സെപ്റ്റംബർ 08, 2010

മൊബൈല്‍ ഫോണ്‍ വച്ച് എനിക്കിട്ടൊരു ബ്ലോക്ക്‌ !


അരീക്കോടന്‍ മാഷിന്റെ കള്ളം പറയാനും മൊബൈല്‍ ഫോണ്‍ ! എന്ന പോസ്റ്റ്‌ വായിച്ചപ്പോഴാണ് എനിക്കുണ്ടായ ഒരനുഭവം ഓര്‍മ്മ വന്നത്. സംഭവം നടന്നിട്ട് 7-8 മാസം ആയിട്ടുണ്ടാവണം.

എന്റെ രണ്ടു കൂട്ടുകാര്‍ കോട്ടയത്ത്‌ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. വൈകിട്ട് 4 മണിയോടുകൂടി അവര്‍ ഇവിടെ വണ്ടിയിറങ്ങി എന്നെ വിളിച്ചു. കുറച്ചു ജോലി ബാക്കി ഉണ്ടായിരുന്നതിനാല്‍ എനിക്ക് അപ്പൊ ഇറങ്ങാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ ഫസ്റ്റ് ഷോ ഒരു സിനിമ കണ്ടുകളയാം തീയെട്ടര്റില്‍ വച്ച് മീറ്റ്‌ ചെയ്യാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അത്യാവശ്യ പണികള്‍ ഒക്കെ തീര്‍ത്തിട്ട് കൃത്യം 6.30 നു തീയേറ്ററില്‍ ഉണ്ടാവും എന്ന് അവര്‍ക്ക് വാക്ക് കൊടുത്തിട്ട് ഞാന്‍ ജോലി ഒരുവിധം തീര്‍ത്തു...!

സമയം 5:00 !

കമ്പനി ആവശ്യത്തിനായി കുറച്ചു നോട്ടീസ് പ്രിന്റ്‌ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. ഒരു അര മണിക്കൂര്‍ നേരത്തെ പണിയേ ഉള്ളു... എന്നാല്‍ പിന്നെ അതങ്ങ് തീര്‍ത്തു വച്ചേക്കാം...! ഒരു പ്രിന്റിംഗ് പ്രസ്‌ അന്വേഷിച്ചു ബൈക്ക് എടുത്തു ഇറങ്ങി. 2 മിനിറ്റ് കൊണ്ട് ഒരെണ്ണം കണ്ടുപിടിച്ചു. ഭാഗ്യം തിരക്കില്ല! അഞ്ചെ മുക്കാലോട് കൂടി തീയേറ്ററില്‍ എത്താം എന്ന് മനക്കോട്ട കെട്ടി പ്രിന്റ്‌ ചെയ്യാനുള്ള മാറ്റര്‍ ഈ കഥയിലെ നായകനായ പ്രസ്‌ ഓണര്‍നെ ഏല്‍പ്പിച്ചു...!

പുള്ളിക്കാരന്‍ മാറ്റര്‍ ടൈപ്പ് ചെയ്തു ലേയൌട്ട് ഒക്കെ സെറ്റ് ചെയ്യുന്നു... മൊബൈല്‍ ഫോണില്‍ തുരു തുരാ കോള്‍ വരുന്നുണ്ട്... അവസാനം മൂപ്പര് ഒരു കോള്‍ അറ്റെണ്ട്‌ ചെയ്തു...

"ഡേയ്...! ഞ്ഞ്യാ അങ്ങോട്ട്‌ വന്നോണ്ടിരിക്കണത്. ഇവിട ഫയങ്കര ട്രാഫിക്‌ ബ്ലോക്ക്കെഡേയ്!... വ്വാ ഞായ് ട്രാഫിക്‌ ബ്ലോക്കീ നിക്കണന്ന്...!"

കര്‍ത്താവേ പ്രസ്സിനകത്ത് ട്രാഫിക്‌ ബ്ലോക്ക്‌!! പക്ഷെ, ഭാവ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല !

10 മിനിറ്റ് കൊണ്ട് പുള്ളി പണിയൊക്കെ തീര്‍ത്തു പ്രിന്റ്‌ കൊടുത്തു... ഹാവൂ ഇനി ഒരു പത്തു മിനിറ്റ് പ്രിന്റ്‌ എടുക്കാന്‍... ഇതിനിടയ്ക്ക് മൂപര്‍ വണ്ടിയും കൊണ്ട് വിളിച്ച ആളുടെ അടുത്തേയ്ക്ക് വിട്ടിരുന്നു... 10 മിനിറ്റ് കൊണ്ട് പ്രിന്റിങ്ങും പാക്കിങ്ങും എല്ലാം കഴിഞ്ഞു.

