 103*, 54, 38, 53*, 14*, 12, 56, 76 . എന്താണ് ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം?

തന്റെ ലേഖനത്തിന്റെ അവസാന ഭാഗത്തായി പറയുന്ന കാര്യം ശ്രദ്ധേയമാണ്. 96  മുതല്‍ 2006 വരെ ലേഖകന്‍ ദ്രാവിടുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആയിരുന്നത്രെ... ദ്രാവിഡിന്റെ ജീവചരിത്രം എഴുതുവാന്‍ വേണ്ടി! ദ്രാവിഡിന്റെ കുല മഹിമയും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. അതായിരുന്നു ഉദ്ദേശം എങ്കില്‍ കുലമഹിമയെ പറ്റി ഒരു ലേഖനം ആവാമായിരുന്നു... ഇങ്ങനെ പിച്ചും പേയും എഴുതി പിടിപ്പിച് മലയാളത്തിലെ ഒരേയൊരു സ്പോര്‍ട്സ് മാസികയുടെ വിശ്വാസ്യത കളയണമായിരുന്നില്ല, മിസ്റ്റര്‍ എബ്രഹാം. 

Posted: 22 -09 -2011. Update: 17-12-2011






ജൂലൈ 31, 2011

ലോഡ്സിലെ സെഞ്ച്വറി എന്ന മഹാ സംഭവം!


ക്രിക്കെട്ടിന്റെ തറവാട്! ക്രിക്കെട്ടിന്റെ മക്ക! ഇതെല്ലാം ലോര്‍ഡ്സ് ക്രിക്കറ്റ്‌ മൈതാനത്തിന്റെ വിശേഷണങ്ങളില്‍ ചിലത് മാത്രമാണ്... അവിടെ നേടുന്ന ഓരോ റണ്‍സും ഓരോ വിക്കെറ്റും കളിക്കാര്‍ക്ക് വളരെ വിലയുള്ള സംഗതികള്‍ ആണ്.

ലോര്‍ഡ്സിലെ ഓണേഴ്സ് ബോര്‍ഡില്‍ പേര് വരാനായി കളിക്കാര്‍ കൊതിക്കാറുണ്ട്. ഇതെല്ലാം ആ മൈതാനത്തിന്റെ ചരിത്രപരമായ സവിശേഷതകള്‍ കാരണം ഉണ്ടായ പ്രാധാന്യം മാത്രമാണ്. അതല്ലാതെ അത് ഒരു ബാറ്റ്സ്മാന് മെരുങ്ങാത്ത മൈതാനമോ പിച്ചോ അല്ല. മൈതാനത്തിനു ഒരു വശത്തേക് ചരിവ് പോലും ഉണ്ടെന്നതാണ് വസ്തുത.

സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന ക്രിക്കെട്ടെര്‍ നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും, ലോര്‍ഡ്സില്‍ ഒരു സെഞ്ച്വറിയോ ഒരു വലിയ ഇന്നിങ്ങ്സോ അദ്ദേഹം നേടിയിട്ടില്ല എന്നത് വിമര്‍ശകര്‍ക്ക് ഒരു വലിയ പിടിവള്ളി ആണ്.

ഇതൊരു ദേശീയ ടീമിനും ലോര്‍ഡ്സില്‍ സാധാരണ ഗതിയില്‍ ഒരു ടെസ്റ്റ്‌ മത്സരം അല്ലെങ്കില്‍ ഒരു ഏകദിന മത്സരം കളിക്കണമെങ്കില്‍ എതിര്‍ ടീം ഇംഗ്ലണ്ട് ആയിരിക്കും. അല്ലാതെ സംഭവിക്കണമെങ്കില്‍ അത് ലോകകപ്പ് ഫൈനലോ മറ്റോ ആവണം. കൂടാതെ ഇംഗ്ലണ്ടിന്റെ ബൌളിംഗ് നിര അത്ര കേമം എന്ന് പറയാന്‍ മാത്രം ഉണ്ടായിരുന്നില്ല, ഈ കഴിഞ്ഞ രണ്ടു ദശാബ്ദ കാലം എങ്കിലും.

സച്ചിന്‍ തെണ്ടുല്‍കര്‍ 22 വര്‍ഷത്തെ കരിയറില്‍ 3 ഏകദിനങ്ങളും 5 ടെസ്റ്റുകളും മാത്രമാണ് ലോര്‍ഡ്സില്‍ കളിച്ചിട്ടുള്ളത്. ഇത്രയും കളികളില്‍ ഒരു സെഞ്ച്വറി ഇല്ല എന്നത് അദ്ദേഹത്തെ വെറുക്കുന്ന ഒരാള്‍ക്ക് പറയാന്‍ ഉള്ള ഒരു വിഷയം ആവും എന്നത് സ്വാഭാവികം മാത്രം.

പക്ഷെ... ലോര്‍ഡ്സില്‍ കളിക്കാന്‍ പ്രത്യേക കഴിവ് വേണം, സച്ചിന് ആ പിച്ച് മെരുങ്ങില്ല എന്നിങ്ങനെയുള്ള വാദങ്ങള്‍ പലയിടത്തും കാണുന്നു. അതിനെ കുറിച്ച് ചില കാര്യങ്ങള്‍...

ഒരു അന്താരാഷ്ട്ര മത്സരത്തില്‍ സച്ചിന് അവിടെ സെഞ്ച്വറി ഇല്ല എന്നത് ഒരു വസ്തുതയാണ്... എന്നാല്‍, ഒരു പ്രദര്‍ശന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൌളിംഗ് നിരയെ വെല്ലുന്ന ടീമിനെതിരെ സച്ചിന്‍ കളിച്ചിട്ടുണ്ട്, ലോര്‍ഡ്സില്‍.

1998 ജൂലൈ 18 ന് പ്രിന്‍സെസ്സ് ഡയാന മെമ്മോറിയല്‍ മാച്ച് എന്ന പേരില്‍ ലോര്‍ഡ്സില്‍ നടന്ന കളിയില്‍ മാന്‍ ഓഫ് ദി മാച്ച് സച്ചിന്‍ ആയിരുന്നു എന്ന് ഒരുപാട് പേര്‍ക്ക് അറിയില്ല. എം സീ സീ ഇലവനും റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് ഇലവനും തമ്മില്‍ ആയിരുന്നു മത്സരം.

അന്ന് സച്ചിന്‍ നേരിട്ട ബൌളിംഗ് നിര ഇതാണ്...

1. ഗ്ലെന്‍ മഗ്രാത്ത്
2. ജവഗല്‍ ശ്രീനാഥ്
3. അലെന്‍ ഡൊണാള്‍ട്
4. മക് മില്ലന്‍
5. അനില്‍ കുംബ്ലെ
6. അമീര്‍ സോഹൈല്‍

ഈ ബൌളിംഗ് നിരയെ പറ്റി ഞാന്‍ അധികം പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

ആദ്യം ബാറ്റ് ചെയ്ത റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് ചന്ദര്‍ പോളിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 261 എടുത്തു. ആ സ്കോര്‍ പിന്തുടര്‍ന്ന എം സീ സീ സച്ചിന്റെ 114 പന്തുകളില്‍ നേടിയ 125 റണ്‍സിന്റെ ബലത്തില്‍ റസ്റ്റ്‌ ഓഫ് ദി വേള്‍ഡ് നെ പരാജയപ്പെടുത്തി. 15 ഫോറും 4 സിക്സും ഉണ്ടായിരുന്നു ആ ഇന്നിങ്ങ്സില്‍.