സമയം 5:30 !

പോവാന്‍ ഇറങ്ങി. ബൈകിന്റെ ചാവി കാണാനില്ല! ഇടയ്ക്ക് എപ്പോഴോ പോക്കറ്റില്‍ നിന്ന് എടുത്തുമേശപ്പുറത്തു വച്ചത് ഓര്‍മയുണ്ട്. ഞാനും പ്രസ്സിലെ ജോലിക്കാരും അവിടെമാകെ അരിച്ചു പെറുക്കി...

അപ്പോഴാണ്‌ നായകനെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് എനിക്ക് തോന്നിയത്... നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു...

ഭാഗ്യം! മൂപ്പരുടെ കയ്യില്‍ ഉണ്ട് ! മൂപരുടെ വണ്ടിയുടെ ചാവി ആണെന്ന് കരുതി എന്റെ ചാവി കൂടി എടുത്തു പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് പോയത്.

"ചേട്ടാ അത്യാവശ്യമാണ് ചേട്ടന്‍ ആ ചാവി ഒന്ന് കൊണ്ട് വന്നു തന്നിട്ട് തിരിച്ചു പോവണേ..."

എല്ലാം സമ്മതിച്ച് പുള്ളിക്കാരന്‍ ഫോണ്‍ വച്ചു. കൂട്ടുകാരെ വിളിച്ചു ടിക്കറ്റ്‌ എടുത്തോ... ഇപ്പൊ എത്തിയേക്കാം എന്ന് പറഞ്ഞു.

സമയം അര മണിക്കൂര്‍ കഴിഞ്ഞു ആളെ കാണാനില്ല. ഞാന്‍ വിളിച്ചപ്പോള്‍ ഇറങ്ങിയിട്ട് 10 മിനിറ്റ് ആയിരുന്നില്ല.

ഞാന്‍ പിന്നെയും വിളിച്ചു...

"വ്വാ ഞാന്‍ അങ്ങോട്ട്‌ തിരിച്ചു വന്നോണ്ടിരിക്കണത് ഇവിടെ ഫയങ്കര ട്രാഫിക്‌ ബ്ലോക്ക്‌! "

ഓഹോ...! എനിക്കിട്ടും പണിതു... അല്ലേ...!!!

ബ്ലോക്ക്‌ എല്ലാം അതിജീവിച്ച്, മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് ആ മഹാനായ മനുഷ്യന്‍ എത്തിയപ്പോള്‍ സമയം 7:45 !!

ആദ്യത്തെ ട്രാഫിക്‌ ബ്ലോക്ക്‌ പോലെ തന്നെ! യാതൊരു ഭാവ വ്യത്യാസവും ഇല്ല!

ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. താക്കോല്‍ തിരിച്ചു കിട്ടിയല്ലോ... ചാവി എടുത്തു മേശപ്പുറത്തു വച്ച സമയത്തെയും ശപിച്ചു കൊണ്ട് ഞാന്‍ ഒരു മെസ്സേജ് അയച്ചു...

"ഡാ, സിനിമ കഴിയുമ്പോള്‍ വിളിക്ക് ഞാന്‍ ഗാന്ധി പാര്‍കില്‍ ഉണ്ടാവും "






4 comments:

msntekurippukal പറഞ്ഞു...

മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഓരോ ഗുണങ്ങളേയ്യ്

ബയാന്‍ പറഞ്ഞു...

"ഡാ, സിനിമ കഴിയുമ്പോള്‍ വിളിക്ക് ഞാന്‍ ട്രാഫിക്ക് ബ്ലോക്കില്‍ കാണും” എന്നായിരുന്നു പറയേണ്ടിയിരുന്നത്.

Typist | എഴുത്തുകാരി പറഞ്ഞു...

ഏഴേമുക്കാലിനെങ്കിലും തിരിച്ചുകിട്ടിയല്ലോ, ഒൻപതും പത്തുമൊന്നുമാവാതെ. അതു തന്നെ ഭാഗ്യം.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഹ ഹ ഹാ...ഇതു വല്ലാത്തൊരു മൊബൈല്‍ യുഗം തന്നെ.