സ്കോര്‍ കാര്‍ഡ്‌

അമീര്‍ സോഹൈല്‍, മക്ഗ്രാത്ത്, ഡൊണാള്‍ട് എന്നിവരെയാണ് സച്ചിന്‍ നന്നായി കൈകാര്യം ചെയ്തത്. മക്ഗ്രാത്ത് എന്ന മഹാരഥന്റെ തലയ്ക്കു മുകളിലൂടെ രണ്ടും മൂന്നും തവണ തുടര്‍ച്ചയായി പന്ത് പറക്കുന്നത് കാണാം... വീഡിയോ താഴെകൊടുത്തിട്ടുണ്ട്...




സച്ചിന്‍ അന്താരാഷ്ട്ര മത്സരത്തില്‍, ഇംഗ്ലണ്ടിന്റെ ബൌളിംഗ് നിരയ്ക്ക് എതിരെ ഒരു സെഞ്ച്വറി നേടിയിട്ടില്ല എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ... പക്ഷെ ലോര്‍ഡ്സ് എന്ന ക്രിക്കറ്റ്‌ കൊട്ടാരം ക്രിക്കെട്ടിന്റെ രാജാവിനു മെരുങ്ങില്ല എന്ന് മാത്രം ദയവ് ചെയ്ത് പറയരുത്.

വാല്‍ക്കഷ്ണം: ലോര്‍ഡ്സില്‍ സച്ചിന്റെ അവസാന ഇന്നിങ്ങ്സിനു ശേഷം നടന്ന ഷോയില്‍ കേട്ടത്...

ജെഫ്രി ബോയ്ക്കോട്ട്: "സച്ചിന്‍ മഹാനായ ഒരു കളികാരന്‍ ആണ്. പക്ഷെ അദ്ദേഹത്തിന്റെ പേര് ലോര്‍ഡ്സിലെ ഓണേഴ്സ് ബോര്‍ഡില്‍ ഇല്ല."

ഹര്‍ഷ ഭോഗ്ലെ: "അതേ, അതപ്പോള്‍ ശരിക്കും ആരുടെ നഷ്ടമാണ്? സച്ചിന്റെയോ അതോ ഓണേഴ്സ് ബോര്‍ഡിന്‍റെയോ?"






ഏപ്രിൽ 26, 2011

ഈ തെറ്റ് എങ്ങിനെ സംഭവിച്ചു...? സച്ചിന്‍ തന്നെ ഇത്തവണയും ഇര.


സാങ്കേതിക വിദ്യയുടെ ഉപയോഗം എല്ലാ കായിക രംഗങ്ങളിലും തെറ്റുകള്‍ കുറയ്ക്കുന്നതിന് വളരെയധികം പ്രയോജനപ്പെടുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഹോക് - ഐ പോലുള്ള സാങ്കേതിക വിദ്യകള്‍ ടെന്നിസിലും ക്രിക്കെട്ടിലും ഇപ്പോള്‍ ധാരാളമായി ഉപയോഗിച്ച് പോരുന്നു.

സച്ചിനെ പോലുള്ള ചില കളിക്കാര്‍ യു. ഡീ. ആര്‍. എസ് നെ അനുകൂലിച്ചിരുന്നില്ല എങ്കിലും, അതിനോട് ഇന്ന് ഏറ്റവും അധികം കടപ്പാടുള്ള കളിക്കാരന്‍ ഒരുപക്ഷെ സച്ചിന്‍ ആയിരിക്കും. ലോകകപ്പില്‍ പാകിസ്താന് എതിരെ സെമി ഫൈനലില്‍, അമ്പയര്‍ ഔട്ട്‌ വിധിച്ച ശേഷം യു. ഡീ. ആര്‍. എസ് ഒന്ന് കൊണ്ട് മാത്രമാണ് ഫീല്‍ഡ് അമ്പയറുടെ തീരുമാനം സച്ചിന്‍ അതിജീവിച്ചത്.

അമ്പയറുടെ തെറ്റായ തീരുമാനം മൂലം ഏറ്റവും അധികം തവണ ഔട്ട്‌ ആയ കളിക്കാരനും സച്ചിന്‍ ആണ്. തെറ്റായ തീരുമാനങ്ങളുടെ ലിസ്റ്റ് ഇവിടെ കാണാം.

തേഡ് അമ്പയര്‍ നിലവില്‍ വന്ന ശേഷം ആദ്യമായി ഔട്ട്‌ ആയ ബാറ്സ്മാന്‍ മറ്റാരുമല്ല സച്ചിന്‍ തന്നെയാണ്.

ഹോക്ക്-ഐ സച്ചിന്റെ നോട്ടൌട്ട് തീരുമാനത്തിന് നല്‍കിയ ഔദ്യോഗിക വിശദീകരണം ഇവിടെ കാണാംപാകിസ്താനില്‍ ചില ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളില്‍ ഹോക് - ഐക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ ആണ് അവര്‍ക്ക് ഈ വിശദീകരണം നല്‍കേണ്ടി വന്നത്.

എന്നാല്‍ ഐ. പി. എല്ലില്‍ മുംബൈ ഇന്ത്യന്‍സും ഡെക്കാന്‍ ചാര്‍ജെഴ്സും തമ്മില്‍ ഏപ്രില്‍ 24 ന് നടന്ന മത്സരത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അബദ്ധമാണ് സംഭവിച്ചത്.

സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാല്‍ മാത്രം പോര, അത് ഉപയോഗിക്കാനുള്ള കോമണ്‍ സെന്‍സ് പലര്‍ക്കും ഇല്ലാതെ പോവുന്നു എന്നുള്ളതിന് ഉള്ള ഉദാഹരണം ആണിത്. ബോധപൂര്‍വ്വമായ ഇടപെടലുകളും നടന്നിട്ടുണ്ടാവാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അമിത് മിശ്ര എറിഞ്ഞ ഒന്‍പതാം ഓവറിലെ ബോള്‍ സച്ചിന്‍ കൂറ്റന്‍ അടിക്കു മുതിര്‍ന്നെങ്കിലും ബൌണ്ടറി ലൈനില്‍ സ്റെയിന്‍ പിടിച്ചു. എന്നാല്‍ അമ്പയര്‍ അത് നോ ബോള്‍ ആണെന്ന സംശയത്താല്‍ തേഡ് അമ്പയറിന് കൈമാറി.

സ്ടംപ്‌ ക്യാമറയില്‍ കണ്ട ദൃശ്യങ്ങളില്‍ മിശ്രയുടെ കാല്‍ ലൈനില്‍ ആയിരുന്നു.













മിഡ് ഓണില്‍ നിന്ന് ഉള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് തന്നെയായിരുന്നു ഫലം. കാലിന്റെ ചെറിയൊരു ഭാഗം പോലും ലൈനിന് ഉള്ളില്‍ ഉണ്ടായിരുന്നില്ല.













കാല്പ്പാദത്തിന്റെ ഏതെങ്കിലും ഭാഗം ലൈനിന് ഉള്ളില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് ലീഗല്‍ ബോള്‍ ആയി പരിഗണിക്കുകയുള്ളൂ... അല്ലെങ്കില്‍ അത് ഫ്രീ ഹിറ്റിന് കാരണമായേക്കാവുന്ന ഒരു നോ ബോള്‍ ആണ്.

എന്നാല്‍ അടുത്തതായി പരിശോധിച്ചത് പോയിന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആയിരുന്നു. അതില്‍ മിശ്രയുടെ കാലിന്റെ ചെറിയൊരു ഭാഗം ലൈനിന് ഉള്ളില്‍ ആയിരുന്നു. അത് പ്രകാരം അമ്പയര്‍ സച്ചിന്‍ ഔട്ട്‌ ആണെന്ന് വിധിച്ചു.













എന്നാല്‍ അവിടെ സംഭവിച്ച തെറ്റ് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല.

തേഡ് അമ്പയര്‍ അവസാനമായി കണ്ടതും, ഔട്ട്‌ വിധിച്ചതും തൊട്ടു മുകളില്‍ കാണുന്ന പൊയന്റില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ്. അതിലാവട്ടെ, മിശ്രയുടെ കാലിന്റെ ഭാഗം ലൈനിന് ഉള്ളില്‍ ഉണ്ട് താനും.

ഇനി ശ്രദ്ധിച്ചു നോക്കുക, ആ ദൃശ്യങ്ങളില്‍ കാണുന്ന നോണ്‍ സ്ട്രൈക്കര്‍ ബാറ്സ്മാന്‍ ആരാണ്?

അതേ.. അത് സച്ചിന്‍ ആണ്...! സച്ചിന്‍ സ്ട്രൈക്ക് ചെയ്ത ബോളില്‍ എങ്ങനെയാണ് അദ്ദേഹം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ വരിക?

ആ ദൃശ്യം കണ്ട അമ്പയര്‍ ആണ് ആ ബോള്‍ ലീഗല്‍ ഡെലിവറി ആയി വിധിച്ചത്. ഇവിടെ ആരാണ് തെറ്റുകാരന്‍? അമ്പയര്‍ കിട്ടുന്ന ദൃശ്യങ്ങള്‍ നോക്കുകയെ ഉള്ളു.. സ്വാഭാവികമായും ലൈനില്‍ മാത്രമേ ശ്രദ്ധിക്കാന്‍ സാധ്യതയുള്ളൂ... ചുറ്റുവട്ടത്തുള്ള ആളുകളെ ശ്രദ്ധിക്കില്ല എന്ന് വിശ്വസിക്കാം...

പിന്നെ ആരാണ് അതിനു കാരണക്കാരന്‍? ബ്രോട്കാസ്റെര്‍ ആയിരിക്കാം. അത് മനുഷ്യ ജീവി എന്ന നിലയില്‍ ഒരാള്‍ക്ക് സംഭവിച്ച ഒരു തെറ്റായിരുന്നോ?

സച്ചിന്റെ വിക്കെറ്റ് മാത്രമല്ല, ആ ബോളില്‍ ഓടിയെടുത്ത റണ്‍സ്, നോ ബോളിന്റെ ഒരു റണ്‍, ഒരു ഫ്രീ ഹിറ്റ്‌ ഡെലിവറി, ഇന്നിഗ്സിന്റെ ഒഴുക്ക് ഇവയെല്ലാം ടീമിന് നഷ്ടം.

ഐ. പി. എല്‍ പോലുള്ള ഒരു കളി ആയതു കൊണ്ട് ഇത് അത്ര കാര്യമായി എടുക്കേണ്ട എന്ന് കരുതാന്‍ പറ്റില്ല... ഇതുപോലെയുള്ള തെറ്റുകള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല.

നിഷാദ് പൈ വൈദ്യ എന്ന ചെറുപ്പക്കാരന്‍ ആണ് ഈ തെറ്റുകള്‍ ആദ്യമായി കണ്ടെത്തിയത്. ക്രിക്കറ്റ്‌ കണ്‍ട്രി എന്ന സൈറ്റില്‍ ആണ് ഇതിനെ പറ്റി ഒരു ലേഖനം ആദ്യമായി വന്നത്.

ഹര്‍ഷ ഭോഗ്ലെ യെ ഇതിനെ കുറിച്ച് അറിയിച്ചിരുന്നു... അദ്ദേഹം ആദ്യം കണ്ടപ്പോള്‍ ഇതിനെ കാര്യമായി എടുത്തില്ല എങ്കിലും, പിന്നീട് വീഡിയോ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിനും കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഐ. പി. എല്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രോട്യൂസേരിന്റെ ശ്രദ്ധയില്‍ പെടുത്താം എന്ന് ട്വിട്ടെരിലൂടെ ഉറപ്പും അദ്ദേഹം നല്കിയിട്ടുണ്ട്